ബംഗളൂരു സ്വദേശിയായ അക്ഷയ് കുമാർ തന്റെ ജീവിതരീതിയിൽ വലിയ മാറ്റങ്ങൾ വരുത്താതെ അനാവശ്യമായ ചെറിയ ചിലവുകൾ ഒഴിവാക്കിക്കൊണ്ട് എങ്ങനെ മാസാമാസം പണം ലാഭിക്കുന്നു എന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു, ഇതിനെതുടർന്ന് സമൂഹ മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
തനിക്ക് എങ്ങനെയാണ് അനാവശ്യ ചെലവുകൾ കുറയ്ക്കാൻ സാധിച്ചതിനെകുറിച്ചും അതിലെക്ക് നയിച്ച ശീലങ്ങളുമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. സുഹൃത്തുക്കൾക്കും മറ്റും ഒപ്പം നിൽക്കാൻ വേണ്ടി മാത്രം ഫോണുകളോ മറ്റ് ഗാഡ്ജെറ്റുകളോ അപ്ഗ്രേഡ് ചെയ്യുന്നത് അദ്ദേഹം നിർത്തി. പബ്ബുകളിലും കഫേകളിലും പോകുന്നതിന് പകരം ആസൂത്രണം ചെയ്ത ചിലവുകൾ മാത്രം നടത്താൻ തുടങ്ങി. ഇത് വാരാന്ത്യങ്ങളിലെ അമിത ചിലവ് തടയാൻ സഹായിച്ചു. ഓൺലൈൻ ഡെലിവറികളും സബ്സ്ക്രിപ്ഷനുകളും കുറച്ചു. ഉപയോഗിക്കാത്ത ആപ്പുകളുടെ സബ്സ്ക്രിപ്ഷനുകൾ റദ്ദാക്കി.
കൂടാതെ, ദിവസേനയുള്ള ചെറിയ ഓൺലൈൻ പർച്ചേസുകളും ഒഴിവാക്കി.യാത്രകൾക്കായി കാർപൂളിംഗ് ഉപയോഗിച്ചു. ദിവസേനയുള്ള യാത്രകൾക്ക് ഒറ്റയ്ക്കുള്ള ക്യാബ് യാത്രകൾ ഒഴിവാക്കി.പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കുറച്ചു. ഇടയ്ക്കിടെയുള്ള പുറത്തുനിന്നുള്ള ഓർഡറുകൾ കുറയ്ക്കുകയും, ലഘുഭക്ഷണങ്ങൾ വീട്ടിൽ തന്നെ സൂക്ഷിക്കുകയും ചെയ്തു.
തന്റെ ചെലവു ചുരുക്കൽ പദ്ധതിയും ശീലങ്ങളും തന്നെ വളരെയധികം സഹായിച്ചതായും, അതുകാരണം ജീവിതരീതികളിൽ വലിയ രീതിയിൽ മാറ്റങ്ങൾ വന്നതായും അക്ഷയ് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ പലരും ഇതെങ്ങനെ സംഭവിച്ചു എന്നുള്ള ചോദ്യങ്ങളാണ് കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നത്.
