ബിരിയാണിയും കിണ്ണത്തപ്പവും ചപ്പാത്തിയുമെല്ലാം വന്‍ഹിറ്റ് ! ക്രിസ്മസ് കേക്കിലൂടെ നവംബറില്‍ മാത്രം നേടിയത് 11 ലക്ഷം രൂപ; വിയ്യൂര്‍ ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുന്നതിങ്ങനെ…

സംസ്ഥാനത്തെ ജയിലുകളില്‍ നിര്‍മിക്കുന്ന ചപ്പാത്തിയും ബിരിയാണിയും പ്രശസ്തമായിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റു ജയിലുകളെ കടത്തിവെട്ടുകയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. വിയ്യൂരിലെ ഭക്ഷ്യേല്‍പാദന യൂണിറ്റ് വഴി ഈ വര്‍ഷം ഇതുവരെ നേടിയത് ഒരു കോടി രൂപയാണ്. നവംബറിലെ മാത്രം വരുമാനം 11 ലക്ഷം. ക്രിസ്മസ്- ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് ആദ്യമായി പരീക്ഷിച്ച പ്രീമിയം കേക്കിനു പ്രിയമേറിയതോടെ ഉല്‍പാദനം കൂട്ടി. ജയിലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനത്തിന്റെ പാതിയും ചെലവഴിക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തിലും മുന്നേറാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ.

വിയ്യൂരിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ തയാറാക്കുന്ന ബിരിയാണിയും ചപ്പാത്തിയും അടക്കമുള്ള ജയില്‍ വിഭവങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ് ഇത്തവണ ക്രിസ്മസ്- ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് പ്രീമിയം കേക്കിന്റെ നിര്‍മാണവും ആരംഭിച്ചത്. നിര്‍മാണം തുടങ്ങിയ ബനാന ഫ്രൂട്ട് പ്രീമിയം കേക്കും ഗ്രേപ്സ് ഫ്രൂട്ട് പ്രീമിയം കേക്കും ചൂടപ്പംപോലെയാണ് വിറ്റു തീര്‍ന്നത്. 300 ഗ്രാം തൂക്കമുള്ള രണ്ടുതരം പ്രീമിയം കേക്കുകളും 230 രൂപ നിരക്കിലാണു വില്‍പ്പന. ഇന്നലെ മാത്രം 200 എണ്ണം ചെലവായി.

ഇതോടെ ഇന്നുമുതല്‍ എണ്ണം കൂട്ടാനാണു തീരുമാനം. പുതുവര്‍ഷ ദിനാഘോഷംവരെ നിര്‍മാണം നീളും. കൃത്രിമത്വമില്ലാതെ ശുദ്ധമായ പഴച്ചാറില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളെന്ന നിലയിലാണ് കേക്ക് ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. ബേക്കറി യൂണിറ്റില്‍നിന്നും വില്‍പ്പന നടത്തിയിരുന്ന പ്ലം കേക്ക്, കപ്പ് കേക്ക് എന്നിവ ഏറെ ജനപ്രിയമായതോടെയാണ് ഇത്തവണ പ്രീമിയര്‍ കേക്ക് നിര്‍മാണത്തിലേക്ക് കടന്നത്. മലബാറിന്റെ തനതുവിഭവമായ കിണ്ണത്തപ്പ നിര്‍മാണവും അടുത്തിടെ ആരംഭിച്ചിരുന്നു.

ഭക്ഷ്യ നിര്‍മാണ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന തടവുകാര്‍ക്ക് ദിനംപ്രതി 127 മുതല്‍ 170 രൂപവരെയാണു വേതനം. മാസാവസാനം ഇത് നല്‍കും. പകുതി വീട്ടാവശ്യത്തിന് ഉപയോഗിക്കാനും പകുതി തുക തടവുകാരന്റെ സമ്പാദ്യമായി സൂക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണു ക്രമീകരണം. തടവുകാരന്റെ മോചനസമയത്ത് സമ്പാദ്യം നല്‍കുന്നതു വഴി അയാളുടെ പിന്നീടുള്ള ജീവിതം സുരക്ഷിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സൈറ്റായ സ്വിഗ്ഗിയില്‍ ഫ്രീഡം ഫുഡ് ഫാക്ടറി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെളിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അകത്തു നിന്നും ഭക്ഷണം ലഭിക്കുമെന്നു ചുരുക്കം.

Related posts