കൊച്ചി: വര്ഷങ്ങള്ക്കു മുമ്പ് ആലുവ പാലസിലിരുന്നു ദേ മാവേലിക്കൊമ്പത്തിന്റെ സ്ക്രി്പ്റ്റ് തയാറാക്കുകയായിരുന്നു ഹരിശ്രീ യൂസഫ്. നാദിര്ഷായുടെ ദേ മാവേലി കൊമ്പത്ത് എന്ന് കോമഡി കാസറ്റിലെ കോമഡി എഴുത്തുകാരില് ഒരാളായിരുന്നു ഹരിശ്രീ യൂസഫ്.
അതിലെ രാഷ്ട്രീയ കോമഡികളില് അച്യുതാനന്ദനെ അനുകരിച്ചിരുന്നതും ഇദ്ദേഹം തന്നെയായിരുന്നു. രാത്രി ഭക്ഷണം കഴിക്കാനായി താഴേക്ക് ഇറങ്ങിയപ്പോള് “ആ ബാഗ് മുറിയിലേക്ക് എടുത്തു വയ്ക്കൂ’ എന്ന പറയുന്ന പരിചിത ശബ്ദം കേട്ട് യൂസഫ് നോക്കി. കണ്മുന്നില് താന് പല വേദികളിലും അനുകരിക്കുന്ന അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന് മുന്നില് നില്ക്കുന്നതു കണ്ട് ഞെട്ടി.
ഒരു ബനിയനും മുണ്ടും ധരിച്ച് സാധാരണക്കാരനെ പോലെ നില്ക്കുന്ന അദ്ദേഹത്തെ പിറ്റേന്ന് ഹരിശ്രീ യൂസഫ് മുറിയില് ചെന്നു കണ്ടു. “പരിപാടി കാണാറുണ്ട്, കാണാറുണ്ട്, നന്നായിട്ടുണ്ട് എന്ന് അദ്ദേഹം യൂസഫിന്റെ തോളില് തട്ടി പറഞ്ഞു. വര്ഷങ്ങള്ക്കിപ്പുറം ഇന്നും അതൊരു വലിയ അംഗീകാരമായിട്ടാണ് ഹരിശ്രീ യുസഫ് കാണുന്നത്.
കഴിഞ്ഞ 27 വര്ഷക്കാലം മുന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അപരനായി മിമിക്രി വേദികളില് തിളങ്ങിയ ഹരിശ്രീ യൂസഫ് ഇന്ന് ആ ഓര്മകളില് തേങ്ങുകയാണ്. 1992 ല് വി.എസ്. പ്രതിപക്ഷ നേതാവായ കാലത്താണ് ഹരിശ്രീ യൂസഫ് അദ്ദേഹത്തെ അനുകരിച്ചു തുടങ്ങിയത്. 2019ല് അച്യുതാനന്ദന് വിശ്രമ ജീവിതത്തിലേക്ക് കടന്നതോടെ യൂസഫ് അദ്ദേഹത്തെ അനുകരിക്കുന്നത് ഒഴിവാക്കി. ഒരു കാലത്ത് തനിക്ക് വരുമാന മാര്ഗമായിരുന്ന പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന് നാളെ ഹരിശ്രീ യുസഫ് ആലപ്പുഴയ്ക്കു പോകും.
സീമ മോഹന്ലാല്