ബഹിരാകാശത്ത് നിന്നും ഉത്തരകൊറിയയ്ക്ക് അമേരിക്കയെ ആക്രമിക്കാനാവും ? അങ്ങനെ സംഭവിച്ചാല്‍ പിന്നെ അമേരിക്ക ഇല്ല; ഉത്തരകൊറിയ കരുക്കള്‍ നീക്കുന്നതിങ്ങനെ…

kim600ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ലോകത്തെ ആണവയുദ്ധത്തിന്റെ ഭീതിയിലാഴ്ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആണവാക്രമണം സംഭവിച്ചാല്‍ രക്ഷപ്പെടാനുള്ള ഷെല്‍ട്ടറുകളുടേയും എയര്‍ പ്യൂരിഫെയറുകളുടേയും റേഡിയേഷന്‍ തടയുന്ന ഉപകരണങ്ങളുടേയും കച്ചവടം ജപ്പാനില്‍ പൊടി പൊടിയ്ക്കുന്നതും ഇതിന്റെ പ്രതിഫലനമാണ്. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ അവസ്ഥയാണ് ജപ്പാന്‍കാരെ ഇതിനായി പ്രേരിപ്പിച്ചത്. എന്നാല്‍ താരതമ്യേന സുരക്ഷിതമായ അകലത്തിലാണ് അമേരിക്കയെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ ഉത്തരകൊറിയ ബഹിരാകാശത്തു നിന്നും ആണവാക്രമണം നടത്തിയാല്‍ അമേരിക്ക നിരായുധരാകുമെന്നതാണ് യാഥാര്‍ഥ്യമെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരകൊറിയ ഇത്തരമൊരു ബഹിരാകാശ ആക്രമണത്തിനു തുനിഞ്ഞാല്‍ നിലവിലെ എല്ലാ അമേരിക്കന്‍ പ്രതിരോധങ്ങളും തകര്‍ന്നു തരിപ്പണമാകുമെന്നും വിലയിരുത്തപ്പെടുന്നു. കരമാര്‍ഗം അമേരിക്ക വരെയെത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ ഇതുവരെ കിം ജോങ് ഉന്‍ പരീക്ഷിച്ചിട്ടില്ല. അതേസമയം, അത്യാധുനിക ശേഷിയുള്ള റോക്കറ്റ് എന്‍ജിനുകളുടെ പരീക്ഷണം കഴിഞ്ഞ ദിവസങ്ങളിലും ഉത്തരകൊറിയ നടത്തിയിരുന്നു. അതെ, മിസൈല്‍ വഴി സാറ്റലൈറ്റുകളെ ബഹിരാകാശത്തെത്തിക്കാന്‍ ഉത്തര കൊറിയക്കു സാധിക്കുമെന്ന് ചുരുക്കം. നിലവില്‍ രണ്ട് ഉത്തരകൊറിയന്‍ സാറ്റലൈറ്റുകള്‍ ഭൂമിയെ വലം വെക്കുന്നുണ്ട്.

സാറ്റലൈറ്റ് എന്ന വ്യാജേന അണുബോംബ് ബഹിരാകാശത്തെത്തിച്ച് വേണ്ട പോലെ ഉപയോഗിക്കാനും ഉത്തരകൊറിയക്കു സാധിച്ചേക്കും. ഭൂമിക്ക് മുകളില്‍ 300 മൈല്‍ ഉയരത്തില്‍ വെച്ച് ആണവസ്‌ഫോടനം നടത്തിയാല്‍ അമേരിക്കയ്ക്ക് വന്‍ ആഘാതമാവുമെന്നാണ്് വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കൊന്നും ഇങ്ങനെയൊരു ആക്രമണത്തെ നേരിടാനുള്ള ശേഷിയില്ല. പരമാവധി 150 മൈല്‍ ഉയരത്തിലുള്ള മിസൈലുകളാണ് ഇത്തരം സംവിധാനത്തിന്റെ പരിധിയില്‍ വരിക. ഈ മിസൈല്‍ പ്രതിരോധത്തിന്റെ പരിധിക്ക് പുറത്ത് വെച്ച് തന്നെ ആക്രമണം നടത്താനാകുമെന്നതാണ് പ്രത്യേകത. ഉത്തരകൊറിയന്‍ മുങ്ങിക്കപ്പലുകള്‍ക്ക് അമേരിക്കന്‍ തീരം ലക്ഷ്യമിടാമെന്നതും ഭീഷണിയുയര്‍ത്തുന്നു.

ഇത്തരമൊരു ആക്രമണത്തിന്റെ പരിണിതഫലം വളരെ വലുതായിരിക്കും. ആള്‍ നാശത്തിനൊപ്പം വിവരസാങ്കേതിക സംവിധാനങ്ങളേയും ബാങ്കിങ്, ഫിനാന്‍സ് മേഖലയേയും ഗതാഗത സംവിധാനത്തേയുമെല്ലാം ഇതു തകരാറിലാക്കും. ഭക്ഷണവും വെള്ളവും കിട്ടാക്കനിയാകുന്നതോടെ സാധാരണക്കാര്‍ വലയും. ആണവാക്രമണം സംഭവിച്ചാലുള്ള നഷ്ടത്തെ പണത്തിന്റെ മൂല്യം കൊണ്ട് കണക്കാക്കാനാകില്ല. ഇതിന്റെ ദുരന്തങ്ങള്‍ തലമുറകള്‍ അനുഭവിക്കേണ്ടി വരുമെന്നും. ഹിരോഷിമയും നാഗസാക്കിയും തന്നെ ഉദാഹരണങ്ങള്‍.

Related posts