പൂരം കാണാന്‍ പള്‍സറുമെത്തിയിരുന്നു; ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി; ദൃശ്യങ്ങള്‍ പുറത്ത്

pulser600തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്ന നടന്‍ ദിലീപിന്‍റെ വാദം പൊളിയുന്നു. ദിലീപിന്റേതായി  പുറത്തിറങ്ങിയ അവസാന ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിന്‍റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്‍റെ ചിത്രങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസിന് ഫോട്ടോ ലഭിച്ചത്.

2016 നവംബര്‍ 13ന് ഒരേ ടവറിനു കീഴില്‍ ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുണ്ടായിരുന്നു. ഈ സമയം തൃശൂര്‍ നഗരത്തിലെ പ്രമുഖ ക്ലബ്ബില്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്‍റെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. ഇവിടെനിന്ന് ക്ലബ്ബിലെ ജീവനക്കാര്‍ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളിലാണ് പള്‍സര്‍ സുനി ഇടംപിടിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയത്. ആക്രമിക്കപ്പെട്ട നടി ഈ ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ എത്തുന്നുണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ചിത്രം ലഭിച്ചതോടെ ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തി.പള്‍സര്‍ സുനി ജയിലില്‍നിന്നു കൊടുത്തയച്ച കത്തില്‍ ദിലീപുമായുള്ള ബന്ധം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് ചിത്രം ലഭിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാരെടുത്ത മുഴുവന്‍ ചിത്രങ്ങളും പോലീസ് പരിശോധിച്ചെന്നാണു സൂചന.

Related posts