ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിക്കാനൊരുങ്ങിയപ്പോള്‍ യുവതി നേരിട്ട് കല്ല്യാണപന്തലിലെത്തി, കയ്യോടെ പൊക്കി! സത്യാവസ്ഥ വിവരിച്ച് തെളിവുകള്‍ ഹാജരാക്കിയപ്പോള്‍ വധുവിന്റെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വരനെ പഞ്ഞിക്കിട്ടു; സംഭവമിങ്ങനെ

വിവാഹ തട്ടിപ്പു വീരന്മാര്‍ തലങ്ങും വിലങ്ങും വിലസുന്ന നാടാണ് കേരളം. എന്നാല്‍ കേരളത്തിന് പുറത്തും ഇത്തരം തട്ടിപ്പുകള്‍ അനവധി നടക്കുന്നുണ്ട്. എന്നിരുന്നാലും അടുത്തകാലത്തായി വിവാഹത്തട്ടിപ്പുകാര്‍ക്ക് അത്ര നല്ല സമയമല്ല. വിവാഹത്തട്ടിപ്പുകള്‍ ഒന്നിനുപുറകേ ഒന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. സ്വന്തം ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചത് ഭാര്യ കയ്യോടെ പിടിച്ച സംഭവമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സംഭവമിങ്ങനെ…

സ്വന്തം ഭര്‍ത്താവ് രണ്ടാമത് കല്യാണം കഴിക്കുന്നതറിഞ്ഞാണ് യുവതി നേരിട്ട് കല്യാണപന്തലിലെത്തി കല്യാണം മുടക്കി. വരന്‍ നേരത്തെ ഒന്ന് വിവാഹം കഴിച്ചതാണെന്ന് അറിയിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ ഇയാളെ തല്ലിച്ചതയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും വൈറലാണ്.

നൈനിറ്റാളിലെ കല്യാണപന്തലില്‍ ചടങ്ങുകള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്. ഈ കല്യാണത്തിലെ വരന്‍ തന്നെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ചതാണെന്ന വാദവുമായി ഒരു യുവതിയും അവരുടെ ബന്ധുക്കളുമാണ് എത്തിയത്. പിന്നീട് വന്‍ ബഹളമാണ് ഉണ്ടായത്.

ആദ്യം വധുവിന്റെ വീട്ടുകാര്‍ ഇക്കാര്യം വിശ്വസിച്ചില്ല. എന്നാല്‍ 2012 മുതല്‍ തമ്മില്‍ ഇഷ്ടപ്പെട്ട ശേഷം ഒക്ടോബറില്‍ വിവാഹിതരായതിന്റെ രേഖകള്‍ ഉള്‍പ്പെടെ യുവതി ഹാജരാക്കിയതോടെ സംഭവത്തിന്റെ ഗതി മാറുകയായിരുന്നു. വരന്‍ നേരത്തെ ഒന്ന് കെട്ടിയതാണെന്ന് വധുവോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. വരനെ വധുവിന്റെ വീട്ടുകാര്‍ വളഞ്ഞിട്ട് തല്ലി.

ഇയാളിപ്പോള്‍ നൈനിറ്റാളിലെ ബിഡി പാണ്ഡേ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് സാരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പിന്നീട് മൂന്ന് കുടുംബങ്ങളും കൂടി പ്രശ്നപരിഹാരത്തിന് മല്ലിറ്റാള്‍ പോലീസ് സ്റ്റേഷനില്‍ ഒത്തുചേര്‍ന്നെങ്കിലും അവിടെയും ബഹളമായിരുന്നു. വാഗ്വാദത്തിന് ശേഷം വരന്റെ കുടുംബക്കാര്‍ മയപ്പെട്ടു.

ഒത്തുതീര്‍പ്പിന് നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് വധുവിന്റെ കുടുംബം 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. കല്യാണത്തിന് ചിലവായ തുകയും, നേരിട്ട അപമാനവും കണക്കിലെടുത്താണ് തുക നിശ്ചയിച്ചത്. 2 ലക്ഷം രൂപ പോലീസ്സ്‌റ്റേഷനില്‍ വച്ചുതന്നെ വധുവിന്റെ കുടുംബം കൈപ്പറ്റി. ബാക്കി തുക കടം പറഞ്ഞ് വരന്റെ വീട്ടുകാരും പിരിഞ്ഞുപോയി. 18 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് പോലീസ് സാന്നിധ്യത്തില്‍ വധുവിന്റെ വീട്ടുകാര്‍ എഴുതി ഒപ്പിട്ടുനല്‍കിയിട്ടുണ്ട്. നിലവില്‍ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

Related posts