പത്തനംതിട്ട: തദ്ദേശതെരഞ്ഞടുപ്പിനു പിന്നാലെ എല്‍ഡിഎഫിലും സിപിഎമ്മിലും പൊട്ടിത്തെറി. സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് കെ.സി. രാജഗോപാല്‍ ഏരിയാ സെക്രട്ടറിക്കെതിരേ നടത്തിയ പരസ്യ പ്രസ്താവന പാര്‍ട്ടിയില്‍ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്.
കെസിആറിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നു. നേതാക്കളെ സുഖിപ്പിക്കുന്നവര്ക്കാണ് പാര്‍ട്ടിയില്‍ ഇന്നു സ്ഥാനമെന്ന തരത്തില്‍ കെ.സി. രാജഗോപാല്‍ നടത്തിയ പ്രസ്താവനയും ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു.
മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മത്സരിച്ച കെസിആറിന് ലഭിച്ചത് വെറും 28 വോട്ടുകളുടെ ഭൂരിപക്ഷം. 2020-ല്‍ 92 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎം വിജയിച്ച വാര്‍ഡിലാണ് പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് കെ.സി. രാജഗോപാല്‍ മത്സരിച്ചപ്പോള്‍ നിസാര വോട്ടുകള്‍ക്ക് കടന്നു കൂടിയത്. പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്റ്റാലിനാണ് തന്നെ തോല്പിക്കാന് പരസ്യമായി കരുക്കള്‍ നീക്കിയതെന്ന് കെസിആര്‍ തുറന്നടിച്ചു.
സിപിഐക്കും പരാതി
പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ സിപിഐയെ പലയിടത്തും സിപിഎം വഞ്ചിച്ചതായി ആരോപണം. സിപിഐ മത്സരിച്ച പല വാര്‍ഡുകളിലും സിപിഎം കാലുവാരിയെന്നാണ് ആക്ഷേപം. പത്തനംതിട്ട, അടൂര്‍, പന്തളം നഗരസഭ വാര്‍ഡുകളില്‍ പ്രകടമായ കാലുവാരല്‍ ഉണ്ടായി. കോണ്‍ഗ്രസും സിപിഐയും എസ്ഡിപിഐയും മത്സരിച്ച പത്തനംതിട്ട നഗരസഭ വാര്‍ഡുകളില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് തുച്ഛമായ വോട്ടുകളാണ് ലഭിച്ചത്.
പന്തളം നഗരസഭയിലെ ടൗണ്‍ വാര്‍ഡില്‍ സിപിഐിലെ ഡോ. അജിത്ത് ആര്. പിള്ളയ്ക്കു ലഭിച്ചത് വെറും 84 വോട്ടുകള്‍ മാത്രം. ഇവിടെ 271 വോട്ടുകള്‍ നേടി എന്‍ഡിഎ സ്ഥാനാര്‍ഥി കെ.ആര്. രവിയാണ് വിജയിച്ചത്. യുഡിഎഫില്‍ ആര്‍എസ്പിക്കായിരുന്നു സീറ്റ്. ആര്‍എസ്പി സ്ഥാനാര്‍ഥി കെ.എസ്. ശിവകുമാറിനു ലഭിച്ചത് 190 വോട്ടുകള്‍. സിപിഎം വോട്ടുകള്‍ ബിജെപിയിലേക്കും ആര്എസ്പിയിലേക്കും പോയെന്നാണ് ആരോപണം.
ഇത്തരം വോട്ടുമറിക്കല്‍ പലയിടത്തും ആവര്‍ത്തിച്ചതായാണ് സിപിഐയുടെ വാദം. ഗ്രാമ പഞ്ചായത്ത് തലത്തിലും സിപിഐ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ സിപിഎം ശ്രമിച്ചു. കോയിപ്രം പഞ്ചായത്ത് എട്ടാം വാര്‍ഡ് ഇതിന് ഉദാഹരണമായി സിപിഐ ചൂണ്ടിക്കാട്ടുന്നു.
സിപിഐക്ക് വാര്‍ഡ് ലഭിച്ചതോടെ സിപിഎം പ്രചാരണ രംഗത്തു നിന്നും പിന്മാറി. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകനായ വിജയകുമാറിനെ വിമതനായി കളത്തിലിറക്കി. സിപിഎം വിജയകുമാറിന് പൂര്‍ണ പിന്തുണ നല്കി. ഫലം വന്നപ്പോള്‍ 160 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയകുമാര്‍ വിജയിച്ചു. സിപിഐ സ്ഥാനാര്‍ഥി മൂന്നാമതായി.
ജില്ലാ പഞ്ചായത്തിലും സിപിഎം കാലുവാരിയതായി സിപിഐ ആരോപിക്കുന്നു. പാര്‍ട്ടിയുടെ അഭിമാന ഡിവിഷനായിരുന്നു പള്ളിക്കല്‍. സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ ശ്രീനാദേവി കുഞ്ഞമ്മയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.
അവരെ ഏതു വിധേനയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ ഡിവിഷനില്‍ ശ്രീലത രമേശിനെ മത്സര രംഗത്തിറക്കിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ 196 വോട്ടുകളുടെ വ്യത്യാസത്തില്‍ ശ്രീലത രമേശ് തോറ്റു. വരും ദിവസങ്ങളില്‍ ഇത് മുന്നണി ബന്ധത്തെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
