ഉത്തരം നല്‍കിയേ മതിയാകൂ..! ജവാന് മാനസിക അസ്വാസ്ഥ്യമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് തോക്ക് നല്‍കിയതെന്ന് ഭാര്യ

army-largeഛണ്ഡിഗഡ്: തന്റെ ഭര്‍ത്താവിന് മാനസിക അസ്വാസ്ഥ്യമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് സൈന്യം തോക്കും ബോംബും നല്‍കി അതിര്‍ത്തിയിലേക്ക് അയച്ചതെന്ന് ജവാന്‍ തേജ് ബഹാദൂറിന്റെ ഭാര്യ. തേജ് ബഹാദൂറിന്റെ  ഭാര്യ ഷര്‍മ്മിളാ യാദവാണ് ഭര്‍ത്താവിനെ ന്യായീകരിച്ചത്.  സൈന്യത്തില്‍ മതിയായ ഭക്ഷണം കിട്ടുന്നില്ലെന്നും പട്ടിണി കിടന്ന് അതിര്‍ത്തി കാക്കേണ്ട ഗതികേടിലാണെന്നും വിളിച്ചു പറഞ്ഞ സൈനികനെ മാനസികരോഗിയാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരേയാണ് ഭാര്യ രംഗത്ത് വന്നത്. അനീതിയോട് പ്രതികരിക്കുക എന്നത് ഭര്‍ത്താവിന്റെ സ്വഭാവമാണെന്നും സത്യം പറഞ്ഞതിന് മുന്പും അദ്ദേഹത്തെ ബിഎസ്എഫ് ശിക്ഷിച്ചിട്ടുണ്ടെന്നും സര്‍വീസ് കാലത്ത് അദ്ദേഹം എല്ലാം സഹിക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇവര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ഭര്‍ത്താവ് ബിഎസ്എഫില്‍ പ്രവേശിക്കും മുന്പ് പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ സ്വര്‍ണ്ണമെഡല്‍ നേടിയയാളാണ്. 20 വര്‍ഷത്തെ കരിയറിനിടയില്‍ അദ്ദേഹത്തെ ബിഎസ്എഫ് തന്നെ 14 പുരസ്‌ക്കാരം നല്‍കി ആദരിച്ചയാളാണെന്നും പറഞ്ഞു.

ബിഎസ്എഫ് എന്നാല്‍ അച്ചടക്കമുള്ള സംഘമാണ്. അതുകൊണ്ടു തന്നെ ചെറിയ തെറ്റുകള്‍ പോലും അവര്‍ക്ക് പൊറുക്കാനാകില്ല. ഇനി അദ്ദേഹത്തിന് മോശം റെക്കോഡാണ് ഉള്ളതെങ്കില്‍ എങ്ങനെ സൈന്യത്തില്‍ തുടരാനാകുമെന്നും ചോദിച്ചു. അദ്ദേഹത്തിന്റെ വിആര്‍എസ് അപേക്ഷ അംഗീകരിക്കപ്പെട്ടു. ജനുവരി 30വരെയെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാനാകൂ. മുന്പ് പല തവണയും മോശം ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രതികരിച്ചിരുന്നെന്നും സഹികെട്ടാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും പറഞ്ഞു.

തങ്ങള്‍ക്ക് കിട്ടുന്ന കരിഞ്ഞ പൊറോട്ടയുടേയും മഞ്ഞളും ഉപ്പും വാരിയിട്ട് നല്‍കുന്ന കറിയെ ക്കുറിച്ചും ബഹാദൂര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ ലോകം മുഴുവന്‍ ഏറ്റെടുത്തിരുന്നു. 90 ലക്ഷം പേര്‍ കണ്ട വീഡിയോ 4.4 ലക്ഷം പേര്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ തേജ് ബഹാദൂറിനെതിരേ ബിഎസ്എഫും ആരോപണവുമായി രംഗത്ത് വന്നിരുന്നു.

തേജ് ബഹാദൂര്‍ കടുത്ത മദ്യപാനിയും പല തവണ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയനായ ആളാണെന്നും ബിഎസ്എഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തേജ് ബഹാദൂറിന്റെ ഒരു സഹോദരന്‍ ഒഴികെ എല്ലാവരും ഗുജറാത്ത് പോലീസിലാണ്. ഒരു സഹോദരന്‍ ബിഎസ്എഫ് ജവാനാണ്.

Related posts