എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്കു ഭക്ഷണം നല്‍കുമായിരുന്നു ! അവര്‍ക്കെല്ലാം ഭക്ഷണം നല്‍കണമെന്ന് പപ്പ മരിക്കുന്നതിനു മുമ്പ് പറഞ്ഞിരുന്നു;തന്റെ മാതാപിതാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം പോലീസുകാരെന്ന് പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മകന്‍…

തന്റെ മാതാപിതാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം പോലീസുകാരെന്ന് പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മകന്‍. ചോറു കഴിച്ചു കൊണ്ടിരിക്കേ ഷര്‍ട്ടില്‍ പിടിച്ച് ഇറങ്ങെടാ എന്നു പറഞ്ഞു പോലീസ് പിതാവിനെ വിളിച്ചിറക്കി എന്ന ആരോപണമാണ് ദമ്പതികളുടെ ഇളയ മകന്‍ രഞ്ജിത്ത് ഉന്നയിക്കുന്നത്.

അമ്മയ്ക്കുകൂടി എന്തെങ്കെിലും സംഭവിച്ചാല്‍ ഞങ്ങള്‍ എന്തിന് ജീവിക്കുന്നുവെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു കരയുന്ന മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു.

അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പപ്പ തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്നു രാഹുല്‍ പറഞ്ഞു. പോലീസുകാര്‍ ലൈറ്റര്‍ തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നും ഇവര്‍ ആരോപിച്ചു. താമസിച്ചിരുന്ന സ്ഥലത്ത് തന്നെ മാതാപിതാക്കളെ അടക്കാന്‍ അനുവദിക്കണമെന്ന് രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

പോലീസിന്റെ സാന്നിധ്യത്തില്‍ രാജന്റെ മൃതദേഹം താമസിക്കുന്ന ഷെഡിനു സമീപം സംസ്‌കരിച്ചു. അമ്പിളിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് സംസ്‌കരിക്കും.

കഴിഞ്ഞ 22നുണ്ടായ ദുരന്തത്തില്‍ പൊള്ളലേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രാജന്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയും ഭാര്യ അമ്പിളി ഇന്നലെ വൈകിട്ടുമാണ് മരണത്തിന് കീഴടങ്ങിയത്. രാജന്റെ മരണാനന്തരചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കവേയാണ് അമ്പിളിയുടെയും മരണവാര്‍ത്ത എത്തുന്നത്.

ആത്മഹത്യാഭീഷണി മുഴക്കിയ രാജന്‍ കത്തിച്ചുപിടിച്ച ലൈറ്റര്‍ പോലീസ് തട്ടിമാറ്റിയപ്പോഴാണ് തീപിടിച്ചതെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മക്കളുടെ മുന്നില്‍വച്ചാണ് ഇരുവരുടെയും ദേഹത്തേക്ക് തീയാളിപ്പിടിച്ചത്.

സംഭവത്തില്‍ ഗ്രേഡ് എസ്.ഐ അനില്‍കുമാറിനും പൊള്ളലേറ്റിരുന്നു. പോലീസാണ് മരണത്തിന് ഉത്തരവാദിയെന്ന് മക്കള്‍ ആരോപിച്ചു. രാഹുല്‍, രഞ്ജിത്ത് എന്നിവരാണ് മക്കള്‍. രാജന്‍ ആശാരി പണിക്കാരനായിരുന്നു. തന്റെ മൂന്നുസെന്റ് പുരയിടം രാജന്‍ കൈയ്യേറിയതായി കാണിച്ച് അയല്‍വാസിയായ വസന്ത നല്‍കിയ പരാതിയിലാണ് ഒഴിപ്പിക്കല്‍ നടപടി ഉണ്ടായത്.

വസന്തയ്ക്ക് അനുകൂലമായി ഉത്തരവിട്ട നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഈ വസ്തുവില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് വ്യാപനകാലത്ത് രാജന്‍ ഇവിടെ കുടില്‍കെട്ടി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസമാക്കി.

കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസം മുന്‍പ് കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും രാജന്റെ എതിര്‍പ്പ് മൂലം നടന്നില്ല.

വീണ്ടും സ്ഥലമൊഴിപ്പിക്കാനായി കോടതി ഉത്തരവുമായി കോടതി ജീവനക്കാരെയും പോലീസിനെയും കൂട്ടി വസന്ത കഴിഞ്ഞ 22ന് ഉച്ചയ്ക്കു രാജന്റെ വീട്ടിലെത്തി. ചോറു കഴിച്ചു കൊണ്ടിരുന്ന കുടുംബത്തോട് വീട്ടില്‍നിന്നിറങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ഇതോടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം ലൈറ്റര്‍ കത്തിക്കുകയായിരുന്നു രാജന്‍.

സമീപത്ത് ഉണ്ടായിരുന്ന ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചു. പോലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും ലൈറ്റര്‍ പോലീസ് തട്ടിമാറ്റിയപ്പോഴാണ് തീ ആളിപ്പടര്‍ന്നതെന്നുമാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.

പപ്പാ, പപ്പാ എന്നു മക്കള്‍ അലറിക്കരയുന്നതും വിഡിയോയില്‍ കേള്‍ക്കാം. തീ ആളിപ്പടര്‍ന്നു നിലത്തുവീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ ഇരുവരും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.

പോലീസ് ലൈറ്റര്‍ തട്ടിയില്ലായിരുന്നെങ്കില്‍ തീകത്തി പടരില്ലായിരുന്നു എന്നാണ് ചികിത്സയില്‍ കഴിയവേ രാജന്‍ മൊഴിനല്‍കിയിട്ടുള്ളത്. പോലീസ് രാജനോടും കുടുംബത്തോടും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.

Related posts

Leave a Comment