മൂന്നാം തരംഗം ബാധിക്കുക കുട്ടികളെയോ ? വിറ്റാമിന്‍ ഗുളികകളും ഇമ്യൂണിറ്റി ബൂസ്റ്ററുകളും വാരിക്കോരി കഴിക്കുന്നവരോടു ആരോഗ്യ വിദഗ്ധര്‍ക്ക് പറയാനുള്ളത്…

കോവിഡ് മൂന്നാം തരംഗം കുട്ടികളെയാവും ബാധിക്കുകയെന്ന പ്രചാരണം ശക്തമാണ്. ഇത് അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിക്കുമ്പോഴും രക്ഷിതാക്കള്‍ക്ക് സമാധാനമില്ല.

ഈ ആശങ്ക പലരെയും എത്തിക്കുന്നത് അശാസ്ത്രീയമായ വിറ്റാമിന്‍ ഉപയോഗത്തിലും ‘ഇമ്യൂണിറ്റി ബൂസ്റ്ററു’കളിലുമാണ്. ഇതിനെതിരെയും മുന്നറിയിപ്പു നല്‍കുകയാണ് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍.

പ്രതിരോധ ശക്തി വര്‍ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് മഹാമാരിക്കാലത്ത് വലിയ വില്‍പ്പനയുണ്ടായിട്ടുണ്ടെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പറയുന്നു.

വിറ്റാമിന്‍ ഗുളികളും പ്രതിരോധ ശക്തി കൂട്ടുമെന്ന അവകാശവാദവുമായി എത്തുന്ന ഉത്പന്നങ്ങളുമാണ് ഇതില്‍ മുന്നില്‍. ന്യൂട്രീഷനല്‍ സപ്ലിമെന്റ്സിനും നല്ല കച്ചവടമാണ്.

എന്നാല്‍ ഇതൊക്കെ അധികമായി കഴിക്കുന്നത്, കുട്ടികളില്‍ പ്രത്യേകിച്ചും ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കുറവുണ്ടെന്നു കണ്ടെത്തുന്ന വിറ്റാമിനുകളും മറ്റു പോഷകങ്ങളും കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് കൂടുതലായി കഴിച്ചതുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാനാവും എന്നതിനു തെളിവിന്റെ അടിസ്ഥാനമില്ലെന്നാണ് പീഡിയാട്രിക്‌സ് വിദഗ്ധര്‍ പറയുന്നത്.

ഇത്തരം അവകാശവാദങ്ങളുമായി ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ അവസരം മുതലാക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സപ്ലിമെന്റുകള്‍ അധികമായി കഴിച്ച് ആരോഗ്യ പ്രശ്നം വന്ന് ഇപ്പോള്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുന്ന സാഹചര്യമുണ്ട്. സിങ്ക്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി ഇതൊക്കെയാണ് കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കുന്നത്.

ഒപ്പം ആയുര്‍വേദ, പാരമ്പര്യ മരുന്നുകളുമുണ്ട്. രോഗപ്രതിരോധ ശേഷി കൂട്ടാനെന്നു പറഞ്ഞാണ് ഇതൊക്കെ കൊടുക്കുന്നത്. വിറ്റാമിന്‍ സിയും ഡിയുമെല്ലാം അധികമായി കഴിക്കുന്നത് വൃക്കയ്ക്കു കേടുപാടുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ഇന്‍ഫ്‌ളുവന്‍സ വാക്സിന്‍ കോവിഡിനെ പ്രതിരോധിക്കുമോ എന്ന അന്വേഷണവും വ്യാപകമായി ഇപ്പോള്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ടു ചില പഠന ഫലങ്ങള്‍ വന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ കോവിഡിനെതിരെ ഇന്‍ഫ്ളുവന്‍സ വാക്സിന്‍ എത്രത്തോളം ഫലപ്രദമെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ പറയുന്നു.

Related posts

Leave a Comment