മരിച്ച അമ്മയ്ക്കരികെ പട്ടിണി കിടന്നത് രണ്ടു നാള്‍ ! കോവിഡ് പേടിയില്‍ ആരും തിരിഞ്ഞു നോക്കിയില്ല; ഒടുവില്‍ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് പാലൂട്ടി വനിതാ കോണ്‍സ്റ്റബിള്‍മാര്‍

വീട്ടില്‍ മരിച്ചു കിടന്ന അമ്മയ്‌ക്കൊപ്പം ആരോരും നോക്കാനില്ലാതെ പിഞ്ചു കുഞ്ഞ് കഴിഞ്ഞത് രണ്ടു നാള്‍. കോവിഡ് ഭയന്ന് നാട്ടുകാരാരും ആ പരിസരത്ത് വരാഞ്ഞതോടെയാണ് ആണ്‍കുഞ്ഞ് മുഴുപ്പട്ടിണിയില്‍ രണ്ടു ദിവസം തള്ളിനീക്കിയത്.

ഒടുവില്‍ രക്ഷകരായി അവതരിച്ചതാവട്ടെ രണ്ടു വനിതാ കോണ്‍സ്റ്റബിള്‍മാരും. അവര്‍ കുഞ്ഞിനെ പാലൂട്ടുകയും ചെയ്തു. മഹാരാഷ്ട്രയിലെ പിമ്പ്രി ചിഞ്ച്വാഡിലാണ് രാജ്യത്തിനു നൊമ്പരമായ ഈ സംഭവം.

മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ജോലിക്ക് ഉത്തര്‍പ്രദേശിലായിരുന്നു. കോവിഡിനെ ഭയന്ന് വീട്ടിനുള്ളിലേക്കു കയറാന്‍ ആരും തയാറായില്ല.

ഒടുവില്‍ വീട്ടുടമയാണ് പോലീസിനെ വിളിച്ചുവരുത്തിയത്. പോലീസ് പൂട്ട് തകര്‍ത്ത് വീട്ടിലേക്കു കടന്നപ്പോഴാണ് മരിച്ച സ്ത്രീയെയും തൊട്ടടുത്ത് 18 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയും കാണുന്നത്.

കുട്ടിയെ എടുക്കാന്‍ നാട്ടുകാര്‍ മടിച്ചു. ഇതോടെയാണ് വനിതാ കോണ്‍സ്റ്റബിള്‍മാരായ സുശീല ഗബാലെയും രേഖ വസെയും അവനെ കോരിയെടുത്ത് പാലൂട്ടിയത്.

‘എനിക്കും രണ്ടു കുഞ്ഞുങ്ങളുണ്ട്. അവനെ കണ്ടപ്പോള്‍ എനിക്ക് അവരെപ്പോലെയാണ് തോന്നിയത്. ദാഹിച്ചുവരണ്ട അവന്‍ ഒത്തിരി പാല്‍ കുടിച്ചു’.സുശീല പറയുന്നു.

ചെറിയ പനിയുണ്ടെന്നു കണ്ടതോടെ കുഞ്ഞിനെ ഡോക്ടറുടെ അടുത്തെത്തിച്ചു. നന്നായി പാലൂട്ടാനായിരുന്നു ഡോക്ടര്‍ തന്ന ഉപദേശം. സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോഴാകട്ടെ, കുട്ടി നെഗറ്റീവ്.

അമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പരിശോധനാഫലം വന്നാലേ കോവിഡ് ബാധിച്ചാണോ മരണമെന്ന് സ്ഥിരീകരിക്കാനാകൂ എന്നും പോലീസ് വ്യക്തമാക്കി.

Related posts

Leave a Comment