തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണുന്നതിൽ ആരാധകർക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി. ഫൈനൽ മത്സരം തടസമില്ലാതെ ആസ്വദിക്കാൻ ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ ഏത് വിലകൊടുത്തും വൈദ്യുതി വാങ്ങുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള പോരാട്ടം ആവേശം ചോരാതെ കാണാൻ, കൂടുതൽ പണം മുടക്കി വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ തീരുമാനം.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതും, പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും വൈദ്യുതി വകുപ്പിന് വെല്ലുവിളിയായിരുന്നു. ഇതേതുടർന്ന് സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു.
എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും ഉപഭോക്താക്കളുടെ താത്പര്യം മുൻനിർത്തി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെഎസ്ഇബി അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
