പാവപ്പെട്ട ആരാധകര്‍ക്കൊപ്പം എടുക്കുമ്പോള്‍ മാത്രമേ സെല്‍ഫി സെല്‍ഫിഷ് ആകുകയുള്ളോ! പ്രമുഖരും പ്രശസ്തരുമായവര്‍ക്ക് ഇത് ബാധകമല്ലേ; യേശുദാസിന്റെ ചിരിച്ച് നില്‍ക്കുന്ന സെല്‍ഫികള്‍ കാണിച്ച് ആരാധകര്‍ ചോദിക്കുന്നു

ദേശീയചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ആരാധകനോടുളള ഗായകന്‍ യേശുദാസിന്റെ ദയയില്ലാത്ത പെരുമാറ്റം പ്രതിഷേധത്തിന് വഴിമാറിയിരുന്നു. തനിക്കൊപ്പം യുവാക്കളിലൊരാള്‍ സെല്‍ഫിയെടുത്തതാണ് യേശുദാസിനെ പ്രകോപിപ്പിച്ചത്. ആരാധകന്റെ കൈ തട്ടിമാറ്റിയ യേശുദാസ് പിന്നീട് തിരിഞ്ഞു നിന്ന് അയാളില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

സെല്‍ഫി ഈസ് സെല്‍ഫിഷ് എന്ന് പറഞ്ഞായിരുന്നു ആരാധകനില്‍ നിന്ന് യേശുദാസ് മൊബൈല്‍ പിടിച്ചുവാങ്ങിയത്. അവാര്‍ഡ് വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ നിന്നും ഗാനഗന്ധര്‍വന്‍ പുറപ്പെടുമ്പോഴായിരുന്നു സംഭവം. യേശുദാസ് ക്ഷുഭിതനായതോടെ ഫോട്ടോ എടുക്കാന്‍ വന്ന യുവാവ് പിന്തിരിഞ്ഞുവെങ്കിലും അദ്ദേഹം വിടാതെ പിന്തുടരുകയായിരുന്നു.

എന്നാല്‍ യേശുദാസ് വളരെ സന്തോഷത്തോടെ, ചിരിച്ചുകൊണ്ട് പോസ് ചെയ്തിട്ടുള്ള പലവിധ സെല്‍ഫികള്‍ ഒന്നൊന്നായി നിരത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍. ആരാധകര്‍ എടുക്കുമ്പോള്‍ മാത്രമാണോ സെല്‍ഫി സെല്‍ഫിഷ് ആയി തോന്നുന്നതെന്നും പ്രമുഖരും പ്രശസ്തരുമായവര്‍ എടുക്കുമ്പോള്‍ അത് സെല്‍ഫിയായും സെല്‍ഫിഷായും തോന്നുന്നില്ലേയെന്നുമാണ് പലരും ചോദിക്കുന്നത്.

ഗായകന്‍ സോനു നിഗമിന്റെ സെല്‍ഫിയില്‍ ഹരിഹരനോടൊപ്പം നില്‍ക്കുന്ന യേശുദാസിന്റെ ചിത്രം കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കൂടാതെ വിജയ് യേശുദാസ് ക്രിസ്മസിന് എടുത്ത സെല്‍ഫിയില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന യേശുദാസിന്റെ ചിത്രവും ആരാധകര്‍ തപ്പിയെടുത്ത് പൊങ്കാലയിടുന്നുണ്ട്.

Related posts