യോഗിയുടെ കളികള്‍ യുപി കാണാനിരിക്കുന്നതേയുള്ളു, സ്വന്തക്കാര്‍ക്കു അവാര്‍ഡ് നല്കാന്‍ മുലായം കൊണ്ടുവന്ന യാഷ് ഭാരതി അവാര്‍ഡ് ഇനി വേണ്ടെന്നു യോഗി, മുലായത്തിന്റെ 40 ലക്ഷത്തിന്റെ വൈദ്യുതി കുടിശിഖ തിരിച്ചുപിടിക്കും

yogi 2ഉത്തര്‍പ്രദേശിനെ വെടിപ്പാക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്ലീന്‍ യുപി ഓപ്പറേഷന്‍ തുടരുന്നു. പോലീസിനെയും ഉദ്യോഗസ്ഥരെയും നിലയ്ക്കുനിര്‍ത്തിയ യോഗിയുടെ പുതിയ ലക്ഷ്യം മുലായംസിംഗ് യാദവ് സര്‍ക്കാര്‍ നടപ്പിലാക്കിയ ധൂര്‍ത്തുകള്‍ ഒഴിവാക്കാനാണ്. ആദ്യഘട്ടമായി യുപിയില്‍ സര്‍ക്കാര്‍ നല്കുന്ന യാഷ് ഭാരതി അവാര്‍ഡ് അവസാനിപ്പിക്കാനാണ് തീരുമാനം. 11 ലക്ഷം രൂപ സമ്മാനവും 50,000 രൂപ പ്രതിമാസ പെന്‍ഷനും അടങ്ങിയതാണു പുരസ്കാരം. യുപി സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡ്.

രസകരമായ വസ്തുതയെന്തെന്നു വച്ചാല്‍ മുലായം സര്‍ക്കാരിന്റെ കാലത്ത് സ്വന്തം ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും ആവോളം ഈ അവാര്‍ഡ് ലഭിച്ചു. 1994 ല്‍ മുലായം ഭരണകാലത്തു തുടങ്ങിയ അവാര്‍ഡ് പിന്നീടെത്തിയ മായാവതി സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. പിന്നീട് അഖിലേഷ് യാദവ് വന്നപ്പോള്‍ വീണ്ടും പുനസ്ഥാപിച്ചു.  പൊതുജനങ്ങളുടെ പണം അനാവശ്യമായി ധൂര്‍ത്തടിക്കുന്നതാണ് പുരസ്കാരമെന്നു നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ പദ്ധതികളെല്ലാം ആദിത്യനാഥ് സര്‍ക്കാര്‍ ഇത്തരത്തില്‍ പരിശോധിച്ചു വരികയാണ്. യഷ് ഭാരതി പുരസ്കാരം നേടിയ പ്രമുഖരില്‍ ബച്ചന്‍ കുടുംബത്തിലെ ഐശ്വര്യറായി ഒഴികെ എല്ലാവരുമുണ്ട്.

അതേസമയം, വിഐപികള്‍ അടയ്ക്കാനുള്ള വൈദ്യുതി കുടിശിഖ തിരിച്ചുപിടിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. മുന്‍ മുഖ്യമന്ത്രി മുലായത്തിന് 40 ലക്ഷം രൂപയുടെ കുടിശിഖയാണുള്ളത്. ഇത്തരത്തില്‍ അനധികൃതമായി പണമടയ്ക്കാത്തവരെ നിയമത്തിനു മുന്നിലെത്തിക്കാനാണ് യോഗിയുടെ നിര്‍ദേശം. സംസ്ഥാനത്ത് വന്‍ വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കുമ്പോഴും സമ്പന്നര്‍ കുടിശിഖ വരുത്തുന്നത് യുപിയില്‍ പതിവു സംഭവമായിരുന്നു.

Related posts