ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഹാഫ്‌ടൈമില്‍ ഫ്രാന്‍സ് ടീമിന്റെ കോച്ച് എന്തൊക്കെയാവും കളിക്കാരോട് പറഞ്ഞിട്ടുണ്ടാവുക? വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

എന്തൊക്കെയാവും ആ കോച്ച് അവരെ പഠിപ്പിച്ചിണ്ടാവുക, എതിരാളികളെ വീഴ്ത്താന്‍ എന്തൊക്കെ തന്ത്രങ്ങളാവും അവര്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടാവുക തുടങ്ങിയ സംശയങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാവും.

ഇത്തരത്തില്‍ ഇത്തവണ ഫുട്‌ബോള്‍ ആരാധകര്‍ ചോദിച്ച ചോദ്യമിതാണ് ക്രൊയേഷ്യക്കെതിരായ ലോകകപ്പ് ഫൈനലിന്റെ ഹാഫ് ടൈമില്‍ ഫ്രാന്‍സ് ടീമിനോട് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് പറഞ്ഞത് എന്തായിരിക്കും?

ഒന്നിനെതിരെ രണ്ട് ഗോളിന് ഫ്രാന്‍സ് മുന്നിട്ടുനില്‍ക്കുന്ന സമയമായിരുന്നു അത്. ആ സമയത്ത് ലീഡ് നിലനിര്‍ത്തി കിരീടം നേടാന്‍ എന്ത് തന്ത്രങ്ങളായിരിക്കും ദെഷാംപ്സ് പറഞ്ഞിട്ടുണ്ടാകുക. ആ വാക്കുകള്‍ ഇനി ലോകത്തിന് മുന്നില്‍ രഹസ്യമല്ല. ഹാഫ് ടൈമില്‍ ദെഷാംപ്സ് ടീമംഗങ്ങളോട് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

താരങ്ങളെ വാക്കുകളിലൂടെ ദെഷാംപ്സ് പ്രചോദിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് കോച്ച് ഇങ്ങിനെ പറയുന്നു.’നിങ്ങള്‍ കണ്ടില്ലേ, അവര്‍ അവരുടെ ശരീരവും കൈമുട്ടുമുപയോഗിക്കുന്നത്.

മന്‍സൂക്കിച്ചിന്റെ ഗോളടിക്കാനുള്ള ശ്രമങ്ങള്‍ തടയണം. അവന്റെ കാലിലോ തലയിലോ പന്ത് കിട്ടിയാല്‍ അത് ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ അവന് കഴിയും. അത് നമ്മള്‍ സൂക്ഷിക്കണം. അവന്റെ നീക്കങ്ങളെ നിയന്ത്രിക്കാന്‍ കഴിയണം.

അവരുടെ അക്രമോണത്സുകതയും അവര്‍ നല്‍കുന്ന ഊര്‍ജ്ജവും നമ്മള്‍ കണ്ടതാണ്. നിങ്ങള്‍ കളി കൂടുതല്‍ കഠിനമാക്കരുത്. ലളിതമായി കളിക്കുക. നിങ്ങളുടെ കാലില്‍ പന്തുള്ളപ്പോള്‍ എതിരാളി വന്നാല്‍ അത് സഹതാരത്തിന് കൈമാറുക. അങ്ങനെ കൈമാറി കൈമാറി എംബാപ്പെയ്ക്ക് നല്‍കുക’. ദെഷാംപ്സ് പറയുന്നു.

കൗണ്ടര്‍ അറ്റാക്കിന്റെ സമയത്ത് ഗ്രീസ്മാനോട് ഇറങ്ങി കളിക്കാനും കോച്ച് പറയുന്നുണ്ട്. ഗ്രീസ്മാന്‍ അറ്റാക്കേഴ്സിന്റെ അടുത്താണ് നില്‍ക്കുന്നതെന്നും അതിന് പകരം ഒരു ഓപ്ഷനായി വേണമെന്നും ദെഷാംപ്സ് വ്യക്തമാക്കുന്നു.

45 മിനിറ്റുകള്‍ ബാക്കിയുണ്ട്. എന്താണ് അടുത്തതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. തല ഉയര്‍ത്തിപ്പിടിക്കുക, മനസ് സ്വസ്ഥമാക്കുക. പന്ത് കാലില്‍ കിട്ടിയാല്‍ കുതിക്കുക. മുന്നേറ്റതാരങ്ങള്‍ക്ക് കൈമാറുക. ദെഷാംപ്സ് പ്രസംഗം ഇങ്ങിനെയാണ് അവസാനിപ്പിക്കുന്നത്.

ഇതിനിടയില്‍ ഗ്രീസ്മാനും സഹതാരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നുണ്ട്. ‘ആത്മവിശ്വാസത്തോടെ ഇരിക്കൂ, നമുക്കത് നേടാന്‍ കഴിയും. അവസരങ്ങള്‍ ബാക്കി കിടക്കുന്നുണ്ട്. മനസും ശരീരവും സ്വസ്ഥമാക്കി കളിക്കൂ’.

Related posts