ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ ഭാര്യ നീതാ അംബാനിയെ ഏഷ്യയിലെ ഏറ്റവും ശക്തയായ ബിസിനസുകാരിയായി ഫോബ്സ് തെരഞ്ഞെടുത്തു. ഫോബ്സ് പുറത്തുവിട്ട ഏഷ്യയിലെ അമ്പത് ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയിലാണ് നീതാ അംബാനി ഒന്നാമതെത്തിയത്. ഈ പട്ടികയില്‍ എട്ട് ഇന്ത്യന്‍ വനിതകളാണുള്ളത്. എസ്ബിഐ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുന്ധതി ഭട്ടാചാര്യ രണ്ടാം സ്ഥാനത്തുമെത്തി.
മ്യൂ സിഗ്മ സിഇഒ അംബിക ധീരജ് (14-ാം സ്ഥാനം), ടെക്സ്റ്റൈല്‍ കമ്പനിയായ വെല്‍സ്പണ്‍ ഇന്ത്യയുടെ സിഇഒ ദീപാലി ഗോയങ്ക (16-ാം സ്ഥാനം), ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ലൂപിന് ലിമിറ്റഡിന്റെ സിഇഒ വിനീതാ ഗുപ്ത (18-ാം സ്ഥാനം), സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചാന്ദ കോച്ചാര്‍ (22-ാം സ്ഥാനം), വിഎല്‍സിസി ഹെല്‍ത്ത് കെയര്‍ സ്ഥാപകയും വൈസ് ചെയര്‍മാനുമായ വന്ദന ലൂത്ര (26-ാം സ്ഥാനം), ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണ്‍ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ കിരണ്‍ മസുംദാര്‍ ഷാ (28-ാം സ്ഥാനം) എന്നിവരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ വനിതകള്‍.
ബിസിനസ് ലോകത്ത് വനിതകള്‍ ശക്തരാണ്. എന്നാല്‍ ലിംഗവിവേചനം ഈ മേഖലയില്‍ ശക്തമാണെന്ന് ഫോബ്സ് അഭിപ്രായപ്പെട്ടു. 52കാരിയായ നീതാ അംബാനി രാജാധികാരത്തിനടുത്ത് അധികാരം കൈയാളുന്ന ശക്തയായ വനിതയാണെന്നാണ് ഫോബ്സ് വിശേഷിപ്പിച്ചത്. ശതകോടീശ്വരന്മാരുടെ ഭാര്യമാര്‍ സാധാരണ ഭര്ത്താക്കന്മാരുടെ തണലില്‍ നില്‍ക്കാനാണ് ഇഷ്ടപ്പെടുക. എന്നാല്‍ നീതായുടെ റിലയന്‍സ് ഇന്ഡസ്ട്രീസിലേക്കുള്ള പ്രവേശനം കമ്പനിക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന് ഫോബ്സ് നിരീക്ഷിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍കൂടിയാണ് നീതാ അംബാനി.
ഏറ്റവും വെല്ലുവിളികളെ നേരിട്ട് മുമ്പോട്ടു പോകുന്ന വനിതയാണ് അറുപതുകാരിയായ അരുന്ധതി ഭട്ടാചാര്യ. ഡിസംബറിലെ കണക്കനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കിട്ടാക്കടം 1,100 കോടി ഡോളറാണ്. അറ്റാദായം 60 ശതമാനം കുറഞ്ഞ് 19 കോടി ഡോളറിലെത്തി.ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയുടെ ആദ്യ വനിതാ മേധാവിയാണ് അംബിക ധീരജ്. ഡേറ്റ അനലിറ്റിക്സ് സേവനങ്ങള്‍ നല്കുന്ന മ്യൂ സിഗ്മ അംബികയുടെ ഭര്‍ത്താവായ ധീരജ് രാജാറാം 2004ല്‍ സ്ഥാപിച്ചതാണ്.
ചൈന, ഇന്തോനേഷ്യ, ഓസ്ട്രേലിയ, വിയറ്റ്നാം, തായ്ലന്ഡ്, ഹോങ്കോംഗ്, ജപ്പാന്, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, ന്യൂസിലന്‍ഡ് തുടങ്ങി 14 രാജ്യങ്ങളിലെ ബിസിനസ് രംഗത്തുള്ള വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ചൈയില്നിന്നും ഹോങ്കോംഗില്‍നിന്നും 14 പേര് വീതവും തായ്ലന്‍ഡില്‍നിന്ന് അഞ്ചും ജപ്പാനില്‍നിന്നു നാലു പേരും പട്ടികയില്‍ ഇടം പിടിച്ചു.