വിപണി വിശേഷം / കെ.ബി. ഉദയഭാനു
കൊച്ചി: തളര്‍ച്ചയുടെ ദിനങ്ങള്‍ക്ക് അവധി നല്കി ആഭ്യന്തര റബര്‍ വിപണി തിരിച്ചുവരവിനു തുടക്കം കുറിച്ചു. യെന്നിന്റെ മൂല്യം ഉയര്‍ന്നത് ടോക്കേമില് റബറിനെ തളര്‍ത്തി. കുരുമുളക് കൂടുതല്‍ ശക്തിയോടെ മുന്നേറി. വിഷു ഡിമാന്‍ഡില്‍ നാളികേരോത്പന്നങ്ങള്‍. ഉത്സവദിനം കഴിഞ്ഞാല്‍ വെളിച്ചെണ്ണയും കൊപ്രയും പ്രതിസന്ധിലാവും. സ്വര്‍ണവില വര്‍ധിച്ചു.
റബര്‍
റബര്‍ ഉത്പാദന മേഖലയ്ക്ക് ആവേശം പകര്‍ന്ന് ഷീറ്റുവില ഉയരുന്നു. മാസങ്ങളായി പ്രതിസന്ധിയില്‍ നീങ്ങിയ റബര്‍ തിരിച്ചുവരവിന്റെ സൂചനകള്‍ പുറത്തുവിട്ടത് ഉത്പാദകര്‍ക്കും മധ്യവര്‍ത്തികള്‍ക്കും പ്രതീക്ഷ പകര്‍ന്നു. മികച്ചയിനം ഷീറ്റുവില 500 രൂപ വര്‍ധിച്ച് 12,200 രൂപയായി. ലാറ്റക്സും ഒട്ടുപാലുമെല്ലാം ശേഖരിക്കാന്‍ വ്യവസായികള്‍ മത്സരിച്ചു. ഓഫ് സീസണായതിനാല്‍ റബര്‍ ടാപ്പിംഗ് രംഗം നിശ്ചലമാണ്. കാലവര്‍ഷത്തിന്റെ വരവോടെ മാത്രമേ ഇനി റബര്‍വെട്ട് പുനരാരംഭിക്കൂ. അതായത്, ജൂണ്‍ വരെ ഷീറ്റ് ക്ഷാമം വിട്ടുമാറില്ല. ഉത്പാദകരുടെ പക്കല്‍ കാര്യമായി റബറില്ല. അതിനാല്‍ വിപണി സ്റ്റോക്കിസ്റ്റുകളുടെ നിയന്ത്രണത്തിലാവാം. ഫെബ്രുവരിയില്‍ റബര്‍ ഇറക്കുമതി കുറഞ്ഞതിനാല്‍ ടയര്‍ കമ്പനികളുടെ റബര്‍ സ്റ്റോക്ക് നില കുറവാണ്. ഇത് വിലക്കയറ്റം ശക്തമാക്കുമോയെന്ന ആശങ്കയും വ്യവസായികള്‍ക്ക് ഇല്ലാതില്ല.
നിക്ഷേപകരുടെ കടന്നുവരവ് റബര്‍ അവധിനിരക്കും ഉയര്‍ത്തി. ഷോട്ട് കവറിംഗ് 12,500 റേഞ്ചിലേക്ക് റബര്‍ അടുത്തു. രാജ്യാന്തരവിപണിയില്‍ റബറിനു തിളങ്ങാനായില്ല. വിനിമയവിപണിയില്‍ പിന്നിട്ട 17 മാസത്തിനിടയിലെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് ജാപ്പനീസ് യെന്നിന്റെ മൂല്യം ശക്തിപ്രാപിച്ചത് നിക്ഷേപകരെ കമ്മോഡിറ്റി മാര്‍ക്കറ്റുകളില്‍നിന്ന് അകറ്റി. ഇത്തരം ഒരു സാഹചര്യം വിപണിയില്‍ ഉടലെടുക്കുമെന്ന കാര്യം കഴിഞ്ഞ വാരം ഇതേ കോളത്തില്‍ വ്യക്തമാക്കിയിരുന്നു. വാരമധ്യം ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍ ഏഴര മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരം ദര്‍ശിച്ച വേളയിലാണ് ഫോറെക്സ് മാര്‍ക്കറ്റില്‍ യെന്‍ മികവ് കാഴ്ചവച്ചത്.
പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മുഖ്യ ഉത്പാദന രാജ്യങ്ങളായ തായ്ലന്‍ഡിലും മലേഷ്യയിലും റബര്‍ ടാപ്പിംഗ് പുനരാരംഭിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
കുരുമുളക്
കുരുമുളകിന്റെ ജൈത്രയാത്ര തുടരുന്നു. പിന്നിട്ട വാരം ഉത്പന്ന വില 2,500 രൂപ വര്‍ധിച്ചു. ഗാര്‍ബിള്‍ഡ് കുരുമുളക് 70,600 രൂപയില്‍ വിപണനം നടന്നു. ഈ വിലയ്ക്കും കാര്യമായി ഉത്പന്നം വിപണിയില്‍ ഇറക്കാന്‍ ഉത്പാദകര്‍ തയാറായില്ല. കുരുമുളകു കൃഷിയില്‍ മുന്നിട്ടു നില്ക്കുന്ന വയനാട്, ഇടുക്കി, പത്തനംതിട്ട ഭാഗങ്ങളിലെ വില്പനക്കാര് അകന്നത് വാങ്ങലുകാരെ പരിഭ്രാന്തരാക്കി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉത്സവകാല ഡിമാന്‍ഡിന് വൈകാതെ തുടക്കം കുറിക്കും. അതുവരെ കാത്തിരുന്നാല്‍ നിരക്ക് ഇനിയും ഉയരുമോയെന്ന ഭീതിയിലാണ് ഒരു വിഭാഗം വാങ്ങലുകാര്‍. ആഭ്യന്തര വ്യാപാരരംഗം സജീമാണെങ്കിലും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മലബാര്‍ മുളക് പൂര്‍ണമായി പിന്തള്ളപ്പെട്ട അവസ്ഥയിലാണ്. പ്രമുഖ ഉത്പാദന രാജ്യങ്ങള്‍ പലതും ടണ്ണിന് 9,000 ഡോളറില്‍ താഴ്ന്ന വിലയ്ക്ക് ഉത്പന്നം വാഗ്ദാനം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വില ടണ്ണിന് 11,400 ഡോളറിലെത്തി.
വെളിച്ചെണ്ണ
നാളികേരോത്പന്നങ്ങള്‍ നേരിയ തോതിലുള്ള മുന്നേറ്റം കാഴ്ചവച്ചു. വിഷു ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് പ്രദേശിക വ്യാപാരികള്‍ വെളിച്ചെണ്ണ ശേഖരിക്കുന്നുണ്ട്. കൊച്ചിയില്‍ എണ്ണവില 300 രൂപ ഉയര്‍ന്ന് 8,000 രൂപയായി. വാരമധ്യം വരെ എണ്ണ മികവ് നിലനിര്‍ത്താമെങ്കിലും വിഷു കഴിഞ്ഞാല്‍ സ്ഥിതിഗതി മാറിമറിയും. കൊപ്രയാട്ട് മില്ലുകാര്‍ വാരത്തിന്റെ രണ്ടാം പാദത്തില്‍ എണ്ണ വില്പനയ്ക്കു തിടുക്കം കാണിക്കാന്‍ ഇടയുണ്ട്. ഇത് നാളികേരോത്പന്നങ്ങള്‍ക്ക് തിരിച്ചടിയാവും. കൊപ്രയുടെ വിപണി വില 5,470 രൂപ മാത്രമാണ്. കൊപ്രയുടെ താങ്ങുവിലയാവട്ടെ 5,950 രൂപയും.
ഏലക്ക
പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഏലക്കാ വിളവെടുപ്പ് ഒട്ടുമിക്ക തോട്ടങ്ങളിലും അവസാനിച്ചു. ഇതുമൂലം ലേലകേന്ദ്രങ്ങളില്‍ ഇടപാടുകാര്‍ പിടിമുറുക്കി. പിന്നിട്ടവാരം ഏലക്കവില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ കിലോ 1,202 രൂപ വരെ കയറി.
സ്വര്‍ണം
ആഭരണ കേന്ദ്രങ്ങളില്‍ സ്വര്‍ണം തിളങ്ങി. 21,280 രൂപയില്‍ വില്പനയ്ക്ക് തുടക്കംകുറിച്ച പവന് വാരാന്ത്യം 21,480 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2,685 രൂപ. അന്താരാഷ്ട്ര വിപണിയില്‍ മഞ്ഞലോഹത്തിന്റെ നിരക്ക് ട്രോയ് ഔണ്‍സിന് 1,240 ഡോളര്‍.