വിപണി വിശേഷം / കെ.ബി. ഉദയഭാനു
കൊച്ചി: ടോക്കോമില്‍ റബര്‍ നാലു മാസത്തെ ഉയര്‍ന്ന റേഞ്ചില്‍, ആഭ്യന്തര സ്റ്റോക്കിസ്റ്റുകള്‍ മെച്ചപ്പെട്ട വിലയെ ഉറ്റുനോക്കുന്നു. നവരാത്രി, ദീപാവലി ഡിമാന്‍ഡിനെ ഭക്ഷ്യയെണ്ണവിപണി കാത്തിരിക്കുന്നു. പുതിയ ഏലക്ക വരവ് ശക്തിയാര്‍ജിച്ചു. കുരുമുളകുവില വീണ്ടും കുറഞ്ഞു. ആഗോള സ്വര്‍ണവിപണിയിലെ ബുള്ളിഷ് ട്രന്‍ഡ് പവന്റെ വില ഉയര്‍ത്തി.
റബര്‍
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റബര്‍ നാലു മാസത്തിനിടയിലെ ഉയര്‍ന്ന റേഞ്ചില്‍ എത്തിയത് പ്രമുഖ ഉത്പാദക രാജ്യങ്ങളിലെ കര്‍ഷകരില്‍ ആവേശം ജനിപ്പിച്ചു. ക്രൂഡ് ഓയില്‍ വില ഉയരുമെന്ന പ്രതീക്ഷയും പ്രമുഖ നാണയങ്ങള്‍ക്കു മുന്നില്‍ ഡോളറിന്റെ തിരിച്ചുവരവുമാണ് ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകള്‍ക്ക് പുതുജീവന്‍ പകര്‍ന്നത്. ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍ കിലോ 145–160 യെന്നില്‍നിന്ന് പുറത്തുചാടി. 160ലെ പ്രതിരോധം ഭേദിച്ച് 175 യെന്‍ വരെ റബര്‍വില ഉയര്‍ന്നു. മേയ്ക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ റബര്‍ എത്തിയത് ടയര്‍ മേഖലയില്‍നിന്ന് ഷീറ്റിന് ഡിമാന്‍ഡ് ഉയര്‍ത്താം.
തായ്ലന്ഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സ്റ്റോക്കിസ്റ്റുകള്‍ വരും ദിവസങ്ങളില്‍ റബറില്‍ പിടിമുറുക്കിയാല്‍ ലോകവിപണിയില്‍ ഷീറ്റ് വില ശ്രദ്ധിക്കപ്പെടാം. എന്നാല്‍, ഉത്പാദക രാജ്യങ്ങള്‍ വില്പനയ്ക്ക് പതിവുപോലെ മത്സരിച്ചാല്‍ വിലയില്‍ ചാഞ്ചാട്ടത്തിനിടയുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റ് നിരക്ക് ഉയര്‍ത്താതെ ടയര്‍ കമ്പനികള്‍ ഷീറ്റ് സംഭരിച്ചു. അവധിവ്യാപാരത്തിലെ വില്പന സമ്മര്‍ദം റെഡി മാര്‍ക്കറ്റിനെ പിടിച്ചുനിര്‍ത്തി. ആര്‍എസ്എസ് നാലാം ഗ്രേഡ് 12,100 രൂപയിലാണ്. അഞ്ചാം ഗ്രേഡ് 500 രൂപയുടെ നേട്ടവുമായി 11,500 രൂപയായി. സംസ്ഥാനത്തെ തോട്ടങ്ങളില്‍ റബര്‍ ടാപ്പിംഗ് പുനരാരംഭിച്ചു. എന്നാല്‍, പിന്നിട്ടവാരം കാര്യമായി ലാറ്റക്സ് വില്പനയ്ക്ക് ഇറങ്ങിയില്ല.
നാളികേരം
ഭക്ഷ്യയെണ്ണ വിപണികള്‍ ഉണര്‍വിനുള്ള ഒരുക്കത്തിലാണ്. നവരാത്രി വേളയില്‍ ഭക്ഷ്യയെണ്ണകള്‍ക്ക് ഡിമാന്‍ഡ് ഉയരും. ദീപാവലി വേളയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പാചക എണ്ണകളുടെ വില്പന നടക്കുക. ഉയര്‍ന്ന വില കണക്കുകൂട്ടി സ്റ്റോക്കിസ്റ്റുകള്‍ എണ്ണയ്ക്ക് വന്‍വില ആവശ്യപ്പെട്ടു. ഇറക്കുമതി ലോബി പാം ഓയില്‍, സൂര്യകാന്തി, സോയ എണ്ണവിലകള്‍ ഉയര്‍ത്തിയത് കടലയെണ്ണയുടെ വില ഉയരാനിടയാക്കി. ഈ അവസരത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും മില്ലുകാര്‍ വെളിച്ചെണ്ണവിലയും ഉയര്‍ത്തി.
കൊച്ചിയില്‍ എണ്ണവില 200 രൂപ ഉയര്‍ന്ന് 9,400 രൂപയായി. കോഴിക്കോട്ട് 10,400 വരെ കയറി. കൊപ്ര 6,400 രൂപയിലാണ്. വിളവെടുപ്പ് പുരോഗമിക്കുന്നുണ്ടെങ്കിലും നാളികേരവും കൊപ്രയും ഗ്രാമീണമേഖലകളില്നിന്ന് കാര്യമായി വില്പനയ്ക്കെത്തിയില്ല.
ഏലം
ഏലത്തോട്ടങ്ങളില്‍ വിളവെടുപ്പ് സജീവമായി. പുതിയ ഏലക്ക ഉയര്‍ന്ന അളവില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ലേലകേന്ദ്രങ്ങളില്‍ എത്തിയത് വിലയെ ബാധിച്ചു. കിലോ ഗ്രാമിന് 1,300 രൂപയില്‍നിന്ന് വാരാന്ത്യം 1,145 രൂപയായി. പിന്നിട്ട വാരം ഏകദേശം 600 ടണ്‍ ഏലക്ക ലേലത്തിനിറങ്ങി. നവരാത്രി, ദീപാവലി വേളയിലെ ആവശ്യങ്ങള്‍ കണ്ട് വ്യാപാരികള്‍ ചരക്ക് സംഭരിക്കുകയാണ്. അറബ് രാജ്യങ്ങളില്‍നിന്ന് ഏലത്തിന് അന്വേഷണങ്ങളെത്തി. എന്നാല്‍, കയറ്റുമതിക്കാരുടെ താത്പര്യത്തിനൊത്ത് വലുപ്പം കൂടിയ ഇനം ഏലക്കയുടെ ലഭ്യത ഉയര്‍ന്നില്ല.
കുരുമുളക്
കുരുമുളകുവില കുറഞ്ഞിട്ടും രാജ്യാന്തര മാര്‍ക്കറ്റില്‍നിന്ന് ആവശ്യക്കാരില്ല. ഉത്പന്നവില ക്വിന്റലിന് 200 രൂപ താഴ്ന്ന് 71,700 രൂപയായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മലബാര്‍ മുളക് വില ടണ്ണിന് 11,200 ഡോളര്‍. മറ്റ് ഉത്പാദക രാജ്യങ്ങള്‍ 8,500–9,000 ഡോളറിന് ക്വട്ടേഷന്‍ ഇറക്കി. യുഎസ് ബയറര്‍മാര്‍ പുതുവത്സരാഘോഷങ്ങള്ക്കുവേണ്ടിയുള്ള മുളകുസംഭരണം തുടങ്ങി.
സ്വര്‍ണം
ആഭരണവിപണികള്‍ സ്വര്‍ണവില പവന് 280 രൂപ വര്‍ധിച്ചു. പവന് 23,200ല്‍നിന്ന് 23,480 രൂപയായി. ഒരു ഗ്രാമിന്റെ വില 2,935 രൂപ. ന്യൂയോര്‍ക്കില്‍ സ്വര്‍ണം ഔണ്‍സിന് 1,310 ഡോളറില്‍നിന്ന് 1,337ലേക്കുയര്‍ന്നു.