സൗമിനി ജയിന് പറയുന്നു
സൗമിനി ജയിനിനു വരകളോട് എന്നും ഒരല്‍പ്പം ഇഷ്ടക്കൂടുതലുണ്ട്. അക്രിലിക്കിലും എണ്ണച്ചായത്തിലുമുള്ള ചിത്രങ്ങള്‍ രവിപുരത്തെ ‘മൈനാഗം’ എന്ന വീട്ടിലെ ചുവരുകള്‍ കൂടുതല്‍ മനോഹരമാക്കുന്നു. ഗായികയായും ചിത്രകാരിയായും അറിയപ്പെടുന്ന സൗമിനി ജയിന് കൊച്ചിയുടെ മേയര്‍ കസേരയിലേക്ക് എത്തുമ്പോള്‍ മറ്റൊരു സവിശേഷത കൂടിയുണ്ട്; കൊച്ചിയുടെ രണ്ടാമത്തെ വനിത മേയര്‍ എന്ന പദവി കൂടി ഇനി സൗമിനിക്കു സ്വന്തം. കൊച്ചി നഗരത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി പലതും ചെയ്യാനുണ്ടെന്നു മേയര്‍ സൗമിനി ജയിന് പറയുന്നു…
രാഷ്ട്രീയത്തില്‍ സ്ത്രീക്ക് പൂര്‍ണമായും വിജയിക്കാന്‍ കഴിയുമോ ?
എന്താ സംശയം, രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് നൂറു ശതമാനം വിജയിക്കാനാകും. അതിനുള്ള സമയം കണ്ടെത്തി പ്രയത്നിക്കുക മാത്രം ചെയ്താല്‍ മതി. പൊതുപ്രവര്‍ത്തനം എല്ലാം കൊണ്ടും ഒരു നല്ല കാര്യമാണ്. അതിനെ ഒരു ചെറിയ കാര്യമായി കാണരുത്. ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ വിജയിക്കാനാകും എന്നതില്‍ സംശയമില്ല.
സ്ത്രീഭരണം ജനം ഇഷ്ടപ്പെടുന്നുണ്ടോ ?
50 ശതമാനം വനിതകള്‍ക്ക് സംവരണം അനുവദിച്ചിരിക്കുന്നതു തന്നെ സ്ത്രീകളുടെ നേതൃത്വത്തിലും നല്ല ഭരണം കാഴ്ചവെയ്ക്കാനാകും എന്ന ആത്മവിശ്വാസത്തിലുമാണ്. സ്ത്രീകള്‍ നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഭരണം ജനം ഇഷ്ടപ്പെടുന്നു എന്നതിനുള്ള തെളിവാണു തനിക്ക് ലഭിച്ച വിജയം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നു നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സ്ത്രീയുടെ രക്ഷയ്ക്കായി സ്ത്രീ തന്നെ മുന്നിട്ടിറങ്ങുന്നതു തന്നെയാണ് ഏറ്റവും നല്ലത്.
കുടുംബവും പൊതുപ്രവര്‍ത്തനങ്ങളും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കുന്നു ?
മേയര്‍ സ്ഥാനം ഭാരിച്ച പദവിയാണ്, വീടും ജോലിയും കൂടി കൊണ്ടുനടക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണപരിചയത്തിന്റെ ബലത്തില്‍ കഴിയും.
സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം
കൊച്ചിനഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല, സുരക്ഷിതരല്ല എന്നു പറയാനല്ല ഒട്ടും സുരക്ഷിതരല്ല എന്നു പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തുന്നവരും കൊച്ചിയില്‍ താമസിക്കുന്നവരുമായ നമ്മുടെ സഹോദരിമാര്‍ക്ക്, അമ്മമാര്‍ക്ക്, മക്കള്‍ക്ക് എല്ലാവര്ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പ്രഥമ പരിഗണന നല്‍കും. ജോലി ആവശ്യങ്ങള്‍ക്കായും പഠനത്തിനായും ദിനംപ്രതി കൊച്ചിയില്‍ വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതരായി താമസിക്കാന്‍ വനിതാ ഹോസ്റ്റല്‍, ഭയമില്ലാതെ നഗരത്തില്‍ എവിടെയും സഞ്ചരിക്കാന്‍ ഷീ ടാക്സികള്‍, പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പൊതു ടോയ്ലറ്റുകള്, സ്ത്രീസുരക്ഷിതത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍, ഭവന രഹിതര്‍ക്ക് ഭവനം തുടങ്ങിയ വിവിധങ്ങളായ പദ്ധതികളാണ് സ്ത്രീ സുരക്ഷിതത്തിനായി ആവിഷ്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പോലീസിന്റെ സഹായം തേടും. സ്ത്രീകളുടെ സംരക്ഷണത്തിനായി നോര്‍ത്ത് പരമാരയില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള നാലു നിലയുള്ള കെട്ടിടം വനിതാ ഹോസ്റ്റലായി പ്രവര്‍ത്തന സജ്ജമാക്കും. കൂടാതെ സംവരണാനുകൂല്യമുള്ള സ്ത്രീകള്‍ക്ക് നഗരത്തില്‍ ആറു നിലയുള്ള മറ്റൊരു കെട്ടിടം. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്നവര്‍ക്കും സ്വന്തമായി പാര്‍പ്പിടമില്ലാത്തവര്‍ക്കും ഈ ഹോസ്റ്റലുകള്‍ ഉപയോഗിക്കാം. ഇതെല്ലാം പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്.
കുടുംബശ്രീകളുടെ പ്രവര്‍ത്തനത്തെ എങ്ങനെ നോക്കിക്കാണുന്നു ?
കുടുംബശ്രീയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം തന്നെ അതില്‍ സംശയമില്ല. സ്ത്രീകള്‍ സ്വയം സംരംഭകരാകുന്നതി നൊപ്പം തന്നെ മറ്റുള്ളവര്‍ക്ക് ജോലി നല്‍കുകയും ബിസിനസില്‍ നിന്ന് ലാഭം കണ്ടെത്തുകയും ചെയ്യുന്നു. സ്വന്തം കാലില്‍ നില്ക്കാന് അവര്‍ പ്രാപ്തരാകുന്നു. രാഷ്ട്രീയം എന്തെന്ന് അറിയാതെയാണ് ആദ്യമായി ഈ രംഗത്തേക്ക് വന്നത്. ഗായികയും ചിത്രകാരിയുമായിരുന്നു. രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി വശമില്ലായിരുന്നു. 2010 ല്‍ തെരഞ്ഞെടുപ്പ് രംഗത്തെത്തി കൗണ്‍സിലറായി. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പദവി രാഷ്ട്രീയത്തില്‍ മുന്നേറുന്നതിനും കൂടുതല്‍ അറിവ് നേടുന്നതിനും സഹായിച്ചു. ഭാരിച്ച ജോലിയെന്നു കരുതി പുറകോട്ട് മാറിയിരുന്നെങ്കില്‍ എങ്ങും എത്തില്ലായിരുന്നു.
കൊച്ചിയില്‍ എല്ലാവര്ക്കും വീട്….
നഗരത്തില്‍ വീടില്ലാത്ത എല്ലാവര്ക്കും വീട് പണിയുന്നതിനു സഹായം നല്‍കും. പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ) പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളില്‍ ഒരു ബെഡ്റൂം, ഹാള്‍, അടുക്കള, ടോയ്ലറ്റ് എന്നിവ ഉണ്ടാവും. 320 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. 15 വര്‍ഷമാണ് ഭവനവായ്പയുടെ തിരിച്ചടവിന്റെ കാലാവധി. നിലവിലുള്ള പലിശയില്‍ നിന്ന് ആറര ശതമാനം കുറഞ്ഞ പലിശയില്‍ ലോണ്‍ ലഭിക്കുമെന്നും മേയര്‍…
രാഷ്ട്രീയത്തിലെ അനുഭവജ്ഞാനം ?
സാമ്പത്തികശാസ്ത്രം പഠിച്ചിട്ടുണ്ട്. എന്‍ജിനിയറിംഗിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു, എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് എല്ലാവര്‍ഷവും പുറത്തിറക്കുന്ന ഹാന്‍ഡ്ബുക്ക് വഴികാട്ടിയാക്കി. സിവില്‍ എന്‍ജിനിയറായ സഹോദരനോട് സംശയങ്ങള്‍ ചോദിച്ചു. ഉറക്കമിളച്ച് ഫയലുകള്‍ പഠിച്ചു, കൊച്ചി നഗരത്തിലെ ഓരോ റോഡിന്റെയും കെട്ടിടത്തിന്റെയും അറ്റകുറ്റപ്പണികളും നിര്‍മാണപ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി മനസിലാക്കി. ഒന്നും വെറുതെയായില്ല. എറണാകുളം രവിപുരത്ത് നിന്ന് കഴിഞ്ഞ തവണ 200 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മത്സരിച്ചു. ഡിവിഷന് ജനറലായതോടെ ഇത്തവണ എളംകുളത്തേക്ക് മാറി. മത്സരത്തില്‍ 94 വോട്ടിന് വിജയിച്ചു.. ദാ ഇപ്പോള്‍ മേയറായി. എല്ലാം ഒരു നിമിത്തമായിരുന്നു. സൗമിനി ജെയിന് പറയുന്നു.
വരയോടുള്ള താല്പര്യം ?
വരയ്ക്കാനുള്ള താത്പര്യം ചെറുപ്പം മുതലേയുണ്ട്. പാട്ടിനോടും വലിയ ഇഷ്ടമായിരുന്നു. പക്ഷേ, പഠിത്തത്തിനായിരുന്നു വീട്ടില്‍ മുഖ്യപരിഗണന. കൂട്ടുകാര്‍ക്കൊപ്പം കോളജിലെ കലാപരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു.. പിന്നീട് കുടുംബജീവിതം തുടങ്ങിയപ്പോഴാണ് വരയോടുളള താല്പര്യം വീണ്ടും വന്നത്. പാട്ടുകേള്‍ക്കുന്നത് മുടക്കമില്ലാത്ത കാര്യമാണ്. ഒരു നല്ല കലാ ആസ്വാദകയാണ് എന്നു പറയാനാണ് ഇഷ്ടം….
വരകളോട് എന്നും ഒരല്‍പ്പം ഇഷ്ടക്കൂടുതലുണ്ട് സൗമിനിക്ക്. അക്രിലിക്കിലും എണ്ണച്ചായത്തിലുമാണ് കൂടുതലും ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്. തന്റെ രവിപുരത്തെ ‘മൈനാഗം’ എന്ന വീട്ടിലും ഇതു കാണാം.
വിദ്യാഭ്യാസം ?
എറണാകുളം സെന്റ് തെരേസാസ് സ്കൂള്‍, തേവര എസ്. എച്ച് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. വിവാഹശേഷം കുറച്ചുകാലം വൈക്കത്ത് ഭര്‍ത്തൃഗൃഹത്തില്‍ താമസിച്ചു വെങ്കിലും പിന്നീട് കുടുംബത്തോടൊപ്പം കൊച്ചിയില്‍ തിരിച്ചെത്തുകയായിരുന്നു.
കുടുംബം ?
ബി.എ, ബി.എല്‍ കാരനായ മുത്തശന് ഗോപാല മേനോന് എക്സൈസ് കമ്മീഷണറായിരുന്നു. മുത്തശി മട്ടാഞ്ചേരി സ്കൂളിലെ അധ്യാപികയും. ബ്രിട്ടീഷ് ഭരണകാലത്ത് മെമ്പര്‍ ഓഫ് ലജിസ്ളേറ്റീവ് കമ്മിറ്റി(എം.എല്‍.സി) അംഗമായിരുന്നു. മുത്തശിയാണ് റോള്‍ മോഡല്‍. കോണ്‍ഗ്രസിന്റെ എറണാകുളം ബ്ളോക്ക് സെക്രട്ടറിയാണ്. ഭര്‍ത്താവ് ജെയിന് ഖേര്സിംഗ് ബിസിനസുകാരനാണ്. മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത പ്രണയകഥയായിരുന്നു ഞങ്ങളുടേത്…. മകള്‍ പത്മിനി, ഫാഷന്‍ ഡിസൈനറും മകന് വരുണ്‍ ഒന്നാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുമാണ്.
സേവനങ്ങളില്‍ “അപരാജിത’
നീണ്ട 33 വര്‍ഷത്തെ ആതുരസേവനം. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ സന്നദ്ധപ്രവര്‍ത്തക. വീട്ടമ്മ, അമ്മ, അമ്മൂമ്മ പദവികളുടെ ഉത്തരവാദിത്തങ്ങള്‍. ഇടവേളകളും വിശ്രമവുമില്ലാത്ത സേവനസന്നദ്ധതയ്ക്ക് ഇപ്പോള്‍ സ്ഥാനം മേയര്ക്കസേരയിലാണ്. സാംസ്കാരികനഗരമായ തൃശൂരിന്റെ ‘നഗരമാതാവ്’ പദം അലങ്കരിക്കുമ്പോള്‍ അജിത ജയരാജന് അക്ഷരാര്‍ഥത്തില്‍ മാതാവ് തന്നെയാണ്. തൃശൂരിന്റെ ആറാമത്തെ മേയറും രണ്ടാമത്തെ വനിത മേയറുമാണ് അവര്‍. ഒരു കൗണ്‍സിലര്‍ സ്ഥാനം എന്നതില്‍ കവിഞ്ഞ്, മേയര്‍പദവി സ്വപ്നത്തില്‍പോലും ഉണ്ടായിരുന്നില്ലെന്ന് പറയുന്ന അജിത ജയരാജന് തൃശൂരിനുള്ള സ്വപ്നപദ്ധതികള്‍ ഏറെയാണ്.
ജീവിതം
എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് മൂത്തകുന്ന് സ്വദേശിയായ അജിത തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ ജയരാജനെ വിവാഹം ചെയ്ത് 1977ല്‍ തൃശൂരിന്റെ മരുമകളായെത്തി. ജന്മംകൊണ്ട് അയല്‍ ജില്ലക്കാരിയാണെങ്കിലും കര്‍മംകൊണ്ട് തികഞ്ഞ തൃശൂര്ക്കാരിയായി. വിവാഹം കഴിച്ച് എത്തുന്നതിനുമുമ്പേ തൃശൂര്‍ ഗവ. സ്കൂള്‍ ഓഫ് നഴ്സിംഗില്നിന്നു പഠനം പൂര്‍ത്തിയാക്കി. 75ല്‍ ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലിയില്‍ പ്രവേശിച്ചു. സേവനത്തിന്റെ അവസാന ഒന്നരവര്‍ഷക്കാലം തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജില്ലാ നഴ്സിംഗ് ഓഫീസര്‍. വിശ്രമമില്ലാത്ത ജനസേവന തത്പരതയ്ക്കു വിരാമമിടാതെ നാലുവര്‍ഷങ്ങള്‍ക്കുശേഷം കൊക്കാല ഡിവിഷനില്‍നിന്നു ജനപ്രതിനിധിയായി.
സേവനം
ചാവക്കാട്, കൊടുങ്ങല്ലൂര്‍, കുന്നംകുളം, കൊടകര എന്നിവിടങ്ങളിലെ വിവിധ ഗവ. ആശുപത്രികളിലും തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നഴ്സായി സേവനം ചെയ്തു. തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ നഴ്സിംഗ് സൂപ്രണ്ടായിരുന്നു. കേരള ഗവ. നഴ്സസ് അസോസിയേഷന് ഭാരവാഹിയായും കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന് അംഗമായും പ്രവര്‍ത്തിച്ചു. ജില്ലാ ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറില്‍ രണ്ടുവര്‍ഷത്തെ സേവനത്തിനിടയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ദൗത്യം
സ്ത്രീകള്‍ക്കായി പ്രാഥമിക ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ സൗകര്യമൊരുക്കലാണ് പ്രധാന പരിഗണനാ വിഷയം. പൊതു ഇടങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും വൃത്തിയായ ബാത്ത് റൂം സൗകര്യമാണ് ലക്ഷ്യം. ആരോഗ്യ പരിരക്ഷയ്ക്കു ഊന്നല്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും സ്ഥലപരിമിതികളെ അതിജീവിക്കാന്‍ കൂടുതല്‍ സ്ഥലസൗകര്യങ്ങളും ഏര്‍പ്പെടുത്തും. ഇതിനായി സര്‍ക്കാര്‍ കോര്പറേഷന് സ്ഥലം ഏറ്റെടുത്തുനല്കുകയോ, വാടകയ്ക്കു സ്ഥലം കണ്ടെത്തി നല്‍കുകയോ ചെയ്യും. കോര്പറേഷന് പരിധിയിലെ ഏറ്റവും അര്‍ഹരായ കാന്‍സര്‍, കിഡ്നി രോഗികള്‍ക്ക് 5000 രൂപ വീതം സഹായം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കും. ആംഗന്‍വാടികളില്‍ കുട്ടികള്‍ക്ക് മികച്ച ഭക്ഷണം, വൃദ്ധരായ സ്ത്രീജനങ്ങള്‍ക്ക് പകല്‍സമയം ചെലവഴിക്കുന്നതിന് പകല്‍വീട് എന്നിവ സ്വപ്നപദ്ധതികളാണ്.
തൃശൂരിനും തൃശൂരില്‍ വന്നുപോകുന്നവര്ക്കുമായി അടിസ്ഥാനവികസനങ്ങള് മെച്ചപ്പെടുത്തുകയും യാത്രയ്ക്കും താമസത്തിനും സൗകര്യപൂര്‍വമായ അന്തരീക്ഷം വളര്‍ത്തുകയും വേണം.
ഇഷ്്ടം
പാട്ടുകേള്‍ക്കാനും നൃത്തം കാണാനുമാണ് കൂടുതലിഷ്്ടം. വായനയുമുണ്ട്. പക്ഷേ, ഇപ്പോള്‍ സമയം കിട്ടുന്നില്ല. സ്കൂള്‍തലത്തില്‍ കായികഇനങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അച്ഛന്റെ കുടുംബത്തില്‍ മിക്കവരും കായികതാരങ്ങളായിരുന്നു.
കുടുംബം
എറണാകുളം മൂത്തകുന്നം പുല്ലാര്‍ക്കാട്ടില്‍ പരേതരായ കുമാരന്-ലളിത ദമ്പതികളുടെ മൂന്നു പെണ്മക്കളില് മൂത്തവളാണ് അജിത. കൂര്‍ക്കഞ്ചേരി കളത്തില്‍ ഹൗസിലാണ് ഇപ്പോള്‍ താമസം. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍നിന്നു ലോ ഓഫീസറായി വിരമിച്ച ജയരാജനാണു ഭര്‍ത്താവ്. സ്വകാര്യ ആശുപത്രിയില്‍ അഡ്മിനിസ്ട്രേഷന് മാനേജരാണ് ഇപ്പോള്‍ ജയരാജന്. കൂര്‍ക്കഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി, സിപിഎം കാഞ്ഞിരങ്ങാട് ബ്രാഞ്ച് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.
ജെസീന രാജ് മകളും മുംബൈയില്‍ ആനിമേഷന്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന കരുണ്‍ മകനുമാണ്. മകളുടെ ഭര്‍ത്താവ് സോമശേഖര്‍ എറണാകുളത്ത് റയില്‍വേയില്‍ അക്കൗണ്ട്സ് ഓഫീസറാണ്. മരുമകള്‍ ജിഷ. അമന് ടി. ശേഖര്‍, ഗൗരി ശേഖര്‍, കാര്‍ത്തിക് കരുണ്‍ എന്നിവര്‍ പേരക്കുട്ടികള്‍.
കണ്ണൂരിന്റെ സ്വന്തം മേയര്‍
ര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചായത്തിലേക്ക് മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ലതയുടെ മറുപടി ജോലിയാണ് വലുതെന്നായിരുന്നു. എന്നാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം ലത തിരിച്ചറിഞ്ഞു സാമൂഹ്യപ്രവര്‍ത്തനമാണ് തന്റെ ജോലിയെന്ന്.
ജോലി ഉപേക്ഷിച്ച് പാര്‍ട്ടിയിലും കുടുംബശ്രീയിലും സജീവമായ ലതയെ തേടി കണ്ണൂര്‍ ചൊവ്വയിലെ മയൂരം വീടിന്റെ പടി കടന്നെത്തിയത് കണ്ണൂര്‍ കോര്‍പറേഷനിലെ ആദ്യ മേയര്‍സ്ഥാനം. എളയാവൂര് പഞ്ചായത്തില്‍ എല്‍ഡിഎഫിന് നിലം തൊടാനാവാത്ത മേലെചൊവ്വ വാര്‍ഡില്‍ ലതയുടെ വിജയം അപ്രതീക്ഷിതമായിരുന്നു. 25 വോട്ടിന്റെ ഭൂരിപക്ഷത്തിന്. എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച ടി. വിമലകുമാരി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ മേയര്‍ സ്ഥാനാര്‍ഥിയായി ലതയ്ക്ക് നറുക്കുവീണു. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയെന്ന് ഭാഗ്യത്തിന്റെ വിരല്‍ത്തുമ്പ് പിടിച്ച് 44-ാം വയസില്‍ പ്രഥമ നഗരത്തിന്റെ പ്രഥമ വനിതയുടെ കസേരയിലേക്ക്…
രാഷ്ട്രീയത്തിലേക്ക്…
സിപിഎമ്മിന്റെ കുട്ടികളുടെ സംഘടനയായ ബാലസംഘത്തിലൂടെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്. ഡിവൈഎഫ്ഐയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്കുള്ള പ്രവേശനം. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ കുടുംബശ്രീയുടെ റിസോഴ്സ് പേഴ്സനും ബാലസഭയുടെ കോ-ഓര്‍ഡിനേറ്ററുമായി. ബാലസംഘത്തിന്റെ ഏരിയാ രക്ഷാധികാരിയും സിപിഎം ചൊവ്വ ബ്രാഞ്ചംഗവുമായി പാര്‍ട്ടിയിലും സജീവമായപ്പോഴാണ് ആദ്യമത്സരത്തിനായി കളത്തിലിറങ്ങിയത്.
സ്ത്രീയെന്ന നിലയില്‍ സ്ത്രീകള്‍ക്കായി…
കണ്ണൂര്‍ കോര്‍പറേഷനെ ഒരു വനിതാ സൗഹൃദ കോര്‍പറേഷനാക്കി മാറ്റാനാണ് എന്റെ ആദ്യപരിഗണന. ഇതിനായി സ്ത്രീകള്‍ക്കുവേണ്ടി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. കോര്‍പറേഷന്റെ പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റുകളെ ശക്തിപ്പെടുത്തുകയാണ് ആദ്യനടപടി. ഇവര്‍ക്കായി മൈക്രോസംരംഭ യൂണിറ്റുകള്‍ ആരംഭിക്കും. കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി കോര്പറേഷന് പരിധിയില്‍ സ്ഥിരം സംവിധാനം ഒരുക്കും. കൂടാതെ കണ്ണൂര്‍ നഗരത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക കംഫര്‍ട്ട് സ്റ്റേഷനുകള്‍ ആരംഭിക്കും. നഗരത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം രൂപീകരിക്കുന്ന പദ്ധതി നടപ്പാക്കും. കേരളത്തിലെ ചില കോര്‍പ്പറേഷനുകളില്‍ നടപ്പിലാക്കിയതുപോലെ ഷീ ടാക്സിയും നടപ്പിലാക്കും. സ്ത്രീസുരക്ഷാ കര്‍മപദ്ധതികള്‍, സ്ത്രീസൗഹൃദ ശൗചാലയങ്ങള്‍ എന്നിവയ്ക്കാണ് മുഖ്യപരിഗണന കൊടുക്കുന്നത്. നിലവില്‍ അഞ്ച് പഞ്ചായത്തുകളും ഒരു നഗരസഭയും ചേര്‍ന്നതാണ് കണ്ണൂര്‍ കോര്പറേഷന്. കോര്പറേഷന് പരിധിയില്‍ ചിതറിക്കിടക്കുന്ന കുടുംബശ്രീ യൂണിറ്റുകളെ ഡിവിഷനുകളായി തിരിക്കും.
സ്ത്രീപീഡനങ്ങള്‍ക്കെതിരേ…..
സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന കാലയളവില്‍ കോര്പറേഷന് പരിധിക്കുള്ളിലുള്ള സ്കൂളുകളിലെ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി കൗണ്‍സലിംഗ് സെന്ററുകള്‍ സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ജാഗ്രതാ സമിതികള്‍ കോര്പറേഷന് പരിധിയില്‍ നിര്‍ജീവമാണ്. ജാഗ്രതാ സമിതികളെ പുനര്ജീവിപ്പിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കാന്‍ പോകുന്നത്. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കും. വിനോദങ്ങള്‍ക്കുവേണ്ടി കുട്ടികള്‍ക്കായി മികച്ച ഒരു പാര്ക്കൊരുക്കും.
ആദ്യ ഇടപെടല്‍ വനിതകളുടെ സ്പോര്‍ട്സ് ഹോസ്റ്റലില്‍
കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്ന ഒന്നാണ് വനിതകളുടെ സ്പോര്‍ട്സ് ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യമില്ലായ്മ. ദേശീയ അന്തര്‍ദേശീയ താരങ്ങളടക്കം കണ്ണൂര്‍ ഹോസ്റ്റലിലുണ്ട്. എന്നാല്‍ ഇവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. ഞാന്‍ മേയറായി സ്ഥാനമേറ്റപ്പോള്‍ തന്നെ ഹോസ്റ്റലില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കി. സ്പോര്‍ട്സ് ഹോസ്റ്റലിലെ പ്രവര്‍ത്തനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ എന്റെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ഹോസ്റ്റലിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.
രാഷ്ട്രീയപ്രവര്‍ത്തനം കഴിഞ്ഞാല്‍...
രാഷ്ട്രീയത്തിലാണ് ഞാന്‍ ദിവസത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയും സഹോദരനുമെല്ലാം അടങ്ങുന്ന വലിയൊരു കുടുംബമാണ് ഞങ്ങളുടേത്. രാഷ്ട്രീയത്തിരക്കില്‍ നിന്ന് വീട്ടിലെത്തിയാല്‍ സഹോദരങ്ങളുടെ കുട്ടികളോടൊപ്പം ചെലവഴിക്കുന്നതിനാണ് ഞാന്‍ കൂടുതല്‍ സമയവും ഉപയോഗിക്കുന്നത്.
വിമാനത്താവളവും തുറമുഖവുമുള്ള കണ്ണൂര്‍ ആസ്ഥാന മന്ദിരത്തിന്റെ മുഖഛായ മാറ്റാനുള്ള ശ്രമത്തിലാണ് ചരിത്രത്തില്‍ ഇടം നേടിയ ഇ.പി. ലത. ശക്തമായ പ്രതിപക്ഷ ഭീഷണിയുള്ളപ്പോഴും വികസനത്തിനായി ഇരുമുന്നണികളെയും ഒരുമിപ്പിക്കാനാണ് തന്റെ ശ്രമമെന്നും കണ്ണൂരിന്റെ മേയര്‍ പറയുന്നു.
വിദ്യാഭ്യാസം
കണ്ണൂര്‍ ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പഠനത്തിനു ശേഷം പ്രീഡിഗ്രി ചിന്മയ കോളജില്‍ നിന്ന് പൂര്‍ത്തിയാക്കി. കണ്ണൂര്‍ എസ്എന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും മലബാര്‍ ആര്‍ട്സ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് പറശിനിക്കടവിലെ ഐസിഎം കോളജില്‍ നിന്ന് എച്ച്ഡിസിഎം കോഴ്സ് പൂര്‍ത്തീകരിച്ചതിന് ശേഷം സിക്കീം മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ ബിരുദം പൂര്‍ത്തിയാക്കി. ബംഗളൂരുവിലും കേരളത്തിലുമായി സ്വകാര്യ സ്ഥാപനങ്ങളില്‍ മാനേജരായി ജോലി ചെയ്ത ശേഷമാണ് കണ്ണൂരിന്റെ മേയറായുള്ള കടന്നുവരവ്.
കുടുംബം..
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച മേലെചൊവ്വയിലെ സുകുമാരന്‍ നായരുടെയും മാധവിയുടെയും മകളാണ് ലത. ചിറക്കല്‍ രാജാസ് സ്കൂള്‍ അധ്യാപിക സുമ സഹോദരിയും ക്രിക്കറ്റ് കോച്ച് ബാബുരാജ് സഹോദരനുമാണ്.
തയാറാക്കിയത് : അമല്‍ ജോയ്, വിനീഷ് വിശ്വം,റെനീഷ് മാത്യു
ചിത്രം : ശ്രീജിത്ത് ശ്രീധര്‍, ഗസൂണ് ജി, ജയദീപ് ചന്ദ്രന്