കൊച്ചി: സ്വര്‍ണവില രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. കേരളത്തില്‍ ഇന്നലെ പവന് 22560 രൂപയായി.ഇന്നലെ രണ്ടു തവണ 80 രൂപ വീതം വര്‍ധിക്കുകയായിരുന്നു. 2014 മേയ് ഏഴിന് 22680 രൂപയായിരുന്നു സ്വര്‍ണവില. അതിനുശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണ് ഇന്നലത്തേത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കയറിയതാണ് ഇവിടെ വില കൂട്ടിയത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് (ഫെഡ്) പലിശ നിരക്കു കൂട്ടാതിരുന്നതിനെ തുടര്‍ന്നു വില പെട്ടെന്നു കൂടി. ഔണ്‍സിന് (31.1 ഗ്രാം) 1242 ഡോളറില്‍ ചൊവ്വാഴ്ച ക്ലോസ് ചെയ്ത സ്വര്‍ണം വെള്ളിയാഴ്ച 1289.2 ലാണു ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച കേരളത്തില്‍ 22080 രൂപയായിരുന്നു പവന്. നാലുദിവസം കൊണ്ട് 480 രൂപ (2.17 ശതമാനം) കൂടി. ഏപ്രില്‍ നാലിന് 21200 രൂപയായിരുന്നു വില. അതിനുശേഷം കൂടിയത് 1360 രൂപ (6.42 ശതമാനം).
ജനുവരി ഒന്നിന് 18840 രൂപയായിരുന്നു പവനു വില. അവിടെനിന്നു നാലുമാസം കൊണ്ട് 3720 രൂപ (19.75 ശതമാനം) വര്‍ധനയുണ്ടായി. സമീപ വര്‍ഷങ്ങളില്‍ സ്വര്‍ണത്തിന് ഏറ്റവും മെച്ചപ്പെട്ട ഉയര്‍ച്ച ഉണ്ടായ നാലുമാസമാണു കടന്നുപോയത്.