കേട്ടറിഞ്ഞതെല്ലാം പച്ചക്കള്ളം; ഉത്തര കൊറിയ ഒരു ഭീകര രാഷ്ട്രമൊന്നുമല്ലെന്ന് അവിടം സന്ദര്‍ശിച്ച ബ്ലോഗറുടെ വെളിപ്പെടുത്തല്‍; ഉത്തരകൊറിയന്‍ യാത്രയുടെ വീഡിയോ വൈറല്‍

kim-600ഉത്തരകൊറിയയെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി വലിയ ബന്ധമൊന്നുമില്ലെന്ന് ട്രാവല്‍ ബ്ലോഗറായ ബിന്‍സ്കിയുടെ വെളിപ്പെടുത്തല്‍. കരയ്ക്കിരുന്നുള്ള വള്ളം തുഴയല്‍ എന്നു പറഞ്ഞ് വെറുതേയങ്ങ് തള്ളിക്കളയാന്‍ പറ്റില്ലിത് കാരണം ഉത്തര കൊറിയയില്‍ പോയി താമസിച്ചതിനു ശേഷമാണ് ബിന്‍സ്കി ഇക്കാര്യം പറയുന്നത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങിലേക്ക് ഈ വര്‍ഷം നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വിഡിയോ അദ്ദേഹം യുട്യൂബിലും ഫെയ്‌സ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ ഹിറ്റായി എന്നത് മറ്റൊരു പ്രത്യേകത.
bin1
കേട്ടറിവു മാത്രമുണ്ടായിരുന്ന ഉത്തര കൊറിയയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ചെറുതല്ലാത്ത ആശങ്കകളുണ്ടായിരുന്നെന്ന് ബിന്‍സ്കി തന്നെ തുറന്നു സമ്മതിക്കുന്നു.
അതുകൊണ്ടുതന്നെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചത് പ്രകാരം കര്‍ശനനിയമങ്ങളെല്ലാം പാലിച്ചാണ് യാത്ര നടത്തിയത്. അതിനാല്‍ തന്നെ തന്റെ യാത്രാനുഭവത്തിന്റെ സത്യസന്ധമായ വിവരണമാണ് നല്‍കുന്നതെന്നാണ് ബിന്‍സ്കി പറയുന്നത്. ഉത്തരകൊറിയയിലേക്കുള്ള വിനോദ സഞ്ചാരങ്ങളെല്ലാം നേരത്തെ വ്യക്തമായി ആസൂത്രണം ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. നമ്മള്‍ എവിടെയൊക്കെ പോകണം, എന്തെല്ലാം കാണണം, എന്തെല്ലാം വിവരങ്ങള്‍ നമുക്ക് ലഭിക്കും തുടങ്ങി കാര്യങ്ങള്‍ നേരത്തെ നിശ്ചയിച്ചതിന്‍ പ്രകാരമാണ് നടക്കുക. ഇതിനിടയിലും പ്രദേശവാസികളുമായി സംസാരിക്കാനും ഇടപഴകാനും സാധിച്ചുവെന്നും ഇവരുടെ പെരുമാറ്റം തികച്ചും സാധാരണമായിരുന്നെന്നും അദ്ദേഹം പറയുന്നു.
bin2
ഉത്തരകൊറിയന്‍ യാത്ര പദ്ധതിയിട്ടതിനു ശേഷം നിരവധി ആളുകളില്‍ നിന്നും പല തരത്തിലുള്ള ഉപദേശങ്ങളാണ് ലഭിച്ചത്. അവിടെ പോയാല്‍ ഉത്തരകൊറിയന്‍ സര്‍ക്കാരിനു വേണ്ടി സംസാരിക്കേണ്ടി വരും, അവിടെ കടുത്ത അരാജകത്വമാണ് എന്നുള്ള തരത്തിലുള്ളവയായിരുന്നു ഭൂരിഭാഗവും. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. യാത്രക്ക് ശേഷം ഈ വിഡിയോ തയ്യാറാക്കേണ്ടതെങ്ങനെയെന്ന് ഉത്തരകൊറിയന്‍ അധികൃതര്‍ അന്വേഷിക്കുകയോ ഇടപെടുകയോ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കുകയോ ഉണ്ടായിട്ടില്ല. സിയോളില്‍ ഒന്നര വര്‍ഷത്തോളം കഴിഞ്ഞതിന്റെ ഫലമായി കൊറിയന്‍ ഭാഷ ചെറിയ രീതിയില്‍ പഠിക്കാനായത് യാത്രയില്‍ വലിയ തോതില്‍ ഉപകാരപ്പെട്ടുവെന്നും ബിന്‍സ്കി പറയുന്നു.

2013ല്‍ ഉത്തരകൊറിയയുടെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് ഒരു ക്ലാസ് കേട്ടതിന് ശേഷമാണ് അവിടം സന്ദര്‍ശിക്കാനുള്ള ആഗ്രഹം വരുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ പല രീതികളും ഉത്തരകൊറിയയിലുണ്ടെന്നത് വാസ്തവമാണ്. ഉദാഹരണത്തിന് ടിവിക്കോ വാര്‍ത്തകള്‍ക്കോ അവിടെ വലിയ പ്രാധാന്യമില്ല. സഞ്ചാരികളുടെ കാര്യത്തിലാണെങ്കില്‍ ഉത്തരകൊറിയയില്‍ എത്തുന്നവര്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നിയന്ത്രണത്തിലായിരിക്കും എപ്പോഴും. എന്നാല്‍ ഇതിനര്‍ഥം നമ്മള്‍ എന്തെങ്കിലും കൂട്ടില്‍ കിടന്ന് ഉത്തരകൊറിയ കാണുന്നുവെന്നല്ല. ത്രിദിന സന്ദര്‍ശനത്തിനിടെ താന്‍ പ്യോങ് യാങ് മാരത്തണില്‍ വരെ പങ്കെടുത്തുവെന്ന് 25കാരനായ ബിന്‍സ്കി പറയുന്നു.

നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഉത്തരകൊറിയ മറ്റേതൊരു രാജ്യത്തെയും പോലെയാണെന്നും ബിന്‍സ്കി സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു വിചിത്രമായ ഓര്‍മയും ബിന്‍സ്കി പങ്കുവെക്കുന്നുണ്ട്. ഉത്തരകൊറിയയെക്കുറിച്ച് ആശങ്കയോടെ ചോദിക്കുമ്പോഴെല്ലാം ദക്ഷിണകൊറിയക്കാരായ വിദ്യാര്‍ഥികള്‍ ചിരിക്കാറാണ് പതിവെന്ന് ബിന്‍സ്കി പറയുന്നു. അതൊരു വലിയ തമാശയാണെന്ന രീതിയിലാണത്രേ പുതുതലമുറയിലെ ദക്ഷിണ കൊറിയന്‍ വിദ്യാര്‍ഥികള്‍ പ്രതികരിക്കാറ്. മാത്രമല്ല, ഉത്തരകൊറിയ ഒരു ഭീകരരാഷ്ട്രമാണെന്ന് അവരുടെ സംസാരത്തില്‍ ഒരിക്കലും പ്രതിഫലിച്ചിട്ടില്ലെയെന്നും ബിന്‍സ്കി പറയുന്നു.

Related posts