അമ്മയ്‌ക്കെതിരേ ബദല്‍ സംഘടനയ്ക്കു നീക്കം നടത്തുന്നത് സൂപ്പര്‍ താരങ്ങള്‍ പണികൊടുത്ത രണ്ടു യുവതാരങ്ങള്‍, അമ്മയുടെ പ്രസിഡന്റാകാനില്ലെന്ന് മധു, അമ്മയിലെ പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

222താരസംഘടനയായ ‘അമ്മ’ വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തുടക്കകാലംമുതല്‍ വല്ലാത്തൊരു കെട്ടുറപ്പ് പുറമേയെങ്കിലും കാണിച്ചിരുന്ന സംഘടനയില്‍ ഇപ്പോള്‍ തമ്മിലടി മൂത്തിരിക്കുകയാണ്. നടിയെ ആക്രമിച്ച വിഷയത്തില്‍ അമ്മയും പ്രസിഡന്റ് ഇന്നസെന്റും സ്വീകരിച്ച നയങ്ങളാണ് പുതിയ പ്രതിസന്ധിക്ക് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അമ്മയിലും സിനിമയിലും അടിച്ചമര്‍ത്തപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

തമിഴിലെ നടികര്‍ സംഘം മാതൃകയില്‍ താരങ്ങളുടെ വലുപ്പചെറുപ്പം നോക്കാതെയുള്ള സംഘടനയ്ക്കായി കരുക്കള്‍ നീക്കുന്നത് ഒരു യുവ സംവിധായകനും രണ്ട് നടന്മാരും ചേര്‍ന്നാണ്. ഇടത് അനുഭാവമുള്ള ഈ സംവിധായകന്‍ പ്രമുഖ നടിയുടെ ഭര്‍ത്താവ് കൂടിയാണ്. രണ്ട് യുവ നടന്മാരുടെ കൂടി പിന്തുണയോടെയാണ് നീക്കങ്ങള്‍. സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ട്. അമ്മയെ പിളര്‍ത്താതെ അഭിനയരംഗത്തുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ള പൊതുവേദിയെന്നനിലയില്‍ സംഘടന രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സിനിമയില്‍ അഭിനയിച്ച സീരിയല്‍ താരങ്ങള്‍ക്കും സംഘടനയില്‍ മെംബര്‍ഷിപ്പ് നല്കും.

നടന്‍ തിലകനെ വിലക്കിയപ്പോള്‍ അദേഹത്തിനൊപ്പം അഭിനയിച്ച, നിലപാടെടുത്ത യുവനടന്റെ പിന്തുണയും പുതിയ നീക്കത്തിനുണ്ട്. പ്രത്യക്ഷത്തില്‍ സഹകരിക്കാന്‍ താല്പര്യമില്ലെങ്കിലും എല്ലാവിധ സഹകരണവും ഈ നടന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്തദിവസങ്ങളില്‍ സംഘടനയെക്കുറിച്ച് ആലോചിക്കാന്‍ കൊച്ചിയില്‍ യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, അമ്മ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി. നടിക്കെതിരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയുടെ നിലപാടിനെതിരെ പല താരങ്ങളും പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതോടെ ഇന്നസെന്റ് രാജിവച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. മധു, ബാലചന്ദ്രമേനോന്‍ എന്നിവരെ പ്രസിഡന്‍റാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ തനിക്ക് ഒരു സ്ഥാനത്തിലും താല്പര്യമില്ലെന്ന് മധു വ്യക്തമാക്കി. കുഞ്ചാക്കോ ബോബനെ പുതിയ പ്രസിഡന്‍റ് ആക്കണമെന്ന ആവശ്യം വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.

Related posts