ആപ്പിളിന്‍റെ നികുതി വെട്ടിപ്പും പുറത്തായി

ലണ്ടൻ: പാരഡൈസ് പേപ്പേഴ്സ് വെളിപ്പെടുത്തലിൽ ആപ്പിൾ നടത്തുന്ന വൻ നികുതി വെട്ടിപ്പിന്‍റെ വിവരങ്ങളും പുറത്തുവരുന്നു. 2013 മുതൽ ആപ്പിൾ അനുവർത്തിച്ചു പോരുന്ന പ്രത്യേക തന്ത്രങ്ങൾ വഴി ബില്യണ്‍ കണക്കിന് ഡോളറിന്‍റെ നികുതിയാണ് അവർ ഒഴിവാക്കിയിരിക്കുന്നതെന്നാണ് വെളിപ്പെടുത്തൽ.

252 ബില്യണ്‍ ഡോളർ ഇത്തരത്തിൽ ആപ്പിൾ പൂഴ്ത്തി വച്ചെന്നും ജെഴ്സി ദ്വീപിലേക്കു മാറ്റിയെന്നും ഇതിൽ പറയുന്നു.

എന്നാൽ, തങ്ങൾ നികുതി വെട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും നിയമവിധേയമായി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ആപ്പിൾ അധികൃതർ അവകാശപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ നികുതിദാതാക്കളാണ് ആപ്പിൾ. മൂന്നു വർഷമായി 35 ബില്യണ്‍ ഡോളറിലേറെ കോർപറേഷൻ ടാക്സ് മാത്രം അടയ്ക്കുന്നു.

യുഎസിലെയും അയർലൻഡിലെയും നികുതി നിയമങ്ങളിലുള്ള പഴുതുകൾ ഉപയോഗിച്ചാണ് ആപ്പിൾ വെട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് കണ്ടത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Related posts