Set us Home Page

ജാതി അറിഞ്ഞൊരു കൃഷി

K-JATHIമിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ജാതിയുടെ ജന്മദേശം ഇന്തോനേഷ്യയിലെ ബാന്‍ഡ ദ്വീപുകളാണ്. ബ്രിട്ടീഷുകാരാണ് ജാതികൃഷി മറ്റു പ്രദേശങ്ങളിലേക്കു വ്യാപിപ്പിച്ചത്. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്ട്ര, ഗോവ, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ജാതികൃഷിയുള്ളത്. സ്ഥലവിസ്തൃതിയിലും ഉത്പാദനത്തിലും കേരളമാണ് മുമ്പില്‍. ജാതികൃഷിയില്‍ നല്ല വിളവു കിട്ടാന്‍ ഏറ്റവും യോജിച്ചത് ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ്. മണല്‍ മണ്ണും ചെമ്മണ്ണും കൃഷിക്കനുയോജ്യമാണ്. എന്നാല്‍ മണ്ണില്‍ ധാരാളം ജൈവാംശംവും നനയ്ക്കാന്‍ വേണ്ടത്ര വെള്ളവും ആവശ്യമാണ്. പക്ഷേ മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കുകയുമരുത്.

ചെറിയതോതില്‍ തണല്‍ ആവശ്യമാണെങ്കിലും 60 ശതമാനമെങ്കിലും സൂര്യപ്രകാശം കിട്ടുന്ന തോട്ടങ്ങളിലാണ് നല്ല വിളവു ലഭിക്കുന്നത്. നേരിട്ടടിക്കുന്ന വെയിലിനേക്കാള്‍ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ് ജാതിക്കൃഷിക്കുത്തമം. വിത്തുപാകി മുളപ്പിച്ച തൈകളോ ബഡ്ഡുകളോ ഒട്ടുതൈകളോ ജാതിക്കൃഷിക്കുപയോഗിക്കാം. നല്ലതുപോലെ മൂപ്പെത്തിയതും പുറന്തോട് പൊട്ടിത്തുടങ്ങിയതുമായ കായ്കള്‍ വിത്തിനെടുക്കാം. ഒട്ടും വൈകാതെ പുറംതോടും പത്രിയും ഇളക്കിമാറ്റി വിത്തു പാകണം. തണലും തണുപ്പുമുള്ള ഇടങ്ങളില്‍ ഒന്ന് ഒന്നേകാല്‍ മീറ്റര്‍ വീതിയിലും അരയടി ഉയരത്തിലും ആവശ്യമായ നീളത്തിലും വാരമെടുത്തു മണ്ണും മണലും 3:1 അനുപാതത്തില്‍ കലര്‍ത്തി ഇതില്‍ നടാം. പാകിയശേഷം നല്ല പൊടിമണ്ണുവിതറി വെയിലേല്‍ക്കാതെ പച്ചിലകൊണ്ട് പുതയിടണം. പതിവായി നനയ്ക്കണം. രണ്ടുമാസത്തിനകം വിത്തുകള്‍ മുളയ്ക്കും.

രണ്ടില പരുവമാക്കുമ്പോള്‍ ജാതിതൈ, വേരുകള്‍ക്കു കേടുവരാതെ ഇളക്കിയെടുത്ത് പോട്ടിംഗ് മിശ്രിതം (മണല്‍, മണ്ണ്, ചാണകപ്പൊടി എന്നിവ തുല്യ അനുപാത്തില്‍ ചേര്‍ത്തിളക്കിയ മിശ്രിതം) നിറച്ച പോളിത്തീന്‍ ബാഗുകളില്‍ നടണം. അടുത്ത കാലവര്‍ഷം തുടങ്ങുമ്പോള്‍ പ്രധാന കൃഷിയിടത്തില്‍ മൂന്നടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് മേല്‍മണ്ണും ഒപ്പം ഉണക്കിപ്പൊടിച്ച ചാണകം അല്ലെങ്കില്‍ കമ്പോസ്റ്റും നിറച്ചു അതില്‍ തൈകള്‍ നടാം. തനിവിളയായിട്ടോ തെങ്ങിന്‍ തോട്ടങ്ങളിലോ കവുങ്ങിന്‍ തോപ്പിലോ ഇടവിളയായിട്ടു ജാതി കൃഷിചെയ്യാം. തനിവിളയായിട്ടാണ് കൃഷി ചെയ്യുന്നതെങ്കില്‍ തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടിവരും. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നപക്ഷം ജാതിച്ചെടികള്‍ കരിഞ്ഞു പോകാന്‍ സാധ്യത ഉണ്ട്.

അതിനാല്‍ ശീമക്കൊന്ന, മുള്ളില്ലാമുരിക്ക് തുടങ്ങിയ തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു ജാതികൃഷിചെയ്യാം. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഫീല്‍ഡ് ബഡ്ഡ് എന്ന രീതിയിലൂടെയും ഒട്ടിക്കല്‍ (അപ്രോച്ച് ഗ്രാഫ്റ്റിംഗ്), തളിരൊട്ടിക്കല്‍ (എപ്പിക്കോട്ടയിന്‍ ഗ്രാഫ്റ്റിംഗ്) എന്നീ രീതികളില്‍ ജാതി നടീല്‍ വസ്തുവുണ്ടാകാം. നിത്യഹരിതമായ ഏകദേശം 20 മീറ്റര്‍ ഉയരത്തില്‍ വളരുന്ന വൃക്ഷമാണ് ജാതി. വിത്ത് മുളച്ചുണ്ടാകുന്ന തൈകള്‍ വളരെ ഉയരത്തില്‍ പടര്‍ന്നു പന്തലിച്ചു വളരുമ്പോള്‍ ബഡ്ഡു തൈകളോ ഒട്ടുതൈകളോ അത്ര ഉയരത്തില്‍ വളരുന്നില്ല. ജാതികൃഷിയില്‍ വിളവു കട്ടാന്‍ ശാസ്ത്രിയ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ സന്തുലിതമായ വളപ്രയോഗം വേണം. മണ്ണിലെ പുളിപ്പിന്റെ തീവ്രതയ്ക്കനുസരിച്ചു കുമ്മായവും കാത്സ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും അഭാവം പരിഹരിക്കാന്‍ ഡോളോമൈറ്റും ഉപയോഗിക്കാവുന്നതാണ്.

രാസവളമാണ് പ്രയോഗിക്കുന്നതെങ്കില്‍ ഒന്നാം വര്‍ഷത്തില്‍ 45 ഗ്രാം യൂറിയ, 90 ഗ്രാം മസൂറിഫോസ് അഥവ രാജ് ഫോസ്, 170–180 ഗ്രാം പൊട്ടാ ഷ് എന്നിവ ഉപയോഗിക്കാം. ഇങ്ങനെ രാസവളപ്രയോഗം ക്രമേണകൂട്ടി 15 വര്‍ഷം മുതല്‍ 1.10 കിലോ യൂറിയ 1.25 കിലോ മസൂറിഫോസ് അഥവ രാജ്‌ഫോസ്, 1.70 കിലോ പൊട്ടാഷ് എന്നിവ ഉപയോഗിക്കേണ്ടതാണ്. മേല്‍ സൂചിപ്പിച്ച രാസവളങ്ങള്‍ പകുതി വീതം രണ്ടുപ്രാവിശ്യമായിട്ടു ജൂണിലും സെപ്റ്റംബറിലും പ്രയോഗിക്കാവുന്നതാണ്. ജൈവളമാണുപയോഗിക്കുന്നെങ്കില്‍ ഒന്നാം വര്‍ഷം 10 കിലോ മണ്ണില്‍ പ്രയോഗിക്കുക.

ഇതു ക്രമേണ കൂട്ടി 15 വര്‍ഷമാകുമ്പോള്‍ 50 കിലോ വരെ ആക്കാം. സൂക്ഷ്മമൂലകമായ ബോറോണിന്റെ അഭാവത്തില്‍ ജാതിക്കായ് മൂപ്പെത്താതെ വീണുപൊട്ടുന്നത് തടയാനായി ബോറാക്‌സ് 50 ഗ്രാം വരെ ചെടിയൊന്നിന് ചൂവട്ടില്‍ ഇട്ടുകൊടുക്കുകയോ രണ്ടു മുതല്‍ അഞ്ചു ഗ്രാം വരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുകയോ ചെയ്യാം. ജാതിയില്‍ ആണ്‍–പെണ്‍ മരങ്ങള്‍ വെവേറെ കാണപ്പെടുന്നുണ്ടെങ്കിലും അപൂര്‍വമായി രണ്ടു പൂക്കളും ഒരുമിച്ചു കാണുന്നു. ജാതിയില്‍ പരാഗണം നടത്തുന്നത് കാറ്റാണ്. വര്‍ഷം മുഴുവന്‍ ജാതി പുഷ്പ്പിക്കുമെങ്കിലും ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് പൂക്കള്‍ കൂടുതലായി കാണപ്പെടുന്നത്. ഈ പൂക്കളാണ് ജൂണ്‍–ജൂലൈ മാസങ്ങളില്‍ വിളഞ്ഞുപാകമാകുന്നത്. നല്ലതുപോലെ വിളഞ്ഞ കായ്കള്‍ പുറന്തോടുപൊട്ടി പത്രിയും കായും പുറത്തേക്കു കാണാനാവും. ബഡ്ഡുകളും ഒട്ടുകളും മൂന്നാം വര്‍ഷം മുതലും വിത്തുപാകി മുളപ്പിച്ച തൈകള്‍ 7–8 വര്‍ഷത്തിനുള്ളിലും കായ്ക്കും. ഏതൊരു കൃഷിയും പോലെ ജാതിയിലും കീടരോഗപ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. ജൈവവളമായി ചാണകം ഇടുമ്പോള്‍ അത് െ്രെടക്കോഡര്‍ മയും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് സമ്പുഷ്ടമാക്കിയതിനുശേഷം ചേര്‍ക്കുവാന്‍ ശ്രദ്ധിക്കണം.

ഇലകരിച്ചില്‍, ഇലപ്പുള്ളി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്യൂഡോമോണസ് ലായനി 20 ഗ്രാം ഒരു ലിറ്ററിന് എന്ന തോതില്‍ കലക്കി തടത്തിലെ മണ്ണു നനയത്തക്ക രീതിയില്‍ ഒഴിച്ചു കൊടുക്കണം. ജാതിച്ചെടികള്‍ തമ്മില്‍ 25–28 അടി അകലം പാലിച്ച് സൂര്യപ്രകാശം ക്രമീകരിച്ചു കൊടുക്കുന്ന പക്ഷം കീടരോഗ സാധ്യത കുറക്കാം. മുടിനാര് രോഗം പോലുള്ള രോഗങ്ങള്‍ക്കു രോഗം ബാധിച്ച ഇലയും തണ്ടും മുറിച്ചു കത്തിച്ചുനശിപ്പിക്കണം. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം കുമിള്‍നാശിനിയായ ബോര്‍ഡോമിശ്രതം തളിച്ചുകൊടുക്കാവുന്നതാണ്. ഇത്തരത്തില്‍ വിവിധ കൃഷി പരിപാലനമുറകള്‍ സംയോജിപ്പിച്ചു ശാസ്ത്രീയമായി അവലംബിക്കുന്ന പക്ഷം ജാതികൃഷി വിജയകരമാക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 2523421 ഇമെയില്‍ kvkkottayam@kau.in

റാണി ആര്‍ ഉണ്ണിത്താന്‍, ഡോ. ശൈലജ കുമാരി
കെവികെ, കോട്ടയം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS