ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ബന്ധുക്കളുടെ ഉല്ലാസ യാത്ര വിവാദത്തില്‍ ! ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ട പോലീസ് ബോട്ട് ദുരുപയോഗം ചെയ്തതായി ആരോപണം…

കുമളി: പോലീസിന്റെ ഔദ്യോഗിക ബോട്ടില്‍ മുല്ലപ്പെരിയാറില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ബന്ധുക്കള്‍ ഉല്ലാസ യാത്ര നടത്തിയതായി ആരോപണം. ഡിജിപി ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം ഔദ്യോഗിക ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന സ്പീഡ് ബോട്ട് ഉല്ലാസയാത്രയ്ക്ക് ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തായി.വെളളിയാഴ്ച രാവിലെയാണ് രണ്ട് സ്ത്രീകളടക്കം നാലംഗ സംഘം അണക്കെട്ട് കാണാന്‍ മുല്ലപ്പെരിയാറില്‍ എത്തിയത്.

ഇവര്‍ക്ക് ബോട്ട് ലഭ്യമാക്കിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്നാണെന്നാണ് ആരോപണം. അതേസമയം ചട്ടലംഘനത്തെക്കുറിച്ച് തമിഴ്‌നാട് ക്യു ബ്രാഞ്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് വിവരം.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വനം വകുപ്പിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും ബോട്ടുകള്‍ ഉണ്ട്. ഈ ബോട്ടുകള്‍ ഒഴിവാക്കിയാണ് പൊലീസിന്റെ ഔദ്യോഗിക ബോട്ട് ഉപയോഗിച്ചതെന്നാണ് ആരോപണം.

Related posts