വേറൊരു മനുഷ്യനെ കാണണമെങ്കില്‍ നൂറുകണക്കിന് മൈല്‍ സഞ്ചരിക്കണം; അയല്‍ക്കാര്‍ കരടിയും ചെന്നായ്ക്കളും; തണുത്തുറഞ്ഞ അലാസ്കയിലെ ഒറ്റപ്പെട്ട സ്ഥലത്ത് വസിക്കുന്ന ആച്ച്‌ലി കുടുംബത്തിന്റെ കഥ…

44നമ്മളില്‍ ഒട്ടുമിക്ക ആളുകളുടെയും ആഗ്രഹമാണ് സമാധാനവും ശാന്തവുമായി ജീവിക്കുക എന്നത്. എന്നാല്‍ ഈ തിരക്കു പിടിച്ച ജീവിതത്തിനിടെ അത് ഒരു സ്വപ്‌നമായി അവശേഷിക്കുകയാണ് പതിവ്. എന്നാല്‍ ഈ ആച്ച്‌ലി കുടുംബം കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ജീവിച്ചു തീര്‍ക്കുന്നത് ആ സ്വപ്‌നസമാനമായ ജീവിതമാണ്. മഞ്ഞുമൂടിയ അലാസ്കയിലെ ഒരു ഒറ്റപ്പെട്ട പ്രദേശത്താണ് ഡേവിഡും റോമിയും 13കാരന്‍ മകന്‍ സ്‌കൈയും സസന്തോഷം വസിക്കുന്നത്. ഇവര്‍ മൂവരുമല്ലാതെ മറ്റൊരു മനുഷ്യനെ കാണണമെങ്കില്‍ 250 മൈല്‍ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ ആ ഏകാന്തതയുടെ ആഴം. ഫെയര്‍ബാങ്ക് ആണ് തൊട്ടടുത്തുള്ള നഗരം. തെന്നുന്ന വണ്ടിയിലാണ് ഈ കുടുംബം വീട്ടു സാധനങ്ങള്‍ വാങ്ങാനായി ഈ നഗരത്തിലെത്തുന്നത്. മഞ്ഞിലെ ജീവിതം പോലെ അതീവ സാഹസം നിറഞ്ഞതും അപകടകരവുമാണ് ഈ യാത്ര.

55ഫേസ്ബുക്കോ വാട്‌സ് ആപ്പോ ഇവരുടെ ജീവിതത്തിന്റെ ഭാഗമല്ല. തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇവര്‍ക്ക് യാതൊരു ആശങ്കയുമില്ല. അയല്‍വാസികളാവട്ടെ ക്രൂരന്മാരായ കരടികളും വിശന്നുവലഞ്ഞ ചെന്നായ്ക്കളും. കൂടാതെ കാട്ടുതീ, കടുത്ത മഞ്ഞ് എന്നീ ഭീഷണികള്‍ വേറെയും. താപനിലയാവട്ടെ മൈനസ് 65 ഡിഗ്രിയും.ബ്രിട്ടീഷ് ഫോട്ടോ ജേര്‍ണലിസ്റ്റായ എഡ് ഗോള്‍ഡാണ് ഈ കുടുംബത്തിന്റെ ഏകാന്തവാസത്തിന്റെ കഥ പുറത്തു കൊണ്ടുവന്നത്. കോള്‍ചെസ്റ്റര്‍ ഫസ്റ്റ്‌സൈറ്റ് ഗാലറിയില്‍ ഇവരുടെ ജീവിത പശ്ചാത്തലം വിശദീകരിക്കുന്ന ഫോട്ടോകളുടെ പ്രദര്‍ശനവും ഗോള്‍ഡ് സംഘടിപ്പിച്ചു.

22ആച്ച്‌ലികളുടെ ജീവിതരീതി മറ്റു മനുഷ്യരില്‍ നിന്നും അല്‍പം വ്യത്യസ്ഥമാണ്. അലാസ്കയിലെ വെളിച്ചത്തെ അടിസ്ഥാനമാക്കിയുള്ള സമയക്രമമാണ് ഇവരുടേത്. നമ്മള്‍ തിളപ്പിക്കുന്നതല്ലാതെ ചൂടുവെള്ളം ഇവിടെ ലഭ്യമില്ല. പിന്നെയുള്ളത് മഞ്ഞിനാല്‍ സ്വയം നിര്‍മിതമായ ഫ്രിഡ്ജ്. രണ്ടു വര്‍ഷത്തേക്കു വേണ്ടുന്ന ടിന്‍ ഭക്ഷണം ഇവര്‍ സൂക്ഷിക്കുന്നു. മകന്‍ സ്‌കൈയ്ക്ക് വേണ്ടുന്ന അറിവുകളെല്ലാം പകര്‍ന്നു കൊടുക്കുന്നത് മാതാപിതാക്കളാണ്. ഡ്രാഗണ്‍ ഗെയിമും വിഡിയോ ഗെയിമുമാണ് സ്‌കൈയുടെ ഇഷ്ട വിനോദങ്ങള്‍.

11ഇന്റര്‍നെറ്റില്ലാത്ത ലോകത്തേക്ക് ഈ കുടുംബം എത്തിപ്പെടുന്നത് 1999ലാണ്. അതിജീവനത്തിനു വേണ്ട പ്രാഗത്ഭ്യം നേടിയതിനു ശേഷമാണ് ഡേവിഡും റോമിയും ഈ വിദൂര സ്ഥലത്തേക്കു വരുന്നത്. ഇപ്പോള്‍ 52 വയസുള്ള ഡേവിഡിന് മുമ്പ് നഗരത്തിലായിരുന്നു ജോലി, 44 വയസുള്ള റോമി മുമ്പ് ഒരു ഹോട്ടലിലെ പരിചാരികയായിരുന്നു. മകനെക്കൂടാതെ വളര്‍ത്തു നായ ചാര്‍ളി മാത്രമാണ് ഇവരുടെ കൂടെയുള്ളത്്. 100 മൈല്‍ അകലെയുള്ള സ്വര്‍ണഖനിയില്‍ ഡേവിഡ് ജോലിയ്ക്കു പോകാറുണ്ട്. ഇതു കൂടാതെ വീട്ടില്‍ തുന്നുന്ന വസ്ത്രങ്ങള്‍ ടൗണില്‍ കൊണ്ടു പോയി വിറ്റും ഇവര്‍ നിത്യച്ചിലവിനുള്ള വക കണ്ടെത്തുന്നു. വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം റോമിയും മകനും സ്വന്തം കുടുംബാംഗങ്ങളെ കാണാനായി അലബാമയിലേക്കു പോകാറുണ്ട്. ” പതിനെട്ടു വര്‍ഷത്തെ ഒറ്റപ്പെട്ട വാസം നിങ്ങളില്‍ എന്തു മാറ്റമുണ്ടാക്കി എന്നറിയാനാണ് ആളുകള്‍ക്ക് താത്പര്യം” ഡേവിഡ് പറയുന്നു. നിങ്ങള്‍ ഒരു കാര്യത്തെക്കുറിച്ച് രണ്ടു രീതിയില്‍ ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ ഒരേ കാര്യത്തെക്കുറിച്ച് മാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഞങ്ങള്‍ക്ക് അതിന് സമയമുണ്ടെന്നതാണ് കാര്യം ഡേവിഡ് പറയുന്നു.

33ആച്ച്‌ലി കുടുംബത്തിന്റെ കഥ ഫോട്ടോഗ്രാഫര്‍ എഡ് ഗോള്‍ഡ്  ട്രാവലിംഗ് മാഗസിനായ  വില്‍സ്റ്റിലാണ് പ്രസിദ്ധീകരിച്ചത്. മൂന്നാഴ്ച ഇവരോടൊപ്പം ചിലവഴിച്ചാണ് ഗോള്‍ഡ് ഇവരുടെ വ്യത്യസ്ഥമായ ജീവിതം ചിത്രീകരിച്ചത്. അഞ്ച് കണക്ടിംഗ് വിമാനങ്ങള്‍ കയറിയാണ്  ഗോള്‍ഡ് ഇവിടെയെത്തിയത്. ഇവര്‍ ഇവര്‍ സന്തോഷത്തോടെയാണ് കഴിയുന്നത്. കാരണം അവര്‍ക്ക് ആവശ്യമുള്ളത് ഇവിടെയുണ്ട്. ഗോള്‍ഡ് പറയുന്നു. തനിക്ക് ഒരിക്കല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ താത്പര്യമുണ്ടെന്നാണ് ഡേവിഡിന്റെ ഭാര്യ റോമി പറയുന്നത്. എന്നാല്‍ റോമി അങ്ങനെ ചെയ്താല്‍ പിന്നെ അവര്‍ തന്റെ ഭാര്യയായിരിക്കില്ലെന്നാണ് ഡേവിഡ് പറയുന്നത്. ലോകം തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഇഷ്ടമല്ലാത്തതാണ് ഡേവിഡിനെ ഇതു പറയാന്‍ പ്രേരിപ്പിക്കുന്നത്.

Related posts