കറന്‍സി വിപണികളില്‍ കോളിളക്കം

RUPEESകയ്‌റോ: രാജ്യാന്തര കറന്‍സി വിപണിയില്‍ കോളിളക്കം. ചൈന വിദേശനാണയ കൈമാറ്റത്തിനു നികുതി ചുമത്തുമെന്നു സൂചിപ്പിച്ചതു ചൈനീസ് കറന്‍സിയായ യുവാന്റെ വില താഴ്ത്തി. ഈജിപ്ത് അവരുടെ കറന്‍സിയായ ഈജിപ്ഷ്യന്‍ പൗണ്ടിന്റെ വിനിമയനിരക്ക് 13 ശതമാനം കുറച്ചു. ഇതുപോരാ, ഏഴെട്ടു ശതമാനംകൂടി കുറയ്ക്കണമെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

ചൈനീസ് കറന്‍സിയിലെ ഊഹക്കച്ചവടം ശമിപ്പിക്കാനാണു നികുതി ചുമത്തുന്നതെന്നു ചൈനീസ് കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയിലെ ഉന്നതര്‍ സൂചിപ്പിച്ചു. കറന്‍സിയിലെ ഊഹക്കച്ചവടം കുറയ്ക്കാനായി കറന്‍സി വ്യാപാരത്തിനു നികുതി ചുമത്തുക എന്ന നിര്‍ദേശം 1972-ല്‍ അമേരിക്കന്‍ ധനശാസ്ത്രജ്ഞന്‍ ജയിംസ് ടോബിന്‍ മുന്നോട്ടു വച്ചതാണ്. തന്മൂലം ഇത്തരം നികുതികള്‍ക്കു ടോബിന്‍ നികുതി എന്ന പേരു വന്നു.

യുവാന്റെ വിലയിടിക്കാന്‍ സംഘടിതശ്രമം ഉണെ്ടന്നാണു ചൈന കരുതുന്നത്. ഓഗസ്റ്റില്‍ ചൈന ഔപചാരികമായി വിനിമയനിരക്ക് അല്പം കുറച്ചിരുന്നു. പിന്നീടു കമ്പോളം വില നിശ്ചയിക്കും എന്ന നിലപാടാണ് പരസ്യമായി എടുത്തത്. എന്നാല്‍, വില ക്രമേണ തുടര്‍ച്ചയായി താണു. വില പിടിച്ചുനിര്‍ത്താന്‍ വന്‍തോതില്‍ ഡോളര്‍ വില്‍ക്കേണ്ടിവന്നു ചൈനയ്ക്ക്. ഒന്നര വര്‍ഷംകൊണ്ടു ചൈനയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ 25 ശതമാനം കുറവുണ്ടായി. വിദേശികള്‍ നിക്ഷേപം മടക്കിക്കൊണ്ടുപോയതും ചൈനീസ് കമ്പനികള്‍ വിദേശവായ്പകള്‍ തിരിച്ചടച്ചതും ഒക്കെച്ചേര്‍ന്നാലും കരുതല്‍ ശേഖരത്തിലെ ഇത്ര വലിയ കുറവിനു ന്യായീകരണമാകില്ല. യുവാനെ പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വിറ്റതുകൂടിച്ചേര്‍ന്നാണ് ഒരു ലക്ഷം കോടി ഡോളര്‍ കുറവുന്നത്.

ഇനിയും ഇതേ തോതില്‍ ചൈനയ്ക്കു ഡോളര്‍ വില്ക്കാന്‍ കഴിയില്ലെന്ന് ഊഹക്കച്ചവടക്കാര്‍ കരുതുന്നു. അവര്‍ മത്സരിച്ച് ഹോങ്കോംഗിലും മറ്റും യുവാന്റെ വിലയിടിക്കുകയാണ്. നേരത്തേ ചൈനയിലെ വിപണിയില്‍ യുവാനു കൂടുതല്‍ വിലയുണ്ടായിരുന്നു. ഊഹക്കച്ചവടക്കാര്‍ വിലവ്യത്യാസം മുതലാക്കാതിരിക്കാന്‍ ചൈനയിലെ വിപണിവില കുറച്ചിട്ടുണ്ട്. ഇനിയും ഊഹക്കച്ചവടം വര്‍ധിക്കുകയാണെങ്കില്‍ നികുതി ചുമത്താനാണു നീക്കം.

ഈജിപ്തില്‍ വിദേശനാണ്യ നിയന്ത്രണം ഫലിക്കാതെ വന്നപ്പോഴാണു കറന്‍സിയുടെ വില കുറച്ചത്. 2011ല്‍ വിപ്ലവത്തിനു മുമ്പ് 3,600 കോടി ഡോളര്‍ ശേഖരമുണ്ടായിരുന്നത് ഇപ്പോള്‍ 1,650 കോടി ഡോളറായി കുറഞ്ഞു. മൂന്നുമാസത്തെ ഇറക്കുമതിക്കു കഷ്ടിച്ചേ ഇതു തികയൂ. ഐഎസ് ആക്രമണങ്ങളും മറ്റും വിദേശ സഞ്ചാരികളുടെ വരവ് കുറച്ചതാണ് ഈജിപ്തിനെ വലയ്ക്കുന്ന ഘടകം. ഡോളറിന് 8.85 ഈജിപ്ഷ്യന്‍ പൗണ്ടിലേക്കാണു വില താഴ്ത്തിയത്. ഡോളറിന് ഒമ്പതര പൗണ്ട് ആക്കണമെന്നു കറന്‍സി വിദഗ്ധര്‍ പറയുന്നു.

Related posts