അതിര്‍ത്തിയിലെ വെടിയൊച്ചയില്‍ ആടിയുലഞ്ഞ് ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍

bis-ohariഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: ഇന്ത്യാ–പാക് അതിര്‍ത്തിയില്‍നിന്നുള്ള വെടിയൊച്ചയുടെ പ്രകമ്പനത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും ആടിയുലഞ്ഞു. സാങ്കേതികമായി ദുര്‍ബലമായ ഇന്ത്യന്‍ വിപണിയെ പ്രതികൂല വാര്‍ത്തകള്‍ കുടുതല്‍ സമ്മര്‍ദത്തിലാക്കി. അതിര്‍ത്തിയിലെ സൈനികനീക്കങ്ങള്‍ക്കിടയിലും വിദേശഫണ്ടുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെ വിശ്വാസം നിലനിര്‍ത്തി.

പ്രമുഖ ഓഹരി സൂചികകള്‍ സാങ്കേതികമായി തളര്‍ന്നതു കണക്കിലെടുത്താല്‍ ഈ വാരം വില്പനക്കാര്‍ വിപണിയില്‍ നുഴഞ്ഞുകയറി ആധിപത്യം സ്ഥാപിക്കാന്‍ ശ്രമം നടത്താം. ഡെയ്‌ലി ചാര്‍ട്ടില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഇതിനകംതന്നെ സെല്ലിംഗ് മൂഡിലാണ്. വീക്കിലി ചാര്‍ട്ട് നെഗറ്റീവ് സോണിലേക്ക് പ്രവേശിക്കുകയാണ്.

നിഫ്റ്റി 21, 50 ദിവസങ്ങളിലെ ശരാശരിയേക്കാള്‍ താഴ്ന്നത് ഹ്രസ്വകാലയളവില്‍ തിരുത്തല്‍ ശക്തമാക്കാം. 100 ഡിഎംഎ ആയ 8,400ലെ സ്‌പോര്‍ട്ടിലേക്ക് നിഫ്റ്റി പരീക്ഷണങ്ങള്‍ക്കു മുതിരാം. മുന്‍വാരം സൂചിപ്പിച്ച തേഡ് സ്‌പോര്‍ട്ടായ 8,650നെ തകര്‍ത്ത് നിഫ്റ്റി 8,560 വരെ താഴ്ന്ന ശേഷം ക്ലോസിംഗില്‍ 8,611ലാണ്.

നിഫ്റ്റി സൂചിക പോയ വാരം 2.5 ശതമാനം താഴ്ന്നു. വിപണിയുടെ പ്രതിവാര നഷ്ടം 220 പോയിന്റ്. ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും കനത്ത പ്രതിവാര ഇടിവാണിത്. ഏഴു മാസത്തിനിടയില്‍ ആദ്യമായി പ്രതിമാസ തകര്‍ച്ചയെയും നിക്ഷേപകര്‍ ഇതിനിടയില്‍ ദര്‍ശിച്ചു. വാരാന്ത്യം 8,611ല്‍ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം ആദ്യതാങ്ങ് 8,515ലാണ്. ഈ സ്‌പോര്‍ട്ട് നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും വിപണി കാഴ്ചവയ്ക്കാമെങ്കിലും ഈ താങ്ങു നഷ്ടപ്പെട്ടാല്‍ 8,419–8,278ലേക്ക് സാങ്കേതിക പരീക്ഷണം പ്രതീക്ഷിക്കാം.

എന്നാല്‍, ആദ്യതാങ്ങ് നഷ്ടപ്പെട്ടില്ലെങ്കില്‍ സൂചിക 8,752ലേക്ക് സഞ്ചരിക്കാം. ഈ റേഞ്ചില്‍ പുതിയ ഷോട്ട് പൊസിഷനുകള്‍ ഉടലെടുത്താല്‍ ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ ഒക്ടോബര്‍ സീരിസ് അതിശക്തമായ ചാഞ്ചാട്ടങ്ങള്‍ക്കു സാക്ഷ്യം വഹിക്കാം. സൂചികയുടെ മറ്റു സാങ്കേതിക വശങ്ങള്‍ നിരീക്ഷിച്ചാല്‍ പാരാബോളിക് എസ്എആര്‍, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്, സ്ലോ സ്‌റ്റോക്കാസ്റ്റിക്, ആര്‍എസ്‌ഐ –14 എന്നിവ തിരുത്തലിനുള്ള സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നു. എംഎസിഡി സീറോ ലെവലിലും താഴ്ന്നത് സെല്‍ പ്രഷര്‍ ഇരട്ടിപ്പിക്കാം.

സെപ്റ്റംബര്‍ ആദ്യവാരം 8,968 വരെ ഉയര്‍ന്ന ശേഷമുള്ള ഇപ്പോഴത്തെ തിരുത്തല്‍ പത്തു ശതമാനം വരെ തുടരാം. അത്തരം ഒരു സാധ്യത മുന്നില്‍ കണ്ടാല്‍ നിഫ്റ്റി 200 ഡേ മുവിംഗ് ആവറേജായ 8,000 പോയിന്റ് വരെ തിരുത്തല്‍ കാഴ്ചവയ്ക്കാം. രാജ്യത്തിന്റെ നിലവിലുള്ള സമ്പദ്ഘടനയും കാര്‍ഷിക വളര്‍ച്ചാനിരക്കുമെല്ലാം വ്യവസായികള്‍ കണക്കിലെടുത്താല്‍ താഴ്ന്ന റേഞ്ചിലേക്കുള്ള ഓഹരി സൂചികയുടെ തിരുത്തല്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് അവസരം ഒരുക്കാം.

ബോംബെ സെന്‍സെക്‌സ് 28,555 റേഞ്ചില്‍നിന്നുള്ള തകര്‍ച്ചയില്‍ 27,730 വരെ ഇടിഞ്ഞു. വാരാന്ത്യം അല്പം മെച്ചപ്പെട്ട് 27,865ലേക്ക് കയറി. സെന്‍സെക്‌സ് 28,370ലേക്ക് തിരിച്ചുവരവിനു ശ്രമം നടത്താം. അതിനുള്ള കരുത്ത് ലഭ്യമായില്ലെങ്കില്‍ സൂചിക 27,545–27,225ലേക്കും തുടര്‍ന്ന് 26,720ലേക്കും തിരിയാം. രാജ്യത്തിന്റെ അതിര്‍ത്തിയില്‍നിന്നുള്ള വാര്‍ത്തകളെ ആസ്പദമാക്കിയാവും സൂചിക തേഡ് സപ്പോര്‍ട്ടിലേക്ക് പരീക്ഷണം നടത്തുക.

വിദേശ ഫണ്ടുകള്‍ പോയവാരം 4,799.80 കോടി രൂപയുടെ നിക്ഷേപം നടത്തി. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയില്‍ ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയുടെ മൂല്യം 66.96ലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് നിരക്ക് 66.62ലേക്ക് ശക്തി പ്രാപിച്ചു. സെപ്റ്റംബറിലെ വിദേശ നിക്ഷേപം 20,233 കോടി രൂപയാണ്. കഴിഞ്ഞ പതിനൊന്ന് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണിത്. 2015 ഒക്ടോബറിലെ നിക്ഷേപം 20,350 കോടി രൂപയായിരുന്നു.

ആര്‍ബിഐ നാളെ വായ്പാ അവലോകനം നടത്തും. പലിശനിരക്കുകളില്‍ മാറ്റം വരുത്തുമെന്ന് ഒരു വിഭാഗം കണക്കുകൂട്ടുമ്പോഴും രാജ്യത്തെ പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തിയാല്‍ പലിശ സ്‌റ്റെഡിയായി നിലനിര്‍ത്താം. ഒപെക് ക്രൂഡ് ഓയിലിന്റെ പ്രതിദിന ഉത്പാദനം 33 ബില്യന്‍ ബാരലില്‍നിന്ന് 32.5 ബില്യന്‍ ബാരലായി കുറയ്ക്കും.ന്യൂയോര്‍ക്കില്‍ ക്രൂഡ് ഓയില്‍ ബാരലിന് 48 ഡോളറിലാണ്. കഴിഞ്ഞമാസം എണ്ണവില എട്ടു ശതമാനം ഉയര്‍ന്നു.

Related posts