ആദായനികുതി റിട്ടേണുകള്‍ ജൂലൈ 31നു മുമ്പ്

FB-TAXനികുതിലോകം / ബേബി ജോസഫ്(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)

നിര്‍ബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത നികുതിദായകര്‍ക്കുള്ള 2015-16 സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ ഈ മാസം 31നകം ഫയല്‍ ചെയ്യേണ്ടതാണ്. ശമ്പളം ലഭിക്കുന്നവര്‍, വാടക വരുമാനം, നിര്‍ബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത പ്രൊപ്രൈറ്ററി ബിസിനസുകാരും പങ്ക് വ്യാപാര സ്ഥാപനങ്ങളും അവരുടെ പങ്കുകാരും മറ്റു വരുമാനമുള്ളവരും 31നാണ് പിഴയും പലിശയും കൂടാതെ റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടത്. ഓരോ നികുതിദായകനും ഉപയോഗിക്കേണ്ട റിട്ടേണുകളെപ്പറ്റി താഴെ വിവരിക്കുന്നു.

ഐടിആര്‍ 1 സഹജ്

ശമ്പളക്കാര്‍, പെന്‍ഷന്‍ ലഭിക്കുന്നവര്‍, ഒരു പ്രോപ്പര്‍ട്ടിയില്‍നിന്നു മാത്രം വാടക ലഭിക്കുന്നവര്‍ (മുന്‍കാല നഷ്ടം ഈ വര്‍ഷത്തേക്കു കൊണ്ടുവരുന്നവര്‍ ഇതുപയോഗിക്കരുത്), മറ്റു വരുമാനക്കാര്‍ (ലോട്ടറിയില്‍നിന്നും കുതിരപ്പന്തയത്തില്‍നിന്നും ലഭിക്കുന്ന വരുമാനം ഒഴികെ) എന്നിവര്‍ക്കാണ് ഈ ഫോം ഉപയോഗിക്കാവുന്നത്.

ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍: ഒന്നില്‍ കൂടുതല്‍ പ്രോപ്പര്‍ട്ടികളുടെ വാടക ലഭിക്കുന്നവര്‍, ലോട്ടറിയില്‍നിന്നും കുതിരപ്പന്തയത്തില്‍നിന്നും വരുമാനം ലഭിച്ചിട്ടുള്ളവര്‍, മൂലധനനേട്ടം ലഭിച്ചിട്ടുള്ളവര്‍, 5000 രൂപയില്‍ കൂടുതല്‍ കൃഷിയില്‍നിന്നു വരുമാനമുള്ളവര്‍, ബിസിനസില്‍നിന്നും പ്രൊഫഷണലില്‍നിന്നും വരുമാനമുള്ളവര്‍, ഡബിള്‍ ടാക്‌സേഷന്‍ അവോയിഡന്‍സ് എഗ്രിമെന്റില്‍ ഏര്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍നിന്നു വരുമാനം ലഭിക്കുന്നവര്‍, വിദേശത്തുനിന്നു ടാക്‌സ് ക്രെഡിറ്റ് ലഭിച്ചിട്ടുള്ളവര്‍, വിദേശത്ത് സ്വത്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളവര്‍, ഏതെങ്കിലും വിദേശ അക്കൗണ്ടുകളുടെ നടത്തിപ്പിനു ചുമതലപ്പെടുത്തിയിട്ടുള്ള ആളുകള്‍, ഇന്ത്യക്കു വെളിയില്‍നിന്ന് ഏതെങ്കിലും വിധത്തില്‍ വരുമാനം ലഭിച്ചിട്ടുള്ളവര്‍ മുതലായവര്‍ ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാന്‍ പാടില്ല.

ഐടിആര്‍ 2

വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബവും താഴെപ്പറയുന്ന വരുമാനമുള്ളവര്‍ ആണെങ്കില്‍ ഐടിആര്‍ 2 ആണ് ഉപയോഗിക്കേണ്ടത്.

എ) ശമ്പളം/പെന്‍ഷന്‍ ലഭിക്കുന്നവര്‍, ബി) വാടക വരുമാനം ലഭിക്കുന്നവര്‍, സി) മൂലധനനേട്ടം ലഭിക്കുന്നവര്‍, ഡി) മറ്റു വരുമാനം ഉള്ളവര്‍ (ലോട്ടറിയില്‍നിന്നും കുതിരപ്പന്തയത്തില്‍നിന്നും ഉള്ള വരുമാനം ഉള്‍പ്പെടെ)

എന്നാല്‍, ബിസിനസില്‍നിന്നും പ്രൊഫഷണലില്‍നിന്നും വരുമാനമുള്ള വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കരുത്.

ഐടിആര്‍ 2 എ

വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും താഴെപ്പറയുന്ന വരുമാനമാണ് ഉള്ളതെങ്കില്‍ ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാം.

എ) ശമ്പളത്തില്‍നിന്നും പെന്‍ഷനില്‍നിന്നുമുള്ള വരുമാനം, ബി) പ്രോപ്പര്‍ട്ടിയില്‍നിന്നു ലഭിക്കുന്ന വാടക, സി) ലോട്ടറിയില്‍നിന്നും കുതിരപ്പന്തയത്തില്‍നിന്നും ലഭിക്കുന്ന വരുമാനം ഉള്‍പ്പെടെയുള്ള മറ്റു വരുമാനങ്ങള്‍.

ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍: വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും താഴെപ്പറയുന്ന വരുമാനങ്ങള്‍ ഉണെ്ടങ്കില്‍ ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാന്‍ പാടില്ല. ബിസിനസില്‍നിന്നും പ്രൊഫഷണലില്‍നിന്നും വരുമാനമുള്ളവര്‍, മൂലധനനേട്ടം ലഭിച്ചിട്ടുള്ളവര്‍, വിദേശത്തുനിന്നുള്ള ടാക്‌സ് ക്രെഡിറ്റ് എടുക്കുന്നവര്‍, വിദേശത്ത് സ്വത്തുക്കളുള്ളവര്‍, വിദേശത്ത് ഏതെങ്കിലും അക്കൗണ്ടുകളുടെ നടത്തിപ്പിന് ചുമതലയുള്ളവര്‍, വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നവര്‍ എന്നിവര്‍ ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാന്‍ പാടില്ല.

ഐടിആര്‍ 3

വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ഇതുപയോഗിക്കാം. ഇവര്‍ ഏതെങ്കിലും പങ്ക് വ്യാപാരസ്ഥാപനങ്ങളില്‍ പങ്കുകാരാണെങ്കില്‍ അവിടെനിന്നു ലഭിച്ച ശമ്പളം, പലിശ, കമ്മീഷന്‍ എന്നിവയായിരിക്കണം ഇവരുടെ വരുമാനം. എന്നാല്‍, പ്രൊപ്രൈറ്ററി ബിസിനസോ പ്രൊഫഷനോ നടത്തുന്നവര്‍ ഈ ഫോം ഉപയോഗിക്കരുത്.

ഐടിആര്‍ 4

സ്വന്തമായി ബിസിനസോ പ്രൊഫഷനോ ഉള്ള വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും (പ്രൊപ്രൈറ്ററി ബിസിനസ്) ആണ് ഈ ഫോം ഉപയോഗിക്കേണ്ടത്.

ഐടിആര്‍ 4 എസ് – സുഗം

താഴെപ്പറയുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും പങ്കു വ്യവസായ സ്ഥാപനങ്ങളും ഈ ഫോമിലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. ആദായനികുതി നിയമം 44 എഡി, 44 എഇ എന്നീ വകുപ്പുകള്‍ പ്രകാരം നികുതി നിര്‍ണയിക്കുന്നവര്‍. ശമ്പളം, പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍, ഒരു പ്രോപ്പര്‍ട്ടിയില്‍നിന്നു മാത്രം വാടക ലഭിക്കുന്നവര്‍, ലോട്ടറിയില്‍നിന്നും കുതിരപ്പന്തയത്തില്‍നിന്നും ലഭിക്കുന്ന വരുമാനങ്ങള്‍ ഒഴികെയുള്ള മറ്റു വരുമാനങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാവുന്നത്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ പ്രോപ്പര്‍ട്ടികളില്‍നിന്നു വാടക ലഭിക്കുന്നവര്‍, കൃഷിയില്‍നിന്ന് 5000 രൂപയില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നവര്‍, ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍, ബിസിനസില്‍നിന്നും പ്രൊഫഷണലില്‍നിന്നും വരുമാനമുള്ളവര്‍ (മുകളില്‍ സൂചിപ്പിച്ചവ ഒഴികെ), വിദേശത്തുനിന്നുള്ള നികുതിക്ക് ക്രെഡിറ്റ് എടുത്തിട്ടുള്ളവര്‍, വിദേശത്ത് സ്വത്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളവര്‍, വിദേശത്തുള്ള ഏതെങ്കിലും അക്കൗണ്ടുകളുടെ ചുമതലയുള്ളവര്‍, വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നവര്‍ മുതലായവര്‍ ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാന്‍ പാടില്ല.

ഐടിആര്‍ 5

പങ്കുവ്യാപാര സ്ഥാപനങ്ങള്‍, എല്‍എല്‍പികള്‍, അസോസിയേഷന്‍ ഓഫ് പേഴ്‌സണ്‍സ്, ബോഡി ഓഫ് ഇന്‍ഡിവിജ്വല്‍സ്, ലോക്കല്‍ അഥോറിറ്റികള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവര്‍ ഈ ഫോമിലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സയന്റിഫിക് റിസര്‍ച്ച് സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവര്‍ ഈ ഫോം ഉപയോഗിക്കരുത്.

ഐടിആര്‍ 6

കമ്പനികളാണ് ഈ ഫോം ഉപയോഗിക്കേണ്ടത്. ചാരിറ്റബിള്‍ പ്രവൃത്തികള്‍ ചെയ്യുന്ന കമ്പനികള്‍ ഇത് ഉപയോഗിക്കരുത്.

ഐടിആര്‍ 7

ട്രസ്റ്റുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സയന്റിഫിക് റിസര്‍ച്ച് സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, കോളജുകള്‍ എന്നിവരാണ് ഈ ഫോമില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്.

പൊതുവായ നിര്‍ദേശങ്ങള്‍

1. ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് ഢക എ യില്‍ സൂചിപ്പിച്ചിരിക്കുന്ന കിഴിവുകള്‍ എടുക്കുന്നതിനുമുമ്പുള്ള വരുമാനമാണു കണക്കിലെടുക്കേണ്ടത്.

2. ശമ്പളം, പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ ഫോം നമ്പര്‍ 16ല്‍ മുഴുവന്‍ തുകയും ശരിയായി രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ പ്രസ്തുത തുക റിട്ടേണില്‍ ചേര്‍ക്കാതെ യഥാര്‍ഥത്തില്‍ ലഭിച്ച തുക റിട്ടേണില്‍ ഉള്‍പ്പെടുത്തുക. കൂടാതെ ഒരു വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ മുഴുവന്‍ സ്ഥാപനങ്ങളില്‍നിന്നും ലഭിച്ചിട്ടുള്ള തുകകള്‍ റിട്ടേണില്‍ ചേര്‍ത്തിരിക്കണം.

3. അന്‍പതു ലക്ഷം രൂപയില്‍ കൂടുതല്‍ നികുതിവിധേയമായ വരുമാനമുള്ള വ്യക്തികള്‍, അവരുടെ സ്വത്തുക്കളെപ്പറ്റിയും അവയുടെ മേലുള്ള ബാധ്യതകളെപ്പറ്റിയും റിട്ടേണില്‍ സൂചിപ്പിക്കണം.

4. അഞ്ചു ലക്ഷത്തിലധികം രൂപ നികുതിക്കു വിധേയമായ വരുമാനമുണെ്ടങ്കില്‍ ഇലക്‌ട്രോണിക് ആയി മാത്രമേ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

5. റിട്ടേണുകളോടൊപ്പം യാതൊരുവിധ ഡോക്യുമെന്റുകളും ഫയല്‍ ചെയ്യാന്‍ പാടില്ല.

Related posts