ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിക്കാന്‍ കിയാ മോട്ടോഴ്‌സും

bis-kiaന്യൂഡല്‍ഹി: കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ കാര്‍ വിപണിയിലേക്കു കടക്കാനൊരുങ്ങുന്നു. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ കിയ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമാണ് കിയ. കിയ എത്തുന്നതോടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി.

ചെറിയ കാറുകള്‍ക്ക് പ്രാദേശിക നിര്‍മാണ യൂണിറ്റ് ആരംഭിച്ച് നിര്‍മാണച്ചെലവ് കുറയ്ക്കാനാണ് ഹ്യുണ്ടായി ശ്രമിക്കുന്നത്. ചെറു കാറുകള്‍ക്കും ഹാച്ച്ബാക്ക് കാറുകള്‍ക്കും ഇന്ത്യയില്‍ വന്‍ സ്വീകാര്യതയാണുള്ളത്. ദക്ഷിണകൊറിയന്‍ കമ്പനിയായ കിയയുടെ വരവ് ഈ സ്വീകാര്യത ലക്ഷ്യംവച്ചാണ്. നിലവില്‍ യൂറോപ്യന്‍, റഷ്യന്‍, ചൈനീസ്, അമേരിക്കന്‍ വിപണികളില്‍ കിയ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. 2020ഓടെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കിയ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സീഡ് ഹാച്ച്ബാക്ക്, ഒപ്ടിമ സെഡാന്‍, കോംപാക്ട് എസ്‌യുവി ആയ സ്‌പോര്‍ട്ടേജ്, ചെറിയ കാറുകളായ റിയോയും പൈകാന്റോയും, ക്രോസ്ഓവര്‍ വാഹനമായ സോള്‍ എന്നിവയാണ് കിയ ഇറക്കുന്ന വാഹനങ്ങള്‍. നിലവില്‍ ഫാക്ടറി ആരംഭിക്കാന്‍ പറ്റിയ സ്ഥലം കിയ ഇന്ത്യയില്‍ തെരയുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുകയാണെങ്കില്‍ അത് ഹ്യുണ്ടായിക്ക് ഏറെ ഗുണകരമാകും. വിവിധ സര്‍ക്കാര്‍ അഥോറിറ്റികളില്‍നിന്നുള്ള അംഗീകാരം കിയ നേടിക്കഴിഞ്ഞു. കിയ കൂടി ഇന്ത്യന്‍ വാഹന മാര്‍ക്കറ്റിലേക്ക് എത്തുപ്പോള്‍ കനത്ത മത്സരത്തിനാകും വഴിയൊരുക്കുക.

Related posts