ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര കമ്പനികളുടെ സിഇഒമാരുടെ ശമ്പളത്തില്‍ വന്‍കുതിപ്പ്. രണ്ടു വര്‍ഷം മുമ്പ് ശരാശരി 10 കോടി രൂപ വാങ്ങിക്കൊണ്ടിരുന്ന കമ്പനി മേധാവികളുടെ പോക്കറ്റില്‍ ഇപ്പോഴെത്തുന്നത് ഇരട്ടിയോളം തുക.അതേസമയം, യുഎസിലെ പ്രമുഖ കമ്പനി സിഇഒമാരുടെ പ്രതിഫലവുമായി താരതമ്യപ്പെടുത്തിയാല്‍ ഇതുവെറും ആറിലൊന്നു മാത്രമേ വരൂ. ശരാശരി 130 കോടി രൂപയാണ് യുഎസിലെ സിഇഒമാരുടെ ഇപ്പോഴത്തെ ശമ്പളം. എന്നാല്‍ സ്വകാര്യമേഖലയുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ സിഇഒമാരുടെ ശമ്പളം വളരെ കുറവാണ്. 25 മുതല്‍ 30 വരെ ലക്ഷം രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ സിഇഒമാരുടെ പ്രതിഫലം.
2015-16 സാമ്പത്തികവര്‍ഷത്തെ സിഇഒമാരുടെ ശമ്പളത്തെ ക്കുറിച്ചുനടത്തിയ കണക്കെടുപ്പിലാണ് മുന്‍നിര കമ്പനികളിലെ സിഇഒ ഉള്‍പ്പെടെയുള്ളവര്‍ക്കു ശരാശരി 19 കോടി രൂപ പ്രതിഫലം ലഭിക്കുന്നതെന്ന് കണെ്ടത്തിയത്. ശമ്പളം, കമ്മീഷന്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുള്‍പ്പെടെ കമ്പനികളില്‍നിന്നു കൈപ്പറ്റുന്ന തുകയാണിത്. രാജ്യത്തെ 24 കമ്പനികളില്‍ 20 കമ്പനികള്‍ സെന്‍സെക്സില്‍ സമര്‍പ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം. മറ്റു നാല് കമ്പനികള്‍ വിവരം പുറത്തു വിടാന്‍ തയാറായില്ല.
പൊതുമേഖഖലാ സ്ഥാപനങ്ങളില്‍ എസ്ബിഐ മാത്രമാണ് സിഇഒയുടെ പ്രതിഫലംവെളിപ്പെടുത്തിയത്. എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ 31.1 ലക്ഷം രൂപ പ്രതിഫലമായി കൈപ്പറ്റുന്നു. എല്‍ ആന്‍ഡ് ടി, ഇന്‍ഫോസിസ്, ലൂപിന്, എന്നീ കമ്പനികളാണ് ഉയര്‍ന്ന പ്രതിഫലം നല്‍കുന്നത്. എല്‍ ആന്‍ഡ് ടി മേധാവി എ.എം. നായികിന് 66.14 കോടിയും ഇന്‍ഫോസിസ് മേധാവി വിശാല്‍ സിക്കയ്ക്കു 48,73 കോടിയും ലൂപിന് മേധാവി ദേശ് ബന്ധു ഗുപ്തയ്ക്ക് 44.8 കോടിയും പ്രതിഫലമായി ലഭിക്കുന്നു.
കുറഞ്ഞ പ്രതിഫലം ബാങ്കിംഗ് മേഖലയിലാണ്. ആക്സിസ് ബാങ്ക് മേധാവി ശിഖ ശര്‍മയ്ക്ക് 5.5 കോടി ലഭിക്കുമ്പോള്‍ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ്ര കോചാറിനു 6.6 കോടിയും എച്ച്ഡിഎഫ്സി ബാങ്ക് മേധാവി ആദിത്യ പുരിക്കു 9.7 കോടിയും പ്രതിഫലം കിട്ടുന്നുണ്ട്. സണ്‍ ഫാര്‍മ, മാരുതി, ഹീറോ മോട്ടോ കോര്‍പ്, സിപ്ള തുടങ്ങിയ മുന്‍നിര കമ്പനികളാകട്ടെ ഈ വിവരം പരസ്യപ്പെടുത്തിയിട്ടില്ല.