ഉത്പന്ന ബഹിഷ്കരണം പാളിയെന്നു ചൈനീസ് പത്രം

chainaബെയ്ജിംഗ്: ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനം പാളിയെന്ന് ചൈനീസ് പത്രം. ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ നിരോധിക്കാനുള്ള യുഎന്നിന്റെ നീക്കം ചൈന എതിര്‍ത്തതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഇന്ത്യയില്‍ ഉയര്‍ന്നത്. രാജ്യത്തെ ഏറ്റവും വലിയ വ്യാപാരസീസണായ ദീപാവലി കാലത്ത് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശം. ഉത്സവസീസണ്‍ പകുതി ആയെങ്കിലും ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയിലെ പ്രിയം മാറിയിട്ടില്ലെന്നാണ് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് അവകാശപ്പെടുന്നത്. രാഷ്ട്രീയനേതാക്കള്‍ പ്രശ്‌നം വഷളാക്കിയെന്നും പത്രം ആരോപിക്കുന്നു.

ഉത്സവസീസണിലെ ആദ്യ രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യയിലെ പ്രധാന മൂന്ന് ഇ–കൊമേഴ്‌സ് സ്ഥാപനങ്ങളും റിക്കാര്‍ഡ് നേട്ടത്തിലാണ്. ഇതില്‍ ചൈനീസ് ഉത്പന്നങ്ങളാണ് വില്പനയില്‍ മികച്ചുനില്‍ക്കുന്നത്. ചൈനീസ് മൊബൈല്‍ കമ്പനി ഷവോമി ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, സ്‌നാപ്ഡീല്‍, ടാറ്റ് ക്ലിക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴി അഞ്ചു ലക്ഷത്തിലധികം ഫോണുകളാണ് വിറ്റത്. ഈ മാസം ആദ്യ മൂന്നു ദിവസത്തെ കണക്കു മാത്രമാണിത്.

ചൈന–ഇന്ത്യ ബന്ധത്തില്‍ വാണിജ്യത്തിനുള്ള പങ്ക് വലുതാണ്. 2015ല്‍ 7000 കോടി ഡോളറിന്റെ ഇടപാടുകള്‍ നടന്നു. ഇന്ത്യയിലെ ചൈനീസ് നിക്ഷേപം ആറിരട്ടി വര്‍ധിച്ച് 87 കോടി ഡോളറായി.ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണം പ്രധാനമായും ഇ–കൊമേഴ്‌സ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. ഈ മേഖലയില്‍ ചൈനയില്‍നിന്നുള്ള നിക്ഷേപങ്ങളും ഏറിവരുന്നു. പുതിയ ട്രെന്‍ഡ് അനുസരിച്ച് ചൈനയില്‍നിന്നുള സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് ഇന്ത്യയില്‍ പ്രചാരം.

സെപ്റ്റംബറില്‍ 92.2 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ചൈനയിലേക്ക് കയറ്റിയയച്ചു. 540 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തു. 2014ലെ കച്ചവട–സാമ്പത്തിക സഹകരണ കരാറനുസരിച്ച് ചൈനയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നു പ്രഖ്യാപിച്ചാലും ഇറക്കുമതി മുറപോലെ നടക്കും. അഞ്ചു വര്‍ഷമാണ് കരാറിന്റെ കാലാവധി. ഇലക്ട്രോണിക്–ടെലികോം ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ അയിര്, പ്ലാസ്റ്റിക്, പരുത്തി തുടങ്ങിയവ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

ബഹിഷ്കരണത്തില്‍ വ്യാപാരികള്‍ക്ക് ആശങ്ക

ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തില്‍ ആശങ്കയോടെ ഡല്‍ഹിയിലെ വ്യാപാരികള്‍. ദീപാവലിയോടനുബന്ധിച്ചുള്ള ഉത്സവസീസണ്‍ മുന്നില്‍ക്കണ്ട് നാലു മാസം മുമ്പേ കച്ചവടത്തിനായി ഉത്പന്നങ്ങള്‍ വാങ്ങി ശേഖരിച്ചവരാണിവര്‍. രാഷ്ട്രീയ നേതാക്കള്‍ ശക്തമായി സ്വദേശിവത്കരണത്തിനുവേണ്ടി വാദിക്കുമ്പോള്‍ ഭയത്തോടെയാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. ബഹിഷ്കരണത്തോട് യോജിക്കുന്നുവെങ്കിലും ഭീമമായ നഷ്ടം എങ്ങനെ നികത്തുമെന്ന ആശങ്കയിലാണവര്‍.

വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു മുമ്പ് സാധാരണക്കാരായ കച്ചവടക്കാരുടെ കാര്യങ്ങള്‍കൂടി നേതാക്കള്‍ ഓര്‍ക്കണമായിരുന്നു. ചൈനയില്‍നിന്നുള്ള പല ഉത്പന്നങ്ങളും ഇന്ത്യയില്‍ നിര്‍മിക്കാനുള്ള സാഹചര്യമില്ലാത്തവയാണ്. ആ അവസരത്തില്‍ ബഹിഷ്കരണം രാജ്യത്തെ ബാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

ഉത്പന്നങ്ങളുടെ ബഹിഷ്കരണം വഴി ചൈനയുടെ സാമ്പത്തികഭദ്രത തകര്‍ക്കാനും സ്വദേശി ഉത്പന്നങ്ങള്‍ക്ക് പ്രചാരം വര്‍ധിപ്പിക്കാനും കഴിയുമെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത്.

Related posts