ഉത്പാദനക്ഷമത കൂട്ടാന്‍ എച്ച്പിസിഎല്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു

bis-hpമുംബൈ: രാജ്യത്തെ പ്രമുഖ എണ്ണശുദ്ധീകരണ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ് (എച്ച്പിസിഎല്‍) വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. എണ്ണശുദ്ധീകരണമേഖല മെച്ചപ്പെടുത്തി ഉത്പാദനക്ഷമത കൂട്ടാനാണ് പദ്ധതി. ഇതിനായി 380 കോടി ഡോളറിന്റെ (24,700 കോടി രൂപ) നിക്ഷേപം നടത്താനാണു തീരുമാനം. രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യകത അനുദിനം വര്‍ധിച്ചുവരുന്നതും എണ്ണനിലവാരം ഉയര്‍ത്തുന്നതുമാണ് ഇത്തരത്തിലൊരു തീരുമാനത്തിനു കാരണമെന്ന് എച്ച്പിസിഎല്‍ അറിയിച്ചു.

പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം വന്‍ നിക്ഷേപം വഴി ലക്ഷ്യമിടുന്നത്. മുംബൈ റിഫൈനറിയിലെ ഉത്പാദനം 2019 ജൂലൈയോടെ പ്രതിദിനം 1.9 ലക്ഷം ബാരലും 2020 ജൂലൈയോടെ വിസാഗ് റിഫൈനറിയിലെ ഉത്പാദനം പ്രതിദിനം മൂന്നു ലക്ഷം ബാരലുമാക്കാനുമാണ് പദ്ധതി. നിലവില്‍ മുംബൈ റിഫൈനറിയില്‍ 1.3 ലക്ഷം ബാരലും വിസാഗില്‍ 1.66 ലക്ഷം ബാരലുമാണ് പ്രതിദിനം ശുദ്ധീകരിക്കുന്നത്. 2020 ഓടെ എല്ലാ നിയമങ്ങളും അനുശാസിക്കുന്ന ഇന്ധനം ഉറപ്പാക്കുമെന്നാണ് എച്ച്പിസിഎലിന്റെ പ്രഖ്യാപനം.

നിലവില്‍ നൈജീരിയയില്‍നിന്ന് 32,000 ബാരലും ഇറാനില്‍നിന്ന് 20,000 ബാരലും ഇറാക്കിലെ ഓയില്‍ കമ്പനിയായ സോമോയില്‍നിന്ന് 65,000 ബാരലും യുഎഇയില്‍നിന്ന് 25,000 ബാരലും സൗദി അറേബ്യയില്‍നിന്ന് 50,000 ബാരലും അബുദാബിയില്‍നിന്ന് 20,000 ബാരലും കുവൈറ്റില്‍നിന്ന് 20,000 ബാരലുമാണ് എച്ച്പിസിഎല്‍ പ്രതിദിനം ഇറക്കുമതി ചെയ്യുന്നത്.

Related posts