ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: കാലവര്‍ഷം അനുകൂലമാകുമെന്ന പ്രവചനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍ തരംഗം സൃഷ്ടിച്ചു. ഷോട്ട് കവറിംഗും പുതിയ നിക്ഷേപകരുടെ വരവും സെന്‍സെക്‌സിനും നിഫ്റ്റിക്കും നേട്ടം സമ്മാനിച്ചു. 295 പോയിന്റെ് മികവുമായി നിഫ്റ്റി കുതിച്ചു. മുന്‍വാരം സൂചിപ്പിച്ച പ്രതിരോധമായ 7,848നു രണ്ടു പോയിന്റ് മുകളില്‍ 7,850ല്‍ മാര്‍ക്കറ്റ് ക്ലോസ് ചെയ്തു. വ്യാപാരാന്ത്യം 953 പോയിന്റ് പ്രതിവാര നേട്ടവുമായി സെന്‍സെക്‌സ് 25,626ലാണ്. മൂന്ന് ദിവസങ്ങള്‍ മാത്രം ഇടപാടുകള്‍ നടന്നിട്ടും നാല് ശതമാനം മികവ് കാഴ്ചവച്ചു.
ക്രൂഡ് ഓയില്‍ ഉത്പാദനം കുറയ്ക്കുന്നതു സംബന്ധിച്ചു സൗദി അറേബ്യയും റഷ്യയും ഖത്തറില്‍ നടത്തുന്ന യോഗം പുരോഗമിക്കുന്നു. ക്രൂഡ് വില ഉയര്‍ന്നാല്‍ ആഗോള ഓഹരിവിപണികളിലും അനുകൂല തരംഗം ഉടലെടുക്കും. എന്നാല്‍, ഈ യോഗത്തിനു വന്‍ പ്രതീക്ഷകള്‍ക്ക് വകയില്ല. ജനുവരിയില്‍ ഉത്പാദന രാജ്യങ്ങള്‍ തീരുമാനിച്ച ഓരോ മാസത്തെയും പ്രതിദിന ഉത്പാദനം ഒക്‌ടോബര്‍ വരെ തുടരാമെന്ന നിലപാടില്‍ ഖത്തര്‍ യോഗം പിരിയാനാണ് സാധ്യത. അതായത് മുന്നിലുള്ള ആറു മാസങ്ങളില്‍ വന്‍ സംഭവവികാസങ്ങള്‍ എണ്ണ വിപണിയില്‍നിന്ന് പ്രതീക്ഷിക്കാനാവില്ല. അതേസമയം, എണ്ണ ഉത്പാദനം കുറയ്ക്കുന്ന കാര്യം ചിന്തിക്കാന്‍പോലും തയാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലകളില്‍ കഴിഞ്ഞവാരം വരുത്തിയ കുറവ് ആഭ്യന്തര മൊത്ത വിപണികളില്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയത്തെ പിടിച്ചുനിര്‍ത്തും.കാലവര്‍ഷം അനുകൂലമായാല്‍ നാണയപ്പെരുപ്പം വരും മാസങ്ങളിലും കൂടുതല്‍ നിയന്ത്രണത്തിലാവും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി പതിവിലും ശക്തമായാല്‍ രാജ്യത്തിന്റെ സാമ്പദ്ഘടനയ്ക്കു ശക്തിപകരും. മഴ അനുകൂലമായാല്‍ കാര്‍ഷികോത്പാദനവും ഉയരും.
കാലവര്‍ഷം രാജ്യത്തിന്റെ മുന്നേറ്റത്തിനു പച്ചകൊടി കാണിച്ചതിനിടെ മുന്‍നിരയിലെ ഐടി കമ്പനിയായ ഇന്‍ഫോസിസ് ടെക്‌നോളജി തിളക്കമാര്‍ന്ന ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവിട്ടത് കോര്‍പ്പറേറ്റ് മേഖലകള്‍ക്കും ആവേശം പകരും. ഇന്‍ഫോസിസ് റിപ്പോര്‍ട്ട് ഓഹരി സൂചികയെ ഇന്ന് കൂടുതല്‍ മികവിലേക്കു നയിക്കാം.
പിന്നിട്ട വാരം ഇടപാടുകള്‍ മൂന്ന് ദിവസങ്ങളില്‍ മാത്രമായി ചുരുങ്ങി. ഈ വാരം വ്യാപാരം നാലു ദിവസങ്ങളില്‍ ഒതുങ്ങും. മഹാവീര ജയന്ത്രി പ്രമാണിച്ച് ചൊവാഴ്ച മാര്‍ക്കറ്റ് അവധിയാണ്. പിന്നിട്ടവാരം ബോംബെ സെന്‍സെക്‌സ് താഴ്ന്ന റേഞ്ചായ 24,561ല്‍നിന്ന് 25,000-25,550 റേഞ്ചിലെ പ്രതിരോധം മറികടന്ന് 25,667 വരെ കയറി.
25,626ല്‍ നിലകൊള്ളുന്ന സൂചികയ്ക്കു മുന്നില്‍ ഈ വാരം ആദ്യകടമ്പ 26,008 പോയിന്റിലാണ്. ഇത് കടക്കുന്നതോടെ ലക്ഷ്യം 26,390ലേക്കുയരും. അടിയോഴുക്ക് ശക്തമായാല്‍ മാസാവസാനം 27,114 റേഞ്ചിലേക്കു തിരിയാം. നിലവില്‍ സൂചികയുടെ താങ്ങ് 24,902ലും 24,178ലുമാണ്. സെന്‍സെക്‌സ് അതിന്റെ 100 ഡേ മുവിംഗ് ആവറേജിന് ഏറെ മുകളിലാണെങ്കിലും 200 ഡിഎംഎയായ 25,900 റേഞ്ചില്‍ തടസം പ്രതീക്ഷിക്കാം. മറ്റു സാങ്കേതികവശങ്ങള്‍ കണക്കിലെടുത്താല്‍ പാരാബോളിക്ക് എസ്എആര്‍, എംഎസിഡി, ആര്‍എസ്‌ഐ- 14, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ബുള്ളിഷായി. അതേസമയം, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് ഓവര്‍ ബോട്ടാണ്.
നിഫ്റ്റിക്ക് കഴിഞ്ഞവാരം വ്യക്തമാക്കിയ രണ്ടാം പ്രതിരോധമായ 7,848നു കേവലം രണ്ടു പോയിന്റ് മുകളില്‍ 7,850ല്‍ ക്ലോസിംഗ് നടന്നു. ഈ വാരം ആദ്യ തടസങ്ങള്‍ 7,967-8,084ലാണ്. ഇത് മുകളിലേക്കു നീങ്ങിയാല്‍ 8,305 വരെ കുതിക്കാനുള്ള കരുത്ത് വിപണിക്ക് കണെ്ടത്താനാവും. നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് ശ്രദ്ധതിരിച്ചാല്‍ 7,629-7,408ല്‍ താങ്ങുണ്ട്.
വിദേശ ഫണ്ടുകള്‍ ഏപ്രിലില്‍ ഇതിനകം ഒരു ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തി. കഴിഞ്ഞവാരം അവര്‍ 1,059 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.മുന്‍നിരയിലെ ഒമ്പത് കമ്പനികളുടെ വിപണി മൂല്യത്തില്‍ പോയവാരം 68,023 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി. ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം 66.31ല്‍നിന്ന് 66.74ലേക്ക് ഇടിഞ്ഞ ശേഷം 66.65ലാണ്.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും ചാഞ്ചാടിയപ്പോള്‍ യൂറോപ്യന്‍ ഇന്‍ഡക്‌സുകള്‍ മുന്നേറി. യുഎസ് മാര്‍ക്കറ്റുകള്‍ അല്പം നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ക്രൂഡ് ഓയില്‍ വിലയില്‍ അനുഭവപ്പെട്ട തളര്‍ച്ചയാണ് യുഎസ് ഇന്‍ഡക്‌സുകളെ ബാധിച്ചത്. ഡൗ ജോണ്‍സ് 17,897ലും എസ് ആന്‍ഡ് പി 2,080ലും നാസ്ഡാക് 4,938ലുമാണ്.