വിപണി വിശേഷം / കെ.ബി. ഉദയഭാനു
കൊച്ചി: കുരുമുളകുവിപണി സാങ്കേതിക തിരുത്തലുകള്‍ പൂര്‍ത്തിയാക്കി വീണ്ടും മുന്നേറി. എട്ട് ആഴ്ചകള്‍ക്കു ശേഷം ആഗോള റബര്‍വിപണി കരടി വലയത്തില്‍നിന്നു രക്ഷനേടി, ഇന്ത്യന്‍ മാര്‍ക്കറ്റ് തളര്‍ച്ചയില്‍. തെളിഞ്ഞ കാലാവസ്ഥ നാളികേര വിളവെടുപ്പിന് അവസരം നല്‍കി, തമിഴ്‌നാടിന്റെ കൊപ്ര സംഭരണം വെളിച്ചെണ്ണയ്ക്കു നേട്ടമായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിനു തിളക്കം.
കുരുമുളക്
കുരുമുളകു വിപണി സാങ്കേതിക തിരുത്തലുകള്‍ പൂര്‍ത്തിയാക്കി മികവിനു നീക്കം തുടങ്ങി. ഹൈറേഞ്ചില്‍നിന്ന് ടെര്‍മിനല്‍ മാര്‍ക്കറ്റിലേയ്ക്കുള്ള മുളകു നീക്കം ചുരുങ്ങിയതു കണ്ട് വാങ്ങലുകാര്‍ വില ഉയര്‍ത്തി. ഉത്തരേന്ത്യക്കാരും കയറ്റുമതിക്കാരും കുരുമുളകിനോടു കാണിച്ച താത്പര്യം ഉത്പന്നവില ക്വിന്റലിന് 1,400 രൂപ ഉയര്‍ത്തി. ഉത്സവകാല ആവശ്യങ്ങള്‍ക്കു വേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍ സംഭരിക്കാനുള്ള തയാറെടുപ്പുകള്‍ ഉത്തരേന്ത്യക്കാര്‍ നടത്തിയത് വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കി. കാര്‍ഷികമേഖലകളില്‍ കുരുമുളക് സ്റ്റോക്ക് നില ചുരുങ്ങുന്നത് ഓഫ് സീസണിലെ വിലക്കയറ്റത്തിനു വേഗത പകരാം. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളകു വില 69,400 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 72,400ലുമാണ്.
വിലക്കയറ്റം മൂലം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മലബാര്‍ മുളകിന് ആവശ്യക്കാര്‍ കുറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലം ഇന്തോനേഷ്യന്‍ ചരക്ക് വരവിന് കാലതാമസം നേരിട്ടാല്‍ ഇതര ഉത്പാദന രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യന്‍നിരക്ക് വീണ്ടും ഉയരാം.
റബര്‍
രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ടോക്കോം എക്‌സ്‌ചേഞ്ചില്‍ റബര്‍ മികവ് കാഴ്ചവച്ചു. വില്പനക്കാരുടെ നിയന്ത്രണത്തില്‍ എട്ട് ആഴ്ച നീങ്ങിയ ജാപ്പനീസ് മാര്‍ക്കറ്റില്‍ ഓപ്പറേറ്റര്‍മാര്‍ ഷോട്ട് കവറിംഗ് നടത്തിയത് റബറിനെ കിലോ 150 യെന്നിനു മുകളിലെത്തിച്ചു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രമുഖ വിപണികളില്‍ കഴിഞ്ഞ വാരം റബര്‍ രണ്ടു ശതമാനം മുന്നേറി. ചൈനീസ് വ്യവസായികള്‍ റബര്‍ ശേഖരിക്കാന്‍ ഉത്സാഹിച്ചതും രാജ്യാന്തര വിപണിക്ക് നേട്ടമായി.
എന്നാല്‍, വിദേശത്തെ ഉണര്‍വ് നമ്മുടെ മാര്‍ക്കറ്റില്‍ പ്രതിഫലിച്ചില്ല. സംസ്ഥാനത്ത് ആര്‍എസ്എസ് നാലാം ഗ്രേഡ് റബര്‍ 13,200 രൂപയില്‍നിന്ന് 13,000 രൂപയായി. രാജ്യത്ത് റബര്‍ ഉത്പാദനം ഏപ്രിലില്‍ രണ്ടര ശതമാനം കുറഞ്ഞ് 39,000 ടണ്ണില്‍ ഒതുങ്ങി. ടാപ്പിംഗ് സീസണാണെങ്കിലും വിപണിയിലെ മാന്ദ്യം മൂലം വലിയോരു വിഭാഗം ഉത്പാദകര്‍ റബര്‍വെട്ടിന് ഉത്സാഹിച്ചില്ല. അഞ്ചാം ഗ്രേഡ് റബര്‍ 12,800 രൂപയിലും ലാറ്റക്‌സ് 9,800 രൂപയിലുമാണ്.
നാളികേരം
വാരാരംഭത്തിലെ തെളിഞ്ഞ കാലാവസ്ഥ കണ്ട് കര്‍ഷകര്‍ നാളികേര വിളവെടുപ്പു നടത്തി. ഗ്രാമീണ മേഖലകളില്‍നിന്ന് തേങ്ങ വരവ് ഉയര്‍ന്നെങ്കിലും മില്ലുകാര്‍ വെളിച്ചെണ്ണ നീക്കം നിയന്ത്രിച്ച് നിരക്കുയര്‍ത്തി. റംസാന്‍ നോമ്പ് കാലമായതിനാല്‍ പ്രദേശിക വിപണിയില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരുണ്ട്. കൊച്ചിയില്‍ എണ്ണയ്ക്ക് 200 രൂപ ഉയര്‍ന്ന് 8,000 ലും കൊപ്ര 5,470 രൂപയിലുമാണ്.
ഏലക്ക
കയറ്റുമതിക്കാര്‍ക്കൊപ്പം ആഭ്യന്തര വ്യാപാരികളും ഏലക്ക സ്വന്തമാക്കാന്‍ മത്സരിച്ചു. റംസാന്‍ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വിദേശ ബയറര്‍മാരും ഏലക്കയില്‍ പിടിമുറുക്കി. വിളവെടുപ്പ് നിലച്ചതിനാല്‍ ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്കുവരവ് ചുരുങ്ങി. മികച്ചയിനങ്ങള്‍ കിലോ 1,100-1,150 രൂപയില്‍ നീങ്ങി.
സ്വര്‍ണം
കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. ആഭരണ കേന്ദ്രങ്ങളില്‍ പവന്‍ 21,920 രൂപയില്‍നിന്ന് 22,160ലേക്കു കയറി. ഒരു ഗ്രാമിന്റെ വില 2,770 രൂപ. ന്യൂയോര്‍ക്കില്‍ എക്‌സ്‌ചേഞ്ചില്‍ ഒരൗണ്‍സ് സ്വര്‍ണം 1,278 ഡോളറില്‍നിന്ന് ഒരവസരത്തില്‍ 1,300 ഡോളറും കടന്ന് 1,314.80 ഡോളര്‍ വരെ കയറിയ ശേഷം വാരാന്ത്യം 1,299 ഡോളറിലാണ്.