കേന്ദ്ര ബജറ്റ് സമതുലിതം: സിഐഐ

bis-nikuthiകൊച്ചി: സമൂഹത്തിന്റെ എല്ലാ കോണുകളില്‍നിന്നുമുള്ള ആവശ്യങ്ങള്‍ മനസിലാക്കി തയാറാക്കിയ സമതുലിതമായ ബജറ്റാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തത്സമയ ബജറ്റ് അവലോകന യോഗം വിലയിരുത്തി. കാര്‍ഷികമേഖലയ്ക്കും ഗ്രാമീണ വികസനത്തിനും നല്‍കിയിരിക്കുന്ന ഊന്നല്‍ ശ്രദ്ധേയമാണ്. രാജ്യവളര്‍ച്ചയ്ക്ക് ഉതകുന്ന നിര്‍ദേശങ്ങളാണു ബജറ്റിലുള്ളത്. എന്നാല്‍, ബജറ്റിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലിഖിതരൂപത്തില്‍ ലഭിക്കുമ്പോള്‍ മാത്രമേ യഥാര്‍ഥ ചിത്രം വ്യക്തമാകൂവെന്നും ബജറ്റ് അവതരണത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

കാര്‍ഷികമേഖലയ്ക്കു നല്‍കിയിരിക്കുന്ന ഊന്നല്‍ എടുത്തുപറയേണ്ടതാണെന്നു സിഐഐ കേരള മുന്‍ ചെയര്‍മാന്‍ ശിവദാസ് ബി. മേനോന്‍ പറഞ്ഞു. 2020ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനം പ്രത്യാശ നല്‍കുന്നു. റോഡ് വികസനത്തിന് 5,500 കോടി അനുവദിച്ചതും ശ്രദ്ധേയമായി. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ഇതു കൂടുതല്‍ പ്രയോജനം ചെയ്യും. തങ്ങളുടെ ഉത്പന്നങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനാകാതെ ഇവിടത്തെ കര്‍ഷകര്‍ ഏറെ ക്ലേശിക്കുന്നുണ്ട്. കൂടുതല്‍ റോഡുകള്‍ ഉണ്ടാകുന്നത് ഉത്പന്നങ്ങളുടെ നീക്കത്തെ സഹായിക്കും. ഫുഡ് പ്രോസസിംഗില്‍ മാര്‍ക്കറ്റിംഗിനുവേണ്ടി 100 ശതമാനം എഫ്ഡിഐ അനുവദിക്കുന്നതും കര്‍ഷകര്‍ക്കു പ്രയോജനം ചെയ്യും. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കു കൂടുതല്‍ വിപണി കണെ്ടത്താന്‍ ഇതു സഹായിക്കും.

ഗ്രാമീണമേഖലയുടെ വികസനത്തിനു നല്‍കുന്ന ഊന്നലും എടുത്തുപറയേണ്ടതാണ്. പൊതുവില്‍ നോക്കിയാല്‍ മികച്ച ബജറ്റാണെങ്കിലും സംസ്ഥാനങ്ങള്‍ കേന്ദ്രവിഹിതം എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന കാര്യത്തില്‍ ആശങ്കയുണെ്ടന്നും ശിവദാസ് ബി. മേനോന്‍ പറഞ്ഞു.

കര്‍ഷകരുടെ വിരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം എത്രമാത്രം നടപ്പിലാകുന്നതാണെന്നു നിലവിലെ സാഹചര്യത്തില്‍ തനിക്കു സംശയമുണെ്ടന്നു സിഐഐ കേരള മുന്‍ ചെയര്‍മാന്‍ എം.എസ്.എ. കുമാര്‍ പറഞ്ഞു. കാര്‍ഷികമേഖല നെഗറ്റീവ് ഗ്രോത്ത് കാണിക്കുന്ന ചിത്രമാണ് മുന്നിലുള്ളത്. അതുകൂടി കണക്കിലെടുക്കുമ്പോള്‍ ഇതെങ്ങനെ പ്രാവര്‍ത്തികമാകുമെന്ന് ആശങ്കയുണ്ട്. എന്നാല്‍, പൊതുവില്‍ ജയ്റ്റ്‌ലിയുടേതു മികച്ച ബജറ്റെന്നു വിലയിരുത്തുന്നതില്‍ തെറ്റില്ല. ഒന്‍പതു മേഖലകള്‍ അദ്ദേഹം ബജറ്റില്‍ എടുത്തുപറഞ്ഞു. അതില്‍ കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കി. സ്ട്രാറ്റജിക് ഡിസിന്‍വെസ്റ്റ്‌മെന്റ് പോലുള്ള കാര്യങ്ങള്‍ സംബന്ധിച്ചു ബജറ്റ് പ്രസംഗത്തില്‍ എന്തെങ്കിലും പറഞ്ഞു കാണുന്നില്ലെന്നതു ന്യൂനതയാണ്- അദ്ദേഹം പറഞ്ഞു.

ബജറ്റ് പ്രസംഗത്തില്‍ ജൈവകൃഷിക്ക് ഊന്നല്‍ നല്‍കിയതു ശ്രദ്ധേയമായി തോന്നിയതായി സിഐഐ കേരള മുന്‍ ചെയര്‍മാന്‍ ജോസ് ഡൊമിനിക് പറഞ്ഞു. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കിയ പരിഗണനയും എടുത്തുപറയണം. മറ്റൊരിക്കലും ബജറ്റ് പ്രസംഗങ്ങളില്‍ കടന്നുവരാത്തവണ്ണം കൃഷിയിടങ്ങളെക്കുറിച്ചു പലവട്ടം പരാമര്‍ശമുണ്ടായി. റോഡ് വികസനത്തിനു വലിയ തുക നീക്കിവച്ചതും ശ്രദ്ധേയം. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നു ചെറുകിട വിമാനത്താവളങ്ങളും എയര്‍ സ്ട്രിപ്പുകളും വികസിപ്പിക്കാനുള്ള നിര്‍ദേശം ബജറ്റിലുണ്ട്. ഇത്തരം ബുഷ് എയര്‍ലൈന്‍സുകള്‍ വ്യാപകമാകുന്നതു ടൂറിസത്തിനു പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

സിഐഐ കേരള ചെയര്‍മാന്‍ ഹരികൃഷ്ണന്‍ ആര്‍. നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.വി. നന്ദകുമാര്‍, മുന്‍ ചെയര്‍മാന്‍ എ.കെ. നായര്‍, കൗണ്‍സില്‍ അംഗങ്ങളായ എ. ഗോപാലകൃഷ്ണന്‍, വിവേക് കൃഷ്ണ ഗോവിന്ദ്, സേവ്യര്‍ തോമസ് കൊണേ്ടാടി, ജി. അനില്‍ കുമാര്‍, പി.കെ. കുരുവിള, കോട്ടയം സോണ്‍ ചെയര്‍മാന്‍ അജയ് ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവരും സംബന്ധിച്ചു.

Related posts