കൊച്ചി: കേരളത്തിലെ തങ്ങളുടെ സാന്നിധ്യം വിപുലമാക്കുമെന്ന് യെസ് ബാങ്ക് റീജണല്‍ ഡയറക്ടര്‍ ആര്. രവിചന്ദര്‍. സംസ്ഥാനത്ത് 13 ശാഖകളാണ് ബാങ്കിനുള്ളത്. ഇത് 2020 ആകുമ്പോള്‍ 40 ആക്കാനാണു ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ 900 ശാഖകള്‍ ബാങ്കിനുണ്ട്. 2020 ആകുമ്പോള്‍ അത് 2,500 ആക്കും. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചങ്ങനാശേരിയിലും ആലപ്പുഴയിലും മറ്റും ശാഖകള്‍ ഉടന്‍ തുറക്കും. ബാങ്ക് ഉടന്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുമെന്നും ആര്. രവിചന്ദര്‍ പറഞ്ഞു.
കേരളത്തില്‍ എന്ആര്ഐകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മലയാളികളുടെ വിപുലമായ സഞ്ചയം കേരളത്തിനു പുറത്താണെന്നതിനാല്‍ അവിടെയുള്ള തങ്ങളുടെ ശാഖകള്‍ വഴി കൂടുതല്‍ മലയാളികളെ ബാങ്കുമായി അടുപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും അടക്കം പ്രയോജനകരമായ നിരവധി സേവനങ്ങള്‍ ബാങ്കിനുണ്ട്. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇവ പ്രയോജനപ്പെടുത്താന്‍ സാധിക്കും.
ഇപ്പോള്‍ 7000ത്തില്പരം ഉപഭോക്താക്കളുണ്ട്; 2020ഓടെ മൂന്നിരട്ടിയാക്കി വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. 800 കോടി രൂപയുടെ ഇടപാടുകള്‍ കേരളത്തില്‍ മാത്രം ബാങ്ക് നടത്തിയിട്ടുണ്ട്. ഇതില്‍ നല്ല പങ്ക് റീട്ടെയില്‍ ബാങ്കിംഗിലാണ്. ആകര്‍ഷകമായ നിരക്കിലാണ് തങ്ങള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും വായ്പകള്‍ നല്‍കുന്നതും.കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായി തങ്ങള്‍ മാറി. 1,65,000 കോടി രൂപയുടെ ഇടപാടുകളാണ് രാജ്യത്ത് ഇതിനകം നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.