മുംബൈ: ആഗോളവിപണിയില്‍ ക്രൂഡ് ഓയിലും സ്വര്‍ണവും വീണ്ടും കയറ്റത്തില്‍. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 52.24 ഡോളര്‍ വരെ കയറി. രണ്ടര ശതമാനം ഉയര്‍ച്ചയാണിത്.ഫെബ്രുവരിയെ അപേക്ഷിച്ച് 90 ശതമാനം ഉയര്‍ന്ന നിലയിലാണു ക്രൂഡ് വില ഇപ്പോള്‍. പെട്ടെന്നു വിലയുടെ ഗതിമാറിയത് ഉത്പാദനത്തില്‍ വന്ന ഇടിവുമൂലമാണ്. അമേരിക്കയിലെ ഷെയ്ല്‍ വാതക ഉത്പാദകരില്‍ പലരും പണി നിര്‍ത്തി.
ഇറാക്കിലും സിറിയയിലും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കീഴിലുള്ള എണ്ണപ്പാടങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ലിബിയയില്‍ ആഭ്യന്തര യുദ്ധം ഉത്പാദനം കുറച്ചു.കാനഡയില്‍ കാട്ടുതീയും ഉത്പാദനം കുറയാനിടയാക്കി. നൈജീരിയയില്‍ നൈജര്‍ ഡെല്‍റ്റാ അവെന്‍ജേഴ്‌സ് എന്ന തീവ്രവാദി വിഭാഗം പൈപ്പ് ലൈനുകളും എണ്ണക്കിണറുകളും തകര്‍ത്തതോടെ ഉത്പാദനം നാലിലൊന്നായി. ഇതെല്ലാം വിപണിയിലെ ക്രൂഡ് ലഭ്യത ഗണ്യമായി കുറച്ചു.
ക്രൂഡിന്റെ കയറ്റവും ഡോളറിന്റെ ക്ഷീണവും സ്വര്‍ണവില കുതിച്ചുകയറാന്‍ ഇടയാക്കി. ഇന്നലെ ന്യൂയോര്‍ക്ക് വിപണിയില്‍ ഒറ്റയടിക്ക് ഒന്നരശതമാനം കണ്ടു വില കയറി. 1242 ല്‍ നിന്ന് ഒരൗണ്‍സ് സ്വര്‍ണത്തിന്റെ വില 1263 ലെത്തി.മാസാവസാനം 1300 ഡോളര്‍ എന്നു പ്രവചിച്ചിരുന്നവര്‍ അടുത്തയാഴ്ച 1300 ഡോളര്‍ എന്ന നിലപാടിലേക്കു മാറി.കേരളത്തില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം പവന് 80 രൂപ കയറി. സ്വര്‍ണത്തോടൊപ്പം വെള്ളിക്കും കയറ്റമുണ്ട്. ന്യൂയോര്‍ക്കില്‍ നാലുശതമാനമാണു കൂടിയത്.