നികുതിയും പിഴയും തവണകളായി 2017 സെപ്റ്റംബര്‍ 30 വരെ അടയ്ക്കാം

BIS-taxനികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)

ഈ സ്കീം അനുസരിച്ച് വെളിപ്പെടുത്തുന്ന വരുമാനത്തിന്മേല്‍ 30 ശതമാനം നികുതിയും 7.5 ശതമാനം സര്‍ചാര്‍ജും 7.5 ശതമാനം പിഴയുമുള്‍പ്പെടെ 45 ശതമാനം തുക നവംബര്‍ 30നു മുമ്പ് അടയ്ക്കണമെന്നായിരുന്നു 2016 മേയില്‍ സ്കീം പ്രാബല്യത്തില്‍ വന്നപ്പോള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പുതിയ വിജ്ഞാപനപ്രകാരം വെളിപ്പെടുത്തപ്പെട്ട വരുമാനത്തിന്റെ 45 ശതമാനം വരുന്ന തുകയുടെ 25 ശതമാനം മാത്രം 2016 നവംബര്‍ 30നു മുമ്പ് അടയ്ക്കുകയും, 25 ശതമാനം തുക 2017 മാര്‍ച്ച് 31നു മുമ്പായി അടയ്ക്കുകയും, ബാക്കിവരുന്ന 50 ശതമാനം തുക 2017 സെപ്റ്റംബര്‍ 30നു മുമ്പ് അടയ്ക്കുകയും ചെയ്താല്‍ മതി.

മുന്‍ വര്‍ഷങ്ങളില്‍ മുഴുവന്‍ വരുമാനവും ആദായനികുതി വകുപ്പിന്റെ മുമ്പാകെ വെളിപ്പെടുത്താത്തവര്‍ക്കുവേണ്ടിയാണ് 2016ലെ ഫിനാന്‍സ് ആക്ടില്‍””വരുമാനം വെളിപ്പെടുത്തല്‍ സ്കീം 2016′ കൊണ്ടുവന്നത്. ഇതനുസരിച്ച് ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ മാസം 30 വരെ വരുമാനത്തിന്റെ ഡിക്ലറേഷന്‍ നല്‍കുന്നതിന് അവസരമുണ്ട്. ഇതനുസരിച്ച് ഡിക്ലയര്‍ ചെയ്യുന്ന സ്വത്തിന്മേല്‍ സ്വത്തുനികുതി അടയ്‌ക്കേണ്ടതായി വരില്ല. സ്കീമില്‍ ചേര്‍ന്ന് നികുതി അടയ്ക്കുന്നവര്‍ക്കെതിരേ ആദായനികുതി നിയമപ്രകാരമോ സ്വത്തുനികുതി നിയമപ്രകാരമോ യാതൊരുവിധ ശിക്ഷകളും ഉണ്ടാകുന്നതല്ല.

വ്യാജമായി ലോണുകളും ക്രെഡിറ്റേഴ്‌സും അക്കൗണ്ടില്‍ ഉണെ്ടങ്കില്‍

ചില അവസരങ്ങളില്‍ വെളിപ്പെടുത്താത്ത വരുമാനം കൊടുക്കാനില്ലാത്ത ലോണുകളുടെ പേരിലും ക്രെഡിറ്റേഴ്‌സിന്റെ പേരിലുമായിരിക്കും കണക്കുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പ്രസ്തുത തുകകള്‍ ഏതെങ്കിലും വിധത്തിലുള്ള സ്വത്തുക്കളുമായി ബന്ധപ്പെടുത്താന്‍ പറ്റുമെങ്കില്‍ പ്രസ്തുത സ്വത്തുക്കളുടെ 2016 ജൂണ്‍ ഒന്നിലെ മാര്‍ക്കറ്റ് വിലയാണ് വെളിപ്പെടുത്താത്ത വരുമാനമായി ഡിക്ലറേഷനില്‍ നല്‍കേണ്ടത്. എന്നാല്‍, പ്രസ്തുത തുകകളെ സ്വത്തുക്കളുമായി ബന്ധപ്പെടുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ആ തുകകള്‍ തന്നെ വരുമാനമായി കണക്കാക്കി ഡിക്ലറേഷന്‍ ഫയല്‍ ചെയ്യാവുന്നതാണ്.

മൂല്യനിര്‍ണയം നടത്തിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ്

മൂല്യനിര്‍ണയം നടത്താന്‍ അധികാരമുള്ളവരില്‍നിന്നു ലഭിച്ച സര്‍ട്ടിഫിക്കറ്റ് സാധാരണഗതിയില്‍ നികുതിവകുപ്പ് ചോദ്യം ചെയ്യാറില്ല. എന്നാല്‍, മൂല്യനിര്‍ണയം നടത്തുന്ന വ്യക്തി നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചു വേണം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍. സര്‍ട്ടിഫിക്കറ്റുകളെപ്പറ്റി നികുതി ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍ വേറെ അംഗീകൃത വാല്യൂവര്‍മാരില്‍നിന്നും മൂല്യനിര്‍ണയം നടത്തിയെടുക്കുന്നതും വ്യത്യാസമുണെ്ടങ്കില്‍ ആദ്യം റിപ്പോര്‍ട്ട് തന്ന വ്യക്തിയുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

ആസ്തിയുടെ വിലനിര്‍ണയം

2016 ജൂണ്‍ ഒന്നില്‍ നിലവിലുള്ള മതിപ്പുവിലയാണ് ആസ്തിയുടെ വിലയായി കണക്കാക്കേണ്ടത് എന്നായിരുന്നു ആദ്യ വിജ്ഞാപനപ്രകാരം തീരുമാനിച്ചിരുന്നത്. പ്രസ്തുത ആസ്തികള്‍ വില്‍ക്കുമ്പോള്‍ 2016 ജൂണ്‍ ഒന്നിനു വാങ്ങിയ ആസ്തിയായി കണക്കാക്കുന്നപക്ഷം അവ യഥാര്‍ഥത്തില്‍ വാങ്ങിയ തീയതികള്‍ വിസ്മരിക്കപ്പെടുമായിരുന്നു. ഏതെങ്കിലും കാരണവശാല്‍ പ്രസ്തുത സ്വത്തുക്കള്‍ 2016 ജൂണ്‍ ഒന്നില്‍ മുതല്‍ മൂന്നു വര്‍ഷം കൈവശം വയ്ക്കാതെ വില്‍ക്കുകയാണെങ്കില്‍ അവയ്ക്കു ദീര്‍ഘകാല മൂലധന നേട്ടത്തിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നില്ല. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കൈവശം വച്ചിട്ടുള്ള സ്വത്തുക്കളുടെ കാര്യത്തില്‍ പുതിയ വിജ്ഞാപനപ്രകാരം പ്രസ്തുത സ്വത്തിന്മേല്‍ ദീര്‍ഘകാല മൂലധനനേട്ടം കണക്കാക്കുന്നതിനുള്ള ഇന്‍ഡെക്‌സേഷന്‍ ബെനിഫിറ്റ് 2016 ജൂണ്‍ ഒന്നു മുതല്‍ നിജപ്പെടുത്തിയിട്ടുണെ്ടങ്കിലും മൂലധനനേട്ടത്തിനു ലഭിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും പ്രസ്തുത സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്നതാണ്.

ഇത് ഒരു ഉദാഹരണം സഹിതം വ്യക്തമാക്കുന്നു. ഒരു വ്യക്തി 2011 ഒക്ടോബര്‍ ഒന്നിന് 10 ലക്ഷം രൂപ വിലയുള്ള ഒരു വീട് വാങ്ങുകയും 2016 ജൂണ്‍ ഒന്നിന് അതിന്റെ മതിപ്പുവില 20 ലക്ഷം രൂപയായി ഡിക്ലയര്‍ ചെയ്യുകയും ചെയ്യുന്നു. പ്രസ്തുത വ്യക്തി 2017 ഒക്ടോബര്‍ പത്തിന് 30 ലക്ഷം രൂപയ്ക്ക് ഈ വീട് വില്‍ക്കുന്നു എന്നു കരുതുക. മൂലധനവര്‍ധന കണക്കു കൂട്ടുന്നതിലേക്കായി ഇദ്ദേഹം കൈവശം വച്ചിരുന്ന ആറു വര്‍ഷത്തെ കാലാവധി കണക്കാക്കുമെങ്കിലും ഇന്‍ഡെക്‌സേഷന്‍ ബെനിഫിറ്റ് 20 ലക്ഷത്തിനുമാത്രം 2016 ജൂണ്‍ ഒന്നു മുതലേ ലഭിക്കൂ. പ്രസ്തുത ദീര്‍ഘകാല മൂലധനനേട്ടത്തിന് ആദായനികുതിനിയമം 112-ാം വകുപ്പനുസരിച്ചുള്ള 20 ശതമാനം നികുതി നല്‍കിയാല്‍ മതിയാവുന്നതാണ്. കൂടാതെ ദീര്‍ഘകാലമൂലധന നേട്ടത്തിനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സ്കീമുകളില്‍ നിക്ഷേപിച്ച് നികുതി ഒഴിവ് നേടാവുന്നതാണ്.

ഒരിക്കല്‍ നല്‍കിയ ഡിക്ലറേഷന്‍ തിരുത്തി നല്‍കാന്‍ സാധിക്കുമോ?

ഡിക്ലയര്‍ ചെയ്ത സ്വത്തുക്കളുടെ മതിപ്പുവിലയില്‍ മാറ്റം വന്നതായി മനസിലാക്കിയാല്‍ അവ നേരത്തേ വെളിപ്പെടുത്തിയ തുകയില്‍ കുറവാണെങ്കില്‍പോലും ഡിക്ലറേഷനുകള്‍ പുതുക്കി നല്‍കാവുന്നതാണ്. മുമ്പ് ബോര്‍ഡ് തീരുമാനിച്ചിരുന്ന നയങ്ങളുമായി ഇതിന് അല്പം മാറ്റം വന്നിട്ടുണ്ട്. നിലവില്‍ ഉണ്ടായിരുന്ന വിജ്ഞാപനം അനുസരിച്ച് സ്വത്തുക്കളുടെ വിലയില്‍ കുറവുണെ്ടങ്കില്‍ ഡിക്ലറേഷനുകള്‍ പുതുക്കി നല്‍കാന്‍ സാധിക്കുന്നതല്ലായിരുന്നു.

നികുതിത്തുക പണമായി അടയ്ക്കാന്‍ സാധിക്കുമോ?

നികുതിത്തുക പണമായി സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഡിക്ലയര്‍ ചെയ്യപ്പെട്ട തുകകള്‍ പണമായി ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യാവുന്നതാണ്.

12എ രജിസ്‌ട്രേഷനുള്ള ധര്‍മസ്ഥാപനങ്ങള്‍ക്ക് ഈ സ്കീമില്‍ ചേരാന്‍ സാധിക്കുമോ?

ആദായനികുതി നിയമം 12എ പ്രകാരം രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള ധര്‍മസ്ഥാപനങ്ങള്‍ക്ക് ഈ സ്കീമില്‍ ചേരാന്‍ സാധിക്കുമെന്നാണ് ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറയുന്നത്. സാധാരണഗതിയില്‍ രജിസ്‌ട്രേഷനുള്ള ധര്‍മസ്ഥാപനങ്ങള്‍ക്ക് നികുതിബാധ്യത വരാത്തതിനാല്‍ ഈ സ്കീമിന്റെ ഉപയോഗം എത്രമാത്രം ഫലവത്താകുമെന്നു സംശയമാണ്. കൂടാതെ, ധര്‍മസ്ഥാപനം കള്ളപ്പണം വെളിപ്പെടുത്തിക്കഴിയുമ്പോള്‍ അതിന്റെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍, ബോര്‍ഡിന്റെ സര്‍ക്കുലര്‍ പ്രകാരം, ഡിക്ലറേഷന്‍ ഫയല്‍ചെയ്തു എന്ന ഒറ്റക്കാരണത്താല്‍ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ നഷ്ടമാകില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്.

ചേരാന്‍ പറ്റാത്തവര്‍

വരുമാനം വെളിപ്പെടുത്തല്‍ സ്കീം പ്രകാരം ഇതില്‍ ചേരാന്‍ ചില നികുതിദായകര്‍ക്കു സാധിക്കുകയില്ല. ആദായനികുതിനിയമം 131(എ), 133(6) എന്നിവയനുസരിച്ച് സമന്‍സ് ലഭിച്ചിട്ടുള്ള വ്യക്തികള്‍, 142(1),143(2),153എ, 153സി എന്നിവയനുസരിച്ച് നോട്ടീസ് ലഭിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍, സെര്‍ച്ച്-സര്‍വേ കേസുകളില്‍ നോട്ടീസ് നല്‍കാനുള്ള സമയപരിധി കഴിഞ്ഞിട്ടില്ലാത്തവര്‍, വിദേശരാജ്യങ്ങളുമായി ഏര്‍പ്പെട്ടിട്ടുള്ള ടാക്‌സ് ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ച് എഗ്രിമെന്റ് അനുസരിച്ച് നികുതിദായകന്റെ പ്രസ്തുത വരുമാനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഗവണ്‍മെന്റില്‍നിന്ന് ലഭിച്ചിട്ടുണെ്ടങ്കിലും 2015ലെ ബ്ലാക്ക് മണി ആക്ടിന്റെ കീഴില്‍ വരുന്ന നികുതിദായകര്‍, ഇന്ത്യന്‍ പീനല്‍കോഡ് അനുസരിച്ചും നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആക്ട് അനുസരിച്ചും നടപടിക്രമങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കും ഈ സ്കീമില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അഴിമതിവഴി സമ്പാദിച്ച സ്വത്തുക്കളും ഈ സ്കീമില്‍പ്പെടുത്തി നിയമപ്രകാരം വെളിപ്പെടുത്താന്‍ സാധിക്കില്ല.

ബിനാമി പേരില്‍ സമ്പാദിച്ചിരിക്കുന്ന വസ്തുക്കള്‍ യഥാര്‍ഥ ഉടമസ്ഥന്റെ പേരിലേക്കു മാറ്റി, വെളിപ്പെടുത്തല്‍ സ്കീം അനുസരിച്ച് നികുതി അടയ്ക്കുമ്പോള്‍ പ്രസ്തുത വസ്തുവിന് ആ സമയം മൂലവര്‍ധനയുടെ നികുതിയോ സ്രോതസിലുള്ള ഒരു ശതമാനം നികുതിയോ അടയ്‌ക്കേണ്ടതായി വരുകയില്ല. കമ്പനികളും പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളും ഈ സ്കീമില്‍ ചേര്‍ന്ന് കമ്പനിയുടെയോ ഫേമിന്റെയോ വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ പ്രസ്തുത വ്യക്തികള്‍ക്കെതിരേ യാതൊരു വിധത്തിലുള്ള ശിക്ഷാനടപടികളും ഉണ്ടാകുന്നതല്ല.

ആദായനികുതി നിയമപ്രകാരമുള്ള ഇന്‍കംടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത കേസുകളില്‍ റിട്ടേണ്‍ ഫയല്‍ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെങ്കിലും ഈ വെളിപ്പെടുത്തല്‍ സ്കീം അനുസരിച്ച് വരുമാനത്തിന്റെയും സ്വത്തുക്കളുടെയും ഡിക്ലറേഷന്‍ നല്‍കാവുന്നതാണ്.

Related posts