നികുതിലോകം / ബേബി ജോസഫ്(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)
ഇന്ത്യന്‍ ഭരണഘടനയിലെ ഏഴാമത്തെ ഷെഡ്യൂളില്‍ ലിസ്റ്റ് ഒന്നില്‍ അഥവാ യൂണിയന്‍ ലിസ്റ്റിലാണ് കേന്ദ്രസര്‍ക്കാറിന്റെ അധികാരപരിധിയിലുളള ഇടപാടുകള്‍ നിക്ഷിപ്തമായിരിക്കുന്നത്. ലിസ്റ്റ് രണ്ടില്‍ സംസ്ഥാനങ്ങള്‍ക്കായുള്ള ഇടപാടുകളെപ്പറ്റിയാണ് സൂചിപ്പിച്ചിരിക്കുന്നത്. കേന്ദ്രത്തിന് ഉത്പാദനങ്ങളുടെ മേലും സേവനങ്ങളുടെ മേലും നികുതി ചുമത്തുവാന്‍ അധികാരമുണ്ട്. എന്നാല്‍ ചരക്കുകളുടെ വിലപ്നയിന്മേല്‍ നികുതി ചുമത്തുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. അതിനാല്‍ ചരക്കുസേവനനികുതി നിയമം പ്രാബല്യത്തില്‍ വരുന്നതിന് ഈ ഭരണഘടന വ്യവസ്ഥയില്‍ മാറ്റം വരുത്തണം. ഇതിനുള്ള ബില്‍ ലോകസഭയും രാജ്യസഭയും പാസ്സാക്കി കഴിഞ്ഞിരിക്കുന്നു. 15 സംസ്ഥാനങ്ങളിലെ നിയമസഭകള്‍ പ്രസ്തുത ബില്‍ പാസ്സാക്കി കഴിഞ്ഞാല്‍ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പ്രാബല്യത്തിലാകും. തുടര്‍ന്ന് ചരക്കു സേവന നികുതി (ജിഎസ്ടി) കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നികുതി ചുമത്തുവാനുള്ള അധികാരം ഇതോടെ ഉണ്ടാവുന്നതാണ്. ജിഎസ്ടി. ഇന്ത്യയിലൊന്നാകെ ഏകീകൃത നിയമമായിട്ടാണ് പ്രാബല്യത്തിലാകുന്നത്.
ഇന്ത്യയിലെ പ്രധാന പരോക്ഷ നികുതികളെല്ലാംതന്നെ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടുകൂടി നിര്‍ത്തലാക്കുന്നതാണ്. ജിഎസ്ടി വരുന്നതോടുകൂടി നികുതിക്കുമേല്‍ നികുതി ഉണ്ടാകാത്തതിനാല്‍ കുറെ സാധനങ്ങളുടെ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. അതോടൊപ്പം ചില സാധനങ്ങളുടെ വിലയില്‍ വര്‍ദ്ധനവും ഉണ്ടായേക്കാം. ജി.എസ്.ടി. പ്രാബല്യത്തില്‍ വരുന്നതോടുകൂടി താഴെപറയുന്ന സംസ്ഥാന നികുതികള്‍ ഇല്ലാതാകുന്നതാണ്.
എ) വാറ്റ്‌സെയില്‍ ടാക്‌സ്
ബി) ആഡംബര നികുതി,
സി) ലോട്ടറി, പന്തയം മുതലായവയുടെ നികുതികള്‍
ഇതോടൊപ്പം താഴെപ്പറയുന്ന കേന്ദ്രനികുതികളും നിലവിലില്ലാതാകും.
1) സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി.
2) എക്‌സൈസ് അധിക തീരുവകള്‍.
3) മെഡിസിനല്‍ ആന്‍ഡ് ടോയ്‌ലെറ്റ്‌റീസീനുള്ള എക്‌സൈസ് തീരുവകള്‍.
4) സേവന നികുതികള്‍.
5) കൗണ്ടര്‍ വെയ്‌ലിംഗ് ഡ്യൂട്ടി (കസ്റ്റംസ്).
6) കസ്റ്റംസ് അധികതീരുവകള്‍,
7) സര്‍ച്ചാര്‍ജുകള്‍,
8) സെസ്സുകള്‍
എന്നാല്‍, താഴെപ്പറയുന്ന നികുതികള്‍ പിന്നെയും പ്രാബല്യത്തില്‍ ഉണ്ടായിരിക്കുന്നതാണ്.
1)സ്റ്റാമ്പ് ഡ്യൂട്ടി.
2) ഇലക്ട്രിസിറ്റി ഡ്യൂട്ടി.
3) പ്രാദേശിക ഭരണകൂടം ചാര്‍ജ് ചെയ്യുന്ന വിനോദ നികുതികള്‍.
4) അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി.
5) പ്രൊഫഷണല്‍ ടാക്‌സ് എന്നിവ.
രജിസ്‌ട്രേഷന്‍: സാധനങ്ങളും സേവനങ്ങളും സപ്ലൈ ചെയ്യുന്ന സ്ഥലത്തു നിന്നാണ് രജിസ്‌ട്രേഷന്‍ എടുക്കേണ്ടത്. 10 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്റെ പരിധിയില്‍ വരുന്നതല്ല. (വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് അഞ്ച് ലക്ഷമാണ്). പുതിയ നികുതിദായകര്‍ ടേണോവര്‍ ഒമ്പതു ലക്ഷത്തില്‍ എത്തുമ്പോള്‍ രജിസ്‌ട്രേഷനുവേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍, താഴെ പറയുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമായും വിറ്റു വരവിനെ അടിസ്ഥാനപ്പെടുത്താതെ തന്നെ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്.
1) സംസ്ഥാനാന്തര വ്യാപാരം നടത്തുന്നവര്‍ 2) റിവേഴ്‌സ് ചാര്‍ജ്ജ് മെക്കാനിസം മൂലം നികുതി അടയ്‌ക്കേണ്ടി വരുന്നവര്‍.
3) നോണ്‍ റെസിഡന്റായ വ്യാപാരികള്‍.
4) ഇലക്‌ട്രോണിക് കൊമേഴ്‌സ് ഓപ്പറേറ്റര്‍മാരും അവര്‍ക്ക് സാധനം സപ്ലൈ ചെയ്യുന്നവരും
5) സ്രോതസ്സില്‍ നികുതി പിടിക്കപ്പെടുന്നവര്‍.
പൊതുവായി 18% നിരക്കിലായിരിക്കും നികുതി ചുമത്തപ്പെടുന്നത് എന്ന് പ്രതീക്ഷിക്കുന്നു. പ്രസ്തുത നിരക്ക് നിശ്ചയിക്കുന്നതില്‍ ഏകകണ്ഠമായ തീരുമാനം ആയിട്ടില്ല. സ്വര്‍ണം, ഡയമണ്ട്‌സ് മുതലായവയ്ക്ക് പ്രത്യേക നിരക്കായിരിക്കുമെന്ന് കരുതപ്പെടുന്നു. നിലവില്‍ പെട്രോളിയം, പുകയില എന്നിവ ജിഎസ്ടിയുടെ പരിധിയില്‍ വരുന്നതല്ല. ഇതോടൊപ്പംതന്നെ നിശ്ചിത തുകയില്‍ താഴെ വിറ്റുവരവുള്ളവര്‍ക്ക് കോമ്പൗണ്ട് ചെയ്യുന്നതിനുള്ള അവസര വും ഉണ്ടാകുന്നതാണ്. കോമ്പൗണ്ട് ചെയ്യുന്ന വ്യാപാരികള്‍ക്ക് സംസ്ഥാനാന്തര വ്യാപാരങ്ങള്‍ ചെയ്യുന്നതിനും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കുന്നതിനും സാധ്യമാകുന്നതല്ല. ഇവര്‍ ഇന്‍വോയ്‌സുകളില്‍ നികുതി ചാര്‍ജ്ജ് ചെയ്യുവാന്‍ പാടുള്ളതല്ല. പെട്രോളിയത്തിന്മേലും പുകയിലയുടെ മേലും കേന്ദ്രഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും നികുതി ചുമത്തിയേക്കാം.
ചരക്കുസേവന നികുതി നിയമം പ്രാബല്യത്തില്‍ വരുന്നതോടുകൂടി ഒരേ ഇന്‍വോയ്‌സില്‍തന്നെ കേന്ദ്രത്തിനുള്ള നികുതിയും സംസ്ഥാനങ്ങള്‍ക്കുള്ള നികുതിയും രേഖപ്പെടുത്താവുന്നതാണ്. കേന്ദ്രത്തിനുള്ള നികുതിയെ സിജിഎസ്ടി എന്നും സംസ്ഥാനത്തിനുള്ള നികുതിയെ എസ്ജിഎസ്ടി എന്നും സംസ്ഥാനാന്തര വ്യാപാരങ്ങള്‍ക്കുള്ള നികുതിയെ ഐജിഎസ്ടി എന്ന പേരിലുമാണ് അറിയപ്പെടുന്നത്. കയറ്റുമതി വ്യാപാരങ്ങള്‍ നടത്തുവര്‍ക്ക് നികുതിയുടെ റീഫണ്ട് ലഭിക്കുന്നതായിരിക്കും. ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കള്‍ക്ക് അടിസ്ഥാന കസ്റ്റംസ് നികുതിയോടൊപ്പം ഐജിഎസ്ടിയും ചാര്‍ജ്ജ് ചെയ്യുന്നതാണ്. എല്ലാ നികുതിദായകര്‍ക്കും പാന്‍കാര്‍ഡില്‍ അധിഷ്ഠിതമായ രജിസ്‌ട്രേഷന്‍ നമ്പറാണ് ലഭിക്കുന്നത്.
നിലവിലുള്ള നികുതിക്കുമേല്‍ നികുതി (ഉദാ: എക്‌സൈസ് തീരുവ ഉള്‍പ്പെടുത്തിയുള്ള വിലയിന്മേല്‍ വാറ്റ് ചാര്‍ജ്ജ് ചെയ്യപ്പെടുന്ന അവസരങ്ങള്‍) ഇല്ലാതാകുന്നതോടുകൂടി വിലകളില്‍ കുറവുണ്ടായേക്കാം. അതായത് ഉത്പാദന സമയത്ത് എക്‌സൈസ് തീരുവ ചാര്‍ജ്ജ് ചെയ്തതിനുശേഷം പ്രസ്തുത വസ്തുവിന്മേല്‍ സംസ്ഥാന നികുതിയായ വാറ്റ് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ നിലവില്‍ വിലയുടെ 27% വരെ നികുതിയായി ചുമത്തപ്പെടാവുന്നതാണ്. പുതിയ നികുതി നിയമം പ്രാബല്യത്തില്‍ വരുന്നതോടുകൂടെ ഒറ്റ നികുതി നിരക്കായ 18% ചുമത്തുന്നതോടുകൂടി വിലകളില്‍ കുറവുണ്ടാകാം. എസ്ജിഎസ്ടിയില്‍ ലഭിക്കുന്ന ക്രെഡിറ്റുകള്‍ എസ്ജിഎസ്ടിയുടെ അടവിനും സിജിഎസ്ടിയില്‍ ലഭിക്കുന്ന ക്രെഡിറ്റുകള്‍ സിജിഎസ്ടിയുടെ അടവിനും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. എന്നാല്‍, ഐജിഎസ്ടിയുടെ അടവിലേക്ക് സിജിഎസ്ടിയുടെയും എസ്ജിഎസ്ടിയുടെയും ക്രെഡിറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്.
ചരക്കുസേവന നികുതിയുടെ നിര്‍വചനത്തില്‍ ഇന്‍ടാന്‍ജിബിള്‍ പ്രോപ്പര്‍ട്ടികള്‍ ഒഴികെയുള്ള എല്ലാ മൂവബിള്‍ പ്രോപ്പര്‍ട്ടികളും ചരക്കിന്റെ നിര്‍വചനത്തിലാണ് വരുന്നത്. സേവനങ്ങളുടെ നിര്‍വചനത്തില്‍ ചരക്ക് ഒഴികെയുള്ള എല്ലാ ഇടപാടുകളും ഉള്‍പ്പെടുന്നു. കൂടാതെ ഇന്‍ടാന്‍ജിബിള്‍ പ്രോപ്പര്‍ട്ടികള്‍, സോഫ്റ്റ്‌വെയറുകള്‍, വര്‍ക്ക് കോണ്‍ട്രാക്റ്റുകള്‍ മുതലായവയും സേവനങ്ങളുടെ ലിസ്റ്റില്‍പ്പെടുന്നുണ്ട്. ചരക്കുസേവന നികുതിയുടെ റിട്ടേണുകള്‍ ജിഎസ്ടിഎന്‍ (ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ് നെറ്റ്‌വര്‍ക്ക്) എന്ന സ്ഥാപനമായിരിക്കും പ്രോസ്സസ് ചെയ്യുക. പ്രസ്തുത സ്ഥാപനം നിലവില്‍ വന്നിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഉപയോഗങ്ങളും സേവനങ്ങളും കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്കും നികുതിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നല്‍കുന്നത് പ്രസ്തുത സ്ഥാപനമായിരിക്കും. ചരക്ക് സേവനനികുതി നിയമം 01-04-2017 ഓടു കൂടി പ്രാബല്യത്തിലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.