പലിശനിരക്ക് ഓഹരിവിപണിയുടെ താളം തെറ്റിച്ചു

bis-palishaഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: കേന്ദ്രബാങ്ക് പലിശനിരക്കില്‍ വരുത്തിയ ഭേദഗതി ഓഹരിവിപണിയുടെ താളം തെറ്റിച്ചു. കാലാവസ്ഥാ വ്യതിയാനം പണപ്പെരുപ്പത്തിനു സാഹചര്യം ഒരുക്കുന്നതിനെ തടയുകയെന്ന ലക്ഷ്യത്തോടെ പലിശനിരക്കില്‍ 25 ബേസിസ് പോയിന്റ് മാറ്റമാണ് ആര്‍ബിഐ വരുത്തിയത്. വിപണിയുടെ പ്രതീക്ഷകളെ മറികടന്നുള്ള പ്രഖ്യാപനത്തെ വില്പന സമ്മര്‍ദത്തിലൂടെ ഫണ്ടുകള്‍ പ്രതികരിച്ചതോടെ മൂന്നാഴ്ചയ്ക്കിടെ താഴ്ന്ന റേഞ്ചിലെ പ്രമുഖ ഇന്‍ഡക്‌സുകള്‍ ഇടിഞ്ഞു. ബോംബെ സെന്‍സെക്‌സ് 595 പോയിന്റും നിഫ്റ്റി 157 പോയിന്റും നഷ്ടത്തിലാണ്. ഈ വാരം ഇടപാടുകള്‍ മൂന്നു ദിവസങ്ങളില്‍ ഒതുങ്ങും. ശ്രീരാമനവമി പ്രമാണിച്ചും അംബേദ്കര്‍ ദിനം മൂലവും വ്യാഴം, വെള്ളി ദിനങ്ങളില്‍ ഓഹരിവിപണി അവധിയാണ്.

ഏറെ പ്രതീക്ഷകളോടെയാണ് പോയ വാരം ഇടപാടുകള്‍ തുടങ്ങിയത്. ആദ്യദിനത്തില്‍ വിപണി നേട്ടത്തിലായിരുന്നെങ്കിലും തൊട്ടടുത്ത ദിവസം റിസര്‍വ് ബാങ്ക് പലിശയില്‍ വരുത്തിയ മാറ്റം നിക്ഷേപകരെ ഞെട്ടിച്ചു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 6.5 ശതമാനമായി പലിശ കുറച്ചത് വലിയൊരു വിഭാഗം ഓപ്പറേറ്റര്‍മാരെ വില്പനയ്ക്കു പ്രേരിപ്പിച്ചു. അതേസമയം കാലവര്‍ഷം ഇക്കുറിയും അനുകൂലമാവുമെന്ന പ്രവചനങ്ങള്‍ വൈകാതെ വിപണിയുടെ തിരിച്ചുവരവിന് അവസരമൊരുക്കും. മഴ സുലഭമായാല്‍ കാര്‍ഷികമേഖലയ്ക്കു മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും അതു നേട്ടമാവും.

വിദേശഫണ്ടുകള്‍ പിന്നിട്ട വാരം 857.87 കോടി രൂപയുടെ വില്പന നടത്തി. ഈ മാസം അവര്‍ 7,600 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. ഈ വര്‍ഷത്തെ മൊത്തം വിദേശ നിക്ഷേപം 7,964 കോടി രൂപയാണ്. നവംബര്‍-ഫെബ്രുവരി കാലയളവില്‍ അവര്‍ 41,661 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചിരുന്നു.

സെന്‍സെക്‌സ് 25,429 പോയിന്റ് വരെ കയറിയ വേളയിലെ വില്പനസമ്മര്‍ദത്തില്‍ സൂചിക 24,618ലേക്ക് ഇടിഞ്ഞു. തകര്‍ച്ചയ്ക്കിടെ മുന്‍ വാരം സൂചിപ്പിച്ച 24,549ലെ സപ്പോര്‍ട്ട് സൂചിക നിലനിര്‍ത്തി. മാര്‍ക്കറ്റ് ക്ലോസിംഗില്‍ സെന്‍സെക്‌സ് 24,673ലാണ്. ഈ വാരം ആദ്യ താങ്ങ് 24,377ലാണ്. ഇത് നഷ്ടപ്പെട്ടാല്‍ 24,082-23,556 പോയിന്റിലേക്ക് തിരിയാം. മേയ് രണ്ടാം പകുതിയില്‍ ഈ റേഞ്ചിലെ സപ്പോര്‍ട്ടില്‍ പരീക്ഷണങ്ങള്‍ നടന്നാല്‍ സ്വാഭാവികമായും താഴ്ന്ന തലത്തില്‍ വന്‍ നിക്ഷേപങ്ങള്‍ക്കു സാഹചര്യമൊരുങ്ങും. അതായത് മണ്‍സൂണിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മേയ് മൂന്നാം വാരം പ്രതീക്ഷിക്കാം.

ഈ വാരം സെന്‍സെക്‌സിന് 25,198-25,724 പോയിന്റില്‍ പ്രതിരോധമുണ്ട്. മറ്റ് സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാല്‍ പാരാബോളിക് എസ്എആര്‍, എംഎസിഡി, ആര്‍എസ്‌ഐ- 14, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ സെല്ലിംഗ് മൂഡിലാണ്. സാങ്കേതികവശങ്ങള്‍ കണക്കിലെടുത്താല്‍ ഫണ്ടുകള്‍ ഇത് അവസരമാക്കി ഷോട്ട് സെല്ലിംഗിനു മുന്‍തുക്കം നല്‍ക്കാം.

നിഫ്റ്റി സൂചിക 7,527-7,761 റേഞ്ചില്‍ നീങ്ങി. മുന്‍വാരം വ്യക്തമാക്കിയ 7,504ലെ സപ്പോര്‍ട്ട് സൂചിക നിലനിര്‍ത്തി 7,555ല്‍ ക്ലോസ് ചെയ്തു. ഈവാരം നിഫ്റ്റിക്ക് 7,467-7,380ല്‍ താങ്ങുണ്ട്. ഇതു കൈമോശം വന്നാല്‍ സൂചിക 7,233 വരെ പരീക്ഷണങ്ങള്‍ നടത്താം. അതേസമയം, മുന്നേറ്റത്തിനു തുനിഞ്ഞാല്‍ 7,701-7,848ല്‍ പ്രതിരോധം നേരിടാം.

ബാങ്കിംഗ്, എഫ്എംസിജി, ഓട്ടോമൊബൈല്‍, ടെക്‌നോളജി, കണ്‍സ്യുമര്‍ ഗുഡ്‌സ്, റിയാലിറ്റി ഇന്‍ഡക്‌സുകള്‍ ഇടിഞ്ഞപ്പോള്‍ ഹെല്‍ത്ത്‌കെയര്‍, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗങ്ങളില്‍ നിക്ഷേപകര്‍ താത്പര്യം കാണിച്ചു.

ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം 66.22ല്‍നിന്ന് 66.78ലേക്ക് ഇടിഞ്ഞശേഷം 66.47ലാണ്. ഏപ്രില്‍ ഒന്നിന് അവസാനിച്ച വാരം രാജ്യത്തെ വിദേശ നിക്ഷേപം സര്‍വകാല റിക്കാര്‍ഡായ 359.75 ബില്യന്‍ ഡോളറിലെത്തി. വാരാന്ത്യം ഡോളറിനു മുന്നില്‍ ജാപ്പനീസ് യെന്നിന്റെ വിനിമയ മൂല്യം 18 മാസത്തിനിടയിലെ ഏറ്റവും മികച്ച നിലവാരം ദര്‍ശിച്ചത് ജപ്പാന്റെ നൈക്കി സൂചികയ്ക്ക് കരുത്തായി.

ജര്‍മന്‍ വ്യാപാരരംഗത്തെ ഉണര്‍വും ഇറ്റാലിയന്‍ ബാങ്കിംഗ് മേഖലയ്ക്കു മികവു പകരാനുള്ള പുതിയ നീക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും യൂറോപ്യന്‍ ഓഹരി ഇന്‍ഡക്‌സുകള്‍ ഒരു ശതമാനം നേട്ടം പകര്‍ന്നു. ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടവും ഡോളറിന്റെ മൂല്യത്തിലെ വ്യതിയാനങ്ങളും ഡൗ ജോണ്‍സ്, എസ് ആന്‍ഡ് പി, നാസ്ഡാക് സൂചികകളെ സ്വാധീനിച്ചു.ക്രൂഡ് ഏട്ടു ശതമാനം നേട്ടത്തില്‍ 39.79 ഡോളറിലാണ്.

Related posts