മുഹൂര്‍ത്തവ്യാപാരത്തില്‍ കിതച്ച് കമ്പോളങ്ങള്‍

BIS-COMBOLAMഓഹരി അവലോകനം / സോണിയ

മുംബൈ: മുഹൂര്‍ത്തവ്യാപാരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും നേരിയ റേഞ്ചില്‍ നീങ്ങിയെങ്കിലും വരും ദിനങ്ങളില്‍ ഒരു ബുള്‍ തരംഗത്തിന് അവസരം ലഭിക്കുമോ അതോ ബാധ്യതകള്‍ വിറ്റുമാറുന്ന പ്രവണത വിദേശ ഫണ്ടുകളില്‍ ഉടലെടുക്കുമോ? വ്യക്തമായ ചിത്രത്തിനായി കാത്തിരിക്കുകയാണ് ഓരോ നിക്ഷേപകനും.

കൃത്യമായ ഒരു ദിശകണ്ടെത്താന്‍ വാരമധ്യത്തോടെ വിപണിക്കാവും. ദീപാവലി മുഹൂര്‍ത്തവ്യാപാരം പ്രമാണിച്ച് ഇന്ന് വിപണി അവധിയാണ്. യുഎസ് മാര്‍ക്കറ്റിലെ ഇന്നത്തെ ചലനങ്ങളെ ആസ്പദമാക്കിയാവും ചൊവ്വാഴ്ച ഇന്ത്യന്‍ വിപണി ചലിക്കുക. മുഹൂര്‍ത്തവ്യാപാരത്തില്‍ സെന്‍സെക്‌സ് 27,930 പോയിന്റിലാണ്. നിഫ്റ്റി സൂചിക 8625ലും. 19 ഓഹരികള്‍ മികവ് കാണിച്ചപ്പോള്‍ 30 ഓഹരികളുടെ നിരക്ക് നിഫ്റ്റിയില്‍ താഴ്ന്നു. രണ്ട് ഓഹരികള്‍ സ്‌റ്റെഡി നിലവാരത്തില്‍ നീങ്ങി.

വിദേശ ഓപ്പറേറ്റര്‍മാര്‍ കഴിഞ്ഞവാരം അവരുടെ പൊസിഷനുകളില്‍ കുറവ് വരുത്തി. വിദേശ ഫണ്ടുകള്‍ 3629.63 കോടി രൂപയുടെ വില്പന നടത്തി. ആഗോള ഓഹരിവിപണികളിലെ മാന്ദ്യവും ടാറ്റാ ഗ്രൂപ്പില്‍നിന്ന് കൂടുതല്‍ ഉന്നതര്‍ പുറത്താകുമെന്ന സൂചനകളും നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. വിദേശ ഓപ്പറേറ്റര്‍മാര്‍ ഒരു വര്‍ഷത്തിനിടെ നിക്ഷേപിച്ചത് 40,240 കോടിയാണ്.

പിന്നിട്ട വാരം സെന്‍സെക്‌സ് 135 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉയര്‍ന്ന നിലവാരമായ 28,256 വരെ സൂചിക എത്തിയ ഘട്ടത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. മുന്‍വാരം സൂചിപ്പിച്ച 28,361ലെ പ്രതിരോധം വരെ സഞ്ചരിക്കാനുള്ള കരുത്ത് സൂചികയ്ക്കു ലഭ്യമായില്ല. അതേസമയം, മുന്‍നിര ഓഹരികളിലെ ലാഭമെടുപ്പ് പിന്നീട് വില്പന സമ്മര്‍ദ്ദമായതോടെ സെന്‍സെക്‌സ് 27,665ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗില്‍ 27,941ലാണ്.

ഈ വാരം വിപണിക്കു മുന്നിലുള്ള ആദ്യകടമ്പ 28,523ലാണ്. ഇതു തകര്‍ക്കാനായാല്‍ 28,685ലേക്കും അവിടെനിന്ന് 29,114ലേക്കും ചുവടുവയ്ക്കാനാവും. എന്നാല്‍, വാരാവസാനത്തിലെ വില്പനകള്‍ കണക്കിലെടുത്താല്‍ 27,932ല്‍ സൂചികയ്ക്ക് ആദ്യ താങ്ങ് നിലവിലുണ്ട്. ഇതു നഷ്ടപ്പെട്ടാല്‍ 27,503–27,341ലേക്ക് സാങ്കേതിക പരീക്ഷണങ്ങള്‍ക്കു മുതിരാം. സെന്‍സെക്‌സിന്റെ മറ്റു സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാല്‍ പാരാബോളിക് എസ്എആര്‍, എംഎസിഡി എന്നിവ ബുള്ളിഷാണ്. അതേസമയം, ആര്‍എസ്‌ഐ 14, സ്ലോ സ്‌റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക് എന്നിവ നൂട്ടറല്‍ റേഞ്ചിലാണ്.

നിഫ്റ്റി സൂചിക 8,737ല്‍നിന്ന് 8,550 വരെ താഴ്ന്നശേഷം 8,638ല്‍ ക്ലോസിംഗ് നടന്നു. വ്യാഴാഴ്ച ഒക്ടോബര്‍ സീരീസ് സെറ്റില്‍മെന്റും നടന്നു. ഈ വാരം നിഫ്റ്റിക്ക് 8,546ല്‍ ആദ്യ താങ്ങു പ്രതീക്ഷിക്കാം. ഈ സപ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ സൂചിക 8,454–8359ലേക്ക് നീങ്ങാം. എന്നാല്‍, അനുകൂല വാര്‍ത്തകള്‍ക്ക് സൂചികയെ 8,733–8,828ലേക്ക് കൈപിടിച്ച് ഉയര്‍ത്താനാവും. ഈ റേഞ്ചിനു മുകളിലെ പ്രതിരോധം 8,920ലാണ്.

സംവത്ത് 2,072ല്‍ ബോംബെ സെന്‍സെക്‌സ് എട്ടു ശതമാനവും നിഫ്റ്റി പത്തു ശതമാനവും മുന്നേറി. ഒരു വര്‍ഷക്കാലയളവില്‍ നിഫ്റ്റി മെറ്റല്‍ ഇന്‍ഡക്‌സ് 57 ശതമാനവും റിയാലിറ്റി ഇന്‍ഡ്‌സ് 25 ശതമാനവും ഉയര്‍ന്നു. സംവത്ത് 2,072ല്‍ വിദേശ ഫണ്ടുകള്‍ 38,600 കോടി രൂപയുടെ നിക്ഷേപം നടത്തിയപ്പോള്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 33,423 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി.

ധനകാര്യസ്ഥാപനങ്ങളുടെ സജീവസാന്നിധ്യം സൂചികയുടെ മുന്നേറ്റത്തിനു പ്രധാന പങ്കു വഹിച്ചു. ഒരു വര്‍ഷകാലയളവില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത് ടാറ്റാ സ്റ്റീല്‍ ഓഹരിയാണ്. ടാറ്റാ മോട്ടേഴ്‌സ്, ഗെയില്‍, ഏഷ്യന്‍ പെയിന്റ്, പവര്‍ ഗ്രിഡ് തുടങ്ങിയവ പിന്നിട്ട ഒരു വര്‍ഷത്തില്‍ 30 മുതല്‍ 80 ശതമാനം വരെ മികവു കാണിച്ചു. അതേസമയം, ഈ കാലയളവില്‍ ഫാര്‍മസ്യൂട്ടിക്കല്‍, ടെക്‌നോളജി, ടെലികോം കമ്പനികള്‍ക്കു തിരിച്ചടി നേരിട്ടു.

വിനിമയവിപണിയില്‍ ഡോളറിനു മുന്നില്‍ രൂപ 69.79ലാണ്. രൂപയുടെ നീക്കങ്ങള്‍ ഈ വാരം സൂചികയില്‍ സ്വധീനം ചെലുത്താനിടയുണ്ട്. ബ്രിട്ടീഷ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തികമേഖലയ്ക്ക് ഊര്‍ജം പകരാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതായി വരുമെന്നു സൂചനകള്‍ പുറത്തുവിട്ടത് ഫോറെക്‌സ് മാര്‍ക്കറ്റില്‍ യുഎസ് ഡോളറിനെ സ്വാധീനിച്ചു.

ഡിസംബര്‍ യോഗത്തില്‍ യുഎസ് ഫെഡ് പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയില്‍ നേരത്തെ യൂറോയ്ക്കു മുന്നില്‍ ഏഴു മാസത്തിനിടയിലെയും യെന്നിന് മുന്നില്‍ മൂന്ന് മാസത്തിനിടയിലെയും മികച്ച റേഞ്ചില്‍ ഡോളര്‍ സഞ്ചരിച്ചിരുന്നു.

ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍വില ബാരലിന് 48 ഡോളറിലാണ്. സ്വര്‍ണം നാലാഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 1,285 ഡോളര്‍ വരെ കയറി. ഏഷ്യന്‍ ഓഹരിവിപണികള്‍ പലതും നേരിയ ചാഞ്ചാട്ടം കാഴ്ചവച്ചു. അതേ സമയം യൂറോപ്യന്‍ ഇന്‍ഡക്‌സുകള്‍ നഷ്ടത്തിലാണ്. അമേരിക്കയില്‍ ഡൗ ജോണ്‍സ്, നാസ്ഡാക്, എസ് ആന്‍ഡ് പി ഇന്‍ഡക്‌സുകള്‍ തളര്‍ച്ചയിലാണ്.

Related posts