അബുദാബി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും നിസ്തുല സംഭാവനകള്‍ നല്കിയ തൊഴില്സമൂഹത്തിനു ലോക തൊഴിലാളിദിനത്തിന്റെ ഭാഗമായി യുഎഇ ആദരം അര്‍പ്പിച്ചു. യുഎഇ സാംസ്കാരിക വിജ്ഞാന വകുപ്പ് മന്ത്രി ശൈഖ് നഹ്യന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ നേതൃത്വത്തിലായിരുന്നു അബുദാബി യാസ് ഐലന്‍ഡില്‍ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.
ഈ രാജ്യത്ത് നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ യുഎഇക്ക് ഈ രീതിയിലുള്ള വളര്‍ച്ച നേടാന്‍ സാധിക്കില്ലായിരുന്നെന്നും രാജ്യത്തിന്റെ പുരോഗതിയില്‍ മഹത്തായ സംഭാവനകള്‍ നല്കിയ നിങ്ങളെ നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും അവിഭാജ്യ ഘടകമായാണു കാണുന്നതെന്നും തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് പറഞ്ഞു.
യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ ലുബ്ന ബിന്ത് ഖാലിദ് അല്‍ ഖാസിമി, മനുഷ്യവിഭവശേഷി വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ്, അടിസ്ഥാന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ നുഐമി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ആരോഗ്യ ബോധവത്കരണ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയും ഒരുക്കിയിരുന്നു. തൊഴിലാളികളുടെ ക്ഷേമത്തിനും മറ്റും ഊന്നല്‍ നല്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രശസ്തിപത്രം ചടങ്ങില്‍ സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിക്ക് യുഎഇ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് പ്രശസ്തിപത്രം നല്കി.