കൊച്ചി: പൂര്‍ണമായും സാഹസിക യാത്രകള്‍ക്കു വേണ്ടി വികസിപ്പിച്ച റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനു കേരളത്തില്‍ ആവശ്യക്കാര്‍ ഏറിവരുന്നതായി റോയല്‍ എന്‍ഫീല്‍ഡ് സെയില്‍സ്, സര്‍വീസ്, സ്പെയര്‍പാട്സ് വിഭാഗം മേധാവി ഷാജി കോശി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ മൊത്തം ആവശ്യക്കാരില്‍ 12 ശതമാനവും കേരളത്തില്‍നിന്നാണ്. സംസ്ഥാനത്തെ ഈ വിഭാഗത്തിലുള്ള മോട്ടോര്‍ സൈക്കിളുകളുടെ 30 ശതമാനം വിപണിയും എന്‍ഫീല്‍ഡ് നേടിയതായും അദ്ദേഹം പറഞ്ഞു.
പുതിയ ലോംഗ്സ്ട്രോക്ക് എല്‍എസ് 410 എന്ജിന് ഇണങ്ങുന്ന രീതിയില്‍ നൂതനമായ കാംഷാഫ്റ്റ് പ്ലാറ്റ്ഫോം വാഹനത്തിനു വേറിട്ട രൂപഭംഗി നല്കുന്നു. ഗ്രാനൈറ്റിന്റേയും മഞ്ഞിന്റേയും നിറങ്ങളില്‍ ഇന്ത്യന്‍ വിപണിയിലുള്ള ഹിമാലയന്‍ ബ്രാന്‍ഡിന് 1,82,922 രൂപയാണ് കൊച്ചിയിലെ ഓണ്‍റോഡ് വില. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 21,212 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ച് 138 ശതമാനം വളര്‍ച്ചയാണ് റോയല്‍ എന്‍ഫീല്‍ഡ് കൈവരിച്ചത്.