എനിക്കവളെ ചങ്ങലയ്ക്കിടേണ്ടി വന്നു അല്ലെങ്കില്‍ അവര്‍ അവളെ കൊണ്ടുപോയേനേ; മകളെ രക്ഷിക്കാന്‍ അറ്റകൈ ചെയ്ത പിതാവിന്റെ ഹൃദയഭേദകമായ കുറിപ്പ് വൈറലാവുന്നു…

തെറ്റില്‍ നിന്നും അകറ്റി നിര്‍ത്തി ഓരോ കുട്ടിയേയും നന്മയുടെ പാതയിലൂടെ വളര്‍ത്തിയെടുക്കുവാന്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെയേറെയാണ്. ഇപ്പോഴിതാ, പ്രായത്തിന്‍റെ ചാപല്യത്തില്‍ ഒന്നുകണ്ണു തെറ്റിയാല്‍ തെറ്റന്റെ പിന്നാലെ പായുന്ന ഒരു കുട്ടിയെ ചങ്ങലയ്ക്ക് ഇടേണ്ടി വന്ന ഒരു പിതാവിന്‍റെ കഥ വൈറലായി മാറുകയാണ്. ബംഗ്ലാദേശ് സ്വദേശിയായ ഫോട്ടാഗ്രാഫര്‍ ജി.എ.ബി. ആകാശാണ് കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഭാര്യ മരിച്ച കമല്‍ ഹൊസിന്‍ എന്ന ചെരുപ്പുകുത്തിക്ക് സ്വന്തമെന്ന് പറയാന്‍ ആകയുള്ളത് പത്ത് വയസുകാരിയായ മകള്‍ സാന്‍റാ മാത്രമാണ്. ഈ കുട്ടിയെ പലപ്പോഴും കാണാതെ പോകാറുണ്ടായിരുന്നു. കുട്ടിയെ തേടിയിറങ്ങുന്ന കമല്‍ കണ്ടെത്തുന്നത് പലപ്പോഴും ലൈംഗിക തൊഴിലാളികളുടെയും ലഹരിക്ക് അടിമപ്പെട്ടവരുടെയും ഇടയ്ക്കാണ്. അമ്മയില്ലാതെ വളര്‍ന്ന സാന്റയെ നോക്കാന്‍ വേറെയാരുമില്ല. ഇതിനാല്‍, നിവൃത്തിയില്ലാതെ തന്‍റെ മകളെ ചങ്ങലയ്ക്കിടാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. കമലിന്റെ ദുരവസ്ഥ വിവരിച്ച് ആകാശ് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. പോസ്റ്റ് വൈകാതെ തന്നെ വൈറലായി മാറി.

ആകാശിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കഴിഞ്ഞ പത്ത് ദിവസങ്ങളായി പത്ത് വയസുകാരിയായ എന്‍റെ മകള്‍ സാന്‍റയെ ഞാന്‍ ഇരുമ്പ് ചങ്ങലയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. സാന്‍റാ ഇനിയും വീട്ടില്‍ നിന്നും ഇറങ്ങി പോകാതിരിക്കാനാണ് ഞാന്‍ അങ്ങനെ ചെയ്തത്. അവളെ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് എനിക്ക്. കഴിഞ്ഞ പ്രാവശ്യം അവള്‍ ഇറങ്ങിപ്പോയതിനു ശേഷം എട്ടു രാത്രികള്‍ക്കു ശേഷമാണ് ഞാന്‍ കണ്ടെത്തിയത്. രാവും പകലും അവള്‍ക്കായി ഞാന്‍ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. മാര്‍ക്കറ്റ്, പാര്‍ക്കുകള്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിങ്ങനെ എല്ലായിടത്തും അവളെ ഞാന്‍ തിരഞ്ഞു. പക്ഷെ അവിടെയെങ്ങും അവള്‍ ഇല്ലായിരുന്നു.

അങ്ങനെ പത്ത് ദിവസത്തെ തിരച്ചിലിനു ശേഷം ലഹരിക്ക് അടിമപ്പെട്ടവരും ലൈംഗിക തൊഴിലാളികളും വിഹരിക്കുന്ന ഒരു പാലത്തിനു അടിയില്‍ നിന്നുമാണ് അവളെ ഞാന്‍ കണ്ടെത്തിയത്. ഞാന്‍ കാണുമ്പോള്‍ ചെരിപ്പുകള്‍ നന്നാക്കാന്‍ ഞാനുപയോഗിക്കുന്ന പശ അവള്‍ ലഹരിക്കായി മണത്തുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ എട്ടു മാസത്തിനിടയ്ക്ക് നിരവധി പ്രാവശ്യം സാന്റയെ കാണാതായി. എനിക്ക് മരിക്കുന്നതു പോലെയാണ് പലപ്പോഴും തോന്നാറ്. അവളുടെ കാലിലെ ചങ്ങല അഴിച്ചാല്‍ അവള്‍ എങ്ങോട്ടെങ്കിലും പോകും. ചെരിപ്പുകുത്തിയായ എന്റെ ഒരു മാസത്തെ വരുമാനം 5000 തക്കാ( 3,900) രൂപയാണ്. ഈ തുക കൊണ്ടാണ് ചേരിയിലെ വീട്ടില്‍ ഞങ്ങള്‍ താമസിക്കുന്നത്. നല്ല ഒരു ആശുപത്രിയിലോ ഡോക്ടറുടെയോ അടുത്ത് അവളെ കാണിക്കുന്നതിനുള്ള സാമ്പത്തിക ഭദ്രത എനിക്കില്ല.

സാന്‍റയ്ക്ക് ഏഴു വയസുള്ളപ്പോഴാണ് അവളുടെ അമ്മ മരിക്കുന്നത്. എന്‍റെ കുട്ടിയെ നന്നായി നോക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല. ലഹരിക്ക് അടിമയായ തെരുവിലെ മറ്റ് കുട്ടികളുമായാണ് സാന്‍റയുടെ ചങ്ങാത്തം. അവളുടെ കാലില്‍ ചങ്ങല ഇടുന്‌പോള്‍ മരിക്കുന്നതു പോലെയാണ് എനിക്ക് തോനുന്നത്. നേര്‍വഴി കാട്ടികൊടുക്കാന്‍ ഒരു അമ്മ പോലുമില്ലാത്ത കുട്ടിയെ എന്നെ പോലെ ദരിദ്രനായ ഒരു പിതാവിന് ഇതല്ലാതെ വേറെ എന്താണ് ചെയ്യാന്‍ കഴിയുക.

Related posts