റെഡ്മണ്ട്(വാഷിംഗ്ടണ്‍): പ്രഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ലിങ്ക്ഡ്ഇന്‍ ഇനി മൈക്രോസോഫ്റ്റിനു സ്വന്തം. 2,620 കോടി ഡോളറി(1,75,540 കോടി രൂപ)ന്റെ ഇടപാടാണ് നടന്നതെന്ന് ഇരുകമ്പനികളും പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ മാത്രമല്ല ടെക്‌നോളജി മേഖലയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിത്. മൈക്രോസോഫ്റ്റ് ഏറ്റെടുത്തെങ്കിലും ജെഫ് വെയ്‌നര്‍ ലിങ്ക്ഡ്ഇന്‍ മേധാവിയായും സഹ സ്ഥാപകന്‍ റീഡ് ഹോഫ്മാന്‍ ചെയര്‍മാനുമായി തുടരും. ലോകത്തിലെ പ്രഫഷണല്‍സിനെ ബന്ധിപ്പിക്കുന്നതിലൂടെ ലിങ്ക്ഡ്ഇന്‍ വലിയ ബിസിനസ് ശൃംഖലയായി വളര്‍ന്നുവെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നഡെല്ല പറഞ്ഞു. ഇനി ലിങ്ക്ഡ്ഇനിന്റെ വളര്‍ച്ച മൈക്രോസോഫ്റ്റിന്റെകൂടി ഉത്തരവാദിത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ഓഹരിവിലയുടെ 49.5 ശതമാനം കൂടുല്‍ നല്കി ഷെയറൊന്നിന് 196 ഡോളറിനാണു ലിങ്ക്ഡ് ഇനിനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കുന്നത്.മൈക്രോസോഫ്റ്റ് ഏറ്റെടുത്തെങ്കിലും സ്വതന്ത്രമായിത്തന്നെയാകും ലിങ്ക്ഡ്ഇന്‍ പ്രവര്‍ത്തിക്കുക. ലിങ്ക്ഡ്ഇനിന്റെയും മൈക്രോസോഫ്റ്റിന്റെയും ബോര്‍ഡുകള്‍ കരാര്‍ അംഗീകരിച്ച ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ഈ വര്‍ഷം അവസാനത്തോടെ ഇടപാട് തീര്‍ക്കാനാണു തീരുമാനം.
ലോകത്തിലെ ഏറ്റവും വലതും മൂല്യമേറിയതുമായ പ്രഫഷണല്‍ നെറ്റ്‌വര്‍ക്കാണ് ലിങ്ക്ഡ്ഇന്‍. കഴിഞ്ഞ വര്‍ഷം കമ്പനി പുറത്തിറക്കിയ മൊബൈല്‍ ആപ് കൂടുതല്‍ ഉപയോക്താക്കളെ നെറ്റ്‌വര്‍ക്കിലേക്ക് ആകര്‍ഷിച്ചു. ന്യൂസ്ഫീഡ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമായ ലിന്‍ഡ ഡോട്ട് കോമിനെ ഏറ്റെടുത്തതും ലിങ്ക്ഡ് ഇനിന്റെ കുതിപ്പിനു ശക്തിയേകി.
ലിങ്ക്ഡ് ഇനിന്റെ പുനരവതരണ ദിവസമായിരുന്നു ഇത്. സംയുക്തമായുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങളുടെയും വരിക്കാരുടെയും സഹകരണം ഇനിയും തങ്ങള്‍ക്ക് ആവശ്യമാണെന്ന് ലിങ്ക്ഡ്ഇന്‍ ചെയര്‍മാന്‍ ഹോഫ്മാന്‍ പറഞ്ഞു.
ഏറ്റവും പുതിയ കണക്കനുസരിച്ച് ലിങ്ക്ഡ്ഇനിന്റെ ചില നേട്ടങ്ങള്‍
* ലോകത്താകെ 43.30 കോടി അംഗങ്ങള്‍
(19 ശതമാനം വളര്‍ച്ച).
* പ്രതിമാസം 10.5 കോടി സ്ഥിരം സന്ദര്‍ശകര്‍
(തലേ വര്‍ഷത്തേക്കാളും ഒമ്പത് ശതമാനം വളര്‍ച്ച).
* 60 ശതമാനം മൊബൈല്‍ വരിക്കാര്‍
(കഴിഞ്ഞ വര്‍ഷം ഇത് 49 ശതമാനം).
* ത്രൈമാസം 45 കോടിയിലധികം പേര്‍ പേജ് സന്ദര്‍ശിക്കുന്നു.
8 70 ലക്ഷം തൊഴില്‍ പട്ടികകള്‍ (101 ശതമാനം വളര്‍ച്ച).
Linked in
ലോകത്താകെയുള്ള പ്രഫഷണലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോം. പുതിയ ജീവനക്കാരെ നിയമിക്കാനും ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനും വലിയ സഹായമാണ് ലിങ്ക്ഡ് ഇന്‍ ഒരുക്കുന്നത്. ലോകത്താകെ 45 കോടി വരിക്കാര്‍.
Microsoft
ഏറ്റവും വലിയ ടെക് കമ്പനി. മൊബൈല്‍ കേന്ദ്രീകൃതലോകത്ത് കംപ്യൂട്ടറുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും ഏറ്റവും വലിയ നിര്‍മാതാവ്. ഒരോ വ്യക്തിയെയും കമ്പനിയെയും ഇനിയും കൂടുതല്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നത് പ്രവര്‍ത്തനലക്ഷ്യം.