വിമാനത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ബുള്ളറ്റ്

fb-bulletന്യൂഡല്‍ഹി: മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ ആറു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഇതിന്റെ യാത്രാനിരക്ക് വിമാനയാത്രയേക്കാളും കുറവായിരിക്കുമെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുംബൈയില്‍നിന്ന് അഹമ്മദാഹാദിലേക്കുള്ള 508 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ബുള്ളറ്റ് ട്രെയിനിനു രണ്ടു മണിക്കൂര്‍ മതി. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 350 കിലോമീറ്ററാണെങ്കിലും 320 കിലോമീറ്റര്‍ വേഗം ഇവിടെ ഉപയോഗിക്കാനാകും. ഇപ്പോള്‍ ഈ രണ്ടു ഫിനാന്‍ഷല്‍ സിറ്റികളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് തുരന്തോ എക്‌സ്പ്രസാണ്. ഏഴു മണിക്കൂര്‍കൊണ്ടാണ് തുരന്തോ ഈ പാതയിലോ ഓട്ടം പൂര്‍ത്തിയാക്കുന്നത്.

പാതയ്ക്ക് 97,636 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 81 ശതമാനവും ജപ്പാനില്‍നിന്ന് വായ്പയായി ലഭിക്കുന്നതാണ്. 0.1 ശതമാനം വാര്‍ഷിക പലിശയില്‍ 50 വര്‍ഷമാണ് വായ്പാ കാലാവധി. സിഗ്നലിംഗ്, പവര്‍ സിസ്റ്റം തുടങ്ങിയവയെല്ലാം വായ്പാ കരാറിന്മേല്‍ ജപ്പാനില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്നും സുരേഷ് പ്രഭു പറഞ്ഞു.

Related posts