വിലയേറിയ ബ്രാന്‍ഡുകള്‍ ആപ്പിളും ഗൂഗിളും

bis-gogleന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും വിലയേറിയ ബ്രാന്‍ഡുകളെന്ന ബഹുമതി ആപ്പിളും ഗൂഗിളും നിലനിര്‍ത്തി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സിലിക്കണ്‍വാലി ആസ്ഥാനമായുള്ള ആപ്പിളിന്റെയും ഗൂഗിളിന്റെയും നേട്ടം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഇന്റര്‍ബ്രാന്‍ഡ് ബെസ്റ്റ് ഗ്ലോബല്‍ ബ്രാന്‍ഡ്‌സ് റിപ്പോര്‍ട്ടിലാണ് വിലയേറിയ 100 ബ്രാന്‍ഡുകളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്.

റിപ്പോര്‍ട്ടനുസരിച്ച് 17,810 കോടി ഡോളറാണ് ആപ്പിളിന്റെ വില. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം അധികമാണിത്. ഗൂഗിളിനാവട്ടെ 13,230 കോടി ഡോളറിന്റെ വിലയാണുള്ളത്. തലേ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ച.പാനീയ ബ്രാന്‍ഡായ കൊക്ക കോളയാണ് മൂന്നാം സ്ഥാനത്ത്. ബ്രാന്‍ഡ് വില 7,310 കോടി ഡോളര്‍. തലേ വര്‍ഷത്തേക്കാളും ഏഴു ശതമാനം കുറവാണിത്. ആദ്യ പത്തില്‍ മൈക്രോസോഫ്റ്റ്, ടൊയോട്ട, ഐബിഎം, സാംസംഗ്, ആമസോണ്‍, മെഴ്‌സിഡസ് ബെന്‍സ്, ജിഇ എന്നിവ ഇടംപിടിച്ചു.

പ്രമുഖ കമ്പനികളുടെയെല്ലാം വിലയില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 48 ശതമാനം വര്‍ധനയാണ് ഫേസ്ബുക്കിനുണ്ടായത്. ആമസോണ്‍ (33 ശതമാനം), ലീഗോ (25 ശതമാനം), നിസാന്‍ (22 ശതമാനം), ആഡോബി (21 ശതമാനം) എന്നിവയും മികച്ച മുന്നേറ്റം കാഴ്ചവച്ചു.ഓട്ടോമോട്ടീവ് ബ്രാന്‍ഡ് ആയ ടെസ്ല 88–ാമതും ആഡംബര ബ്രാന്‍ഡ് ആയ ഡിയോര്‍ നൂറാം സ്ഥാനത്തുമാണ്. 100 ബ്രാന്‍ഡുകളുടെ മൊത്തം വില 1,79,630 കോടി ഡോളര്‍ വരും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.8 ശതമാനം അധികമാണിത്.

Related posts