നികുതിലോകം / ബേബി ജോസഫ്(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)
സേവനനികുതി ജൂണ്‍ ഒന്നു മുതല്‍ 15 ശതമാനം
2016 ജൂണ്‍ ഒന്നു മുതല്‍ സേവനനികുതിയുടെ നിരക്ക് എല്ലാ സേവനങ്ങള്‍ക്കും 15 ശതമാനമാക്കി വര്‍ധിപ്പിച്ചു. കൃഷി കല്യാണ്‍ സെസ് എന്ന പേരില്‍ അര ശതമാനം സെസാണ് ജൂണ്‍ ഒന്നു മുതല്‍ സേവനനികുതിയുടെ കൂടെ ഈടാക്കുന്നത്. നിലവില്‍ സേവനനികുതി 14 ശതമാനവും സ്വച്ഛ് ഭാരത് സെസ് അര ശതമാനവും കൃഷി കല്യാണ്‍ സെസ് അര ശതമാനവും കൂട്ടി ആകെ 15 ശതമാനം നിരക്കിലാണ് സേവനനികുതിയും സെസും കൂടി ഉപഭോക്താക്കളുടെ പക്കല്‍നിന്ന് ഈടാക്കുന്നത്. കൃഷി കല്യാണ്‍ സെസ് എന്ന പേരില്‍ ഈടാക്കുന്ന ഈ ലെവി കൃഷിയുടെയും കൃഷിക്കാരുടെയും അഭിവൃദ്ധിക്കായി ഉപയോഗിക്കുന്നതാണ്.
മുന്‍കൂര്‍ ആദായനികുതി
ഈ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ നികുതിദായകരും മുന്‍കൂര്‍ ആദായനികുതി നാലു തവണകളായി അടയ്ക്കണം. ആദ്യ ഗഡുവായി, മൊത്തം വരുന്ന നികുതിയുടെ 15 ശതമാനം വരുന്ന തുക ജൂണ്‍ 15നു മുമ്പായി അടയ്ക്കണം. മറ്റുതവണകള്‍ യഥാക്രമം 2016 സെപ്റ്റംബര്‍ 15, 2016 ഡിസംബര്‍ 15, 2017 മാര്‍ച്ച് 17 എന്നീ തീയതികള്‍ക്കു മുമ്പായിട്ടാണ് അടയ്‌ക്കേണ്ടത്. എന്നാല്‍, വിറ്റുവരവിന്റെ എട്ടു ശതമാനം വരുന്ന തുക അനുമാനനികുതി ആയി അടയ്ക്കുന്ന നികുതിദായകര്‍ 2017 മാര്‍ച്ച് 15നു മുമ്പായി മുഴുവന്‍ നികുതിയും ഒറ്റത്തവണയായി അടച്ചാല്‍ മതിയാവുന്നതാണ്.
വാഹനവ്യാപാരത്തിനും സ്രോതസില്‍ നികുതി
10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിന്റെ പക്കല്‍നിന്നു വാഹനവിലയുടെ ഒരു ശതമാനം വരുന്ന തുക ടിസിഎസ് ആയി അടയ്‌ക്കേണ്ടതുണ്ട്. വാഹനവില പണമായോ ചെക്കായോ നല്കിയാലും പ്രസ്തുത നികുതിക്കു മാറ്റമില്ല.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ അഞ്ചു ലക്ഷം വരെ നികുതിയില്ല
രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ പണം നല്കി വാങ്ങിയാല്‍ ഒരു ശതമാനം നികുതി (ടിസിഎസ്) സ്രോതസില്‍ നല്കണമായിരുന്നു. ഇതിന്റെ പരിധി അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
വാടകയ്ക്കു സ്രോതസില്‍നിന്നുള്ള നികുതി ഒഴിവിന് ഫോം 15 ജി/എച്ച്
നിലവില്‍ വാര്‍ഷിക വാടക 1,80,000 രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ സ്രോതസില്‍ നിര്‍ദ്ദിഷ്ട നിരക്കില്‍ നികുതി പിടിക്കണമായിരുന്നു. പുതിയ ബജറ്റ് പ്രകാരം വാടക ലഭിക്കുന്ന വ്യക്തിക്ക് നികുതിദായകമായ വരുമാനം ഇല്ലെങ്കില്‍ സ്രോതസില്‍ നികുതി പിടിക്കേണ്ട ആവശ്യമില്ല. പകരം നിര്‍ദ്ദിഷ്ട ഫോമില്‍ (ഫോം 15 ജി/എച്ച്) വാടക ലഭിക്കുന്ന വ്യക്തി ഒരു ഡിക്ലറേഷന്‍ സമര്‍പ്പിച്ചാല്‍ മതി. ഇത് 2016 ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
പാന്‍കാര്‍ഡ് ഇല്ലെങ്കിലും കൂടിയ നിരക്കില്‍ സ്രോതസില്‍ നികുതി ഇല്ല
പാന്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക് നല്കുന്ന പേമെന്റുകളില്‍നിന്ന് ഉയര്‍ന്നനിരക്കില്‍ സ്രോതസില്‍ നികുതി ഈടാക്കിയിരുന്നതു നിര്‍ത്തലാക്കും. പാന്‍കാര്‍ഡിനു പകരം സ്വീകാര്യമായ വേറെ എന്തെങ്കിലും തെളിവു നല്കിയാല്‍ മതി. ഇത് ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വന്നു.