കൊച്ചി: സ്മാര്‍ട്‌സിറ്റി കൊച്ചിയില്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍ ഇന്ത്യയില്‍ത്തന്നെ ആദ്യത്തേത്. 4.37 ഏക്കറില്‍ 7.61 ലക്ഷം ചതുരശ്ര അടിയില്‍ വിഭാവനം ചെയ്യുന്ന നിര്‍ദിഷ്ട എനര്‍ജി ക്ലസ്റ്റര്‍ ഊര്‍ജ മേഖലയിലെ വന്‍കിട രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കുന്നതോടൊപ്പം 10,000 പ്രഫഷണലുകള്‍ക്ക് ഉന്നത തൊഴിലവസരങ്ങളും ലഭ്യമാക്കുമെന്ന് സ്മാര്‍ട്‌സിറ്റി വക്താവ് പറഞ്ഞു.
താഴ്ന്ന ചെലവില്‍ തലമുറകളോളം ഊര്‍ജോത്പാദനം നടത്തുന്നതിനു സഹായകമായ നൂതനാശയങ്ങളും സംരംഭങ്ങളും വികസിപ്പിക്കുകയെന്നതായിരിക്കും ക്ലസ്റ്ററിന്റെ പ്രധാന ലക്ഷ്യം. എണ്ണ-വാതക കമ്പനികളും പാരമ്പ ര്യേതര ഊര്‍ജ സ്ഥാപനങ്ങളും ഓയില്‍ ഫീല്‍ഡ് സര്‍വീസ് കമ്പനികളും സാങ്കേതികവിദ്യാ ദാതാക്കളുമായിരിക്കും ക്ലസ്റ്ററിലെത്തുന്ന ആഗോള സംരംഭങ്ങള്‍.
അമേരിക്കയില്‍ ടെക്‌സസിലുള്ള ടെക്‌നോളജി കമ്പനിയും ഇന്ത്യയിലെ പ്രമുഖ ബില്‍ഡറും തമ്മിലുള്ള സംയുക്ത സംരംഭമായ കെന്‍സെല്‍ ഇന്‍ഫ്രാടെക് നടപ്പാക്കുന്ന ഈ ക്ലസ്റ്റര്‍ താഴ്ന്ന ചെലവില്‍ തലമുറകളോളം ഊര്‍ജോത്പാദനം സാധ്യമാക്കുന്ന സംരംഭങ്ങള്‍ക്കാവശ്യമായ നൂതന അടിസ്ഥാനസൗകര്യമൊരുക്കുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. ഊര്‍ജ വ്യവസായ മേഖലയ്ക്ക് ക്ലീന്‍ എനര്‍ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്ന വ്യവസായങ്ങളും സാങ്കേതിക പരിശീലനകേന്ദ്രങ്ങളും ക്ലസ്റ്ററിലുണ്ടാകും.
ഡിജിറ്റല്‍ ടെക്‌നോളജി ലാബുകള്‍, ടെസ്റ്റിംഗ് സെന്ററുകള്‍, സാങ്കേതികവിദ്യകളും സേവനങ്ങള്‍ ലഭ്യമാക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍, ക്ലൗഡ് പോലുള്ള വിദൂര പ്രവര്‍ത്തന സഹായം ലഭ്യമാക്കുന്ന സംവിധാനങ്ങള്‍, അടിസ്ഥാനസൗകര്യ സേവനങ്ങള്‍, എന്‍ജിനിയറിംഗ് സേവനങ്ങള്‍, വിതരണശൃംഖലകളുടെ കൈകാര്യം തുടങ്ങിയ സേവനങ്ങളും ക്ലസ്റ്റര്‍ നല്‍കും.
ആഗോള ഊര്‍ജ ഭീമന്‍മാര്‍ക്കായി റിയല്‍ടൈം ഓപ്പറേഷന്‍ സപ്പോര്‍ട്ട് സെന്ററുകളും ഇതിലുള്‍പ്പെടും. റിന്യൂവബിള്‍ എനര്‍ജി, ഐടി ഉള്‍പ്പെടെയുള്ള ഊര്‍ജമേഖലയിലെ ആഗോള പ്രമുഖരുടെ സംയുക്ത ശക്തിയും അനുഭവസമ്പത്തും കേരളത്തിലെ പരിശീലനയോഗ്യരായ തൊഴില്‍സമ്പത്തും ഒത്തുചേരുന്നത് ആഗോള എനര്‍ജി കമ്പനികള്‍ക്ക് കേരളത്തിന്റെ വാതിലുകള്‍ തുറന്നിടുമെന്നും അത് നൂതനവും കേരളത്തിന് അനുയോജ്യമായതുമായ സവിശേഷ വികസനത്തിന്റെ പുതിയ തരംഗം സൃഷ്ടിക്കുമെന്നും സ്മാര്‍ട്‌സിറ്റി കൊച്ചി ഇടക്കാല സിഇഒ ഡോ. ബാജു ജോര്‍ജ് പറഞ്ഞു.